ടെസ്റ്റില്‍ ഇനിയില്ല കോഹ്ലിയ്ക്കാലം, കാലം എത്ര ക്രൂരമായാണ് പെരുമാറുന്നത്
ഇന്ത്യന്‍ ക്രിക്കറ്റിലെ ഇതിഹാസ താരമായ വിരാട് കോഹ്ലി ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് അപ്രതീക്ഷിതമായി വിരമിച്ചു. ദിവസങ്ങളായുള്ള അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ടുകൊണ്ട് കോഹ്ലി തന്നെയാണ് തന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലൂടെ വിരമിക്കല്‍ പ്രഖ്യാപിച്ചത്.
ഇന്ത്യന്‍ ടെസ്റ്റ് ടീം ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ കഴിഞ്ഞയാഴ്ച ഈ ഫോര്‍മാറ്റില്‍ നിന്ന് വിരമിച്ചതിന് പിന്നാലെയാണ് കോഹ്ലിയുടെ ഈ തീരുമാനം പുറത്തുവരുന്നത്. കോഹ്ലിയെ തീരുമാനം മാറ്റാന്‍ ബിസിസിഐ ശ്രമം നടത്തിയിരുന്നുവെങ്കിലും അത് വിജയിച്ചില്ല എന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
തന്റെ വിടവാങ്ങല്‍ പോസ്റ്റില്‍, 14 വര്‍ഷം മുമ്പ് താന്‍ ആദ്യമായി ഇന്ത്യന്‍ ടെസ്റ്റ് ടീമിന്റെ ജേഴ്‌സി അണിഞ്ഞ നിമിഷം കോഹ്ലി ഓര്‍ത്തെടുത്തു.
'ടെസ്റ്റ് ക്രിക്കറ്റ് എന്നെ ഇത്രയധികം ദൂരം കൊണ്ടുപോകുമെന്ന് സത്യം പറഞ്ഞാല്‍ ഞാന്‍ ഒരിക്കലും കരുതിയിരുന്നില്ല. ഈ ഫോര്‍മാറ്റ് എന്നെ പരീക്ഷിച്ചു, രൂപപ്പെടുത്തി, ജീവിതത്തില്‍ ഒരിക്കലും മറക്കാനാവാത്ത പാഠങ്ങള്‍ പഠിപ്പിച്ചു. വെള്ള വസ്ത്രങ്ങള്‍ അണിഞ്ഞ് കളിക്കുന്നതില്‍ ഒരു പ്രത്യേക വ്യക്തിപരമായ അനുഭൂതിയുണ്ട്. ആരും കാണാത്ത എന്നാല്‍ എന്നെന്നേക്കുമായി നമ്മളോടൊപ്പം നില്‍ക്കുന്ന നിശ്ശബ്ദമായ പോരാട്ടവും നീണ്ട ദിവസങ്ങളും ചെറിയ സന്തോഷങ്ങളുമുണ്ട്' അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
ഈ ഫോര്‍മാറ്റില്‍ നിന്ന് പിന്മാറുന്നത് എളുപ്പമുള്ള കാര്യമല്ലെന്നും എന്നാല്‍ ഇത് തനിക്ക് 'ശരി' എന്ന് തോന്നുന്നുവെന്നും കോഹ്ലി പറഞ്ഞു.
'ഞാന്‍ ഈ ഫോര്‍മാറ്റില്‍ നിന്ന് പടിയിറങ്ങുമ്പോള്‍, അത് എളുപ്പമുള്ള കാര്യമല്ല - പക്ഷേ എനിക്ക് ഇത് ശരിയാണെന്ന് തോന്നുന്നു. എനിക്ക് കഴിയുന്നതെല്ലാം ഞാന്‍ നല്‍കി, അതിന് പകരമായി ഞാന്‍ പ്രതീക്ഷിച്ചതിലും അധികം എനിക്ക് ലഭിച്ചു. ഈ കളിക്ക് വേണ്ടിയും, മൈതാനം പങ്കിട്ടവര്‍ക്ക് വേണ്ടിയും, എന്നെ ശ്രദ്ധിച്ച ഓരോരുത്തര്‍ക്കും വേണ്ടിയും നിറഞ്ഞ ഹൃദയത്തോടെ ഞാന്‍ വിടവാങ്ങുന്നു.'
'എന്റെ ടെസ്റ്റ് കരിയറിനെ ഞാന്‍ എപ്പോഴും ഒരു പുഞ്ചിരിയോടെ ഓര്‍ക്കും. ്269, വിട,' അദ്ദേഹം ഉപസംഹരിച്ചു.
123 ടെസ്റ്റുകളില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച കോഹ്ലി 46.85 ശരാശരിയില്‍ 30 സെഞ്ചുറികളും 31 അര്‍ധസെഞ്ചുറികളും ഉള്‍പ്പെടെ 9,230 റണ്‍സ് നേടിയിട്ടുണ്ട്. 254 റണ്‍സാണ് അദ്ദേഹത്തിന്റെ ഉയര്‍ന്ന സ്‌കോര്‍. നാട്ടിലായാലും വിദേശത്തായാലും ബാറ്റ് കൊണ്ട് കോഹ്ലി ആധിപത്യം സ്ഥാപിച്ചു. എന്നിരുന്നാലും, ടെസ്റ്റില്‍ 10,000 റണ്‍സ് എന്ന നാഴികക്കല്ല് പിന്നിടാന്‍ കഴിയാത്തതില്‍ അദ്ദേഹത്തിന് ഒരു ദുഃഖമുണ്ടാകാന്‍ സാധ്യതയുണ്ട്.
രോഹിത് ശര്‍മ്മയ്ക്കും, രവിചന്ദ്രന്‍ അശ്വിനും പിന്നാലെ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്ന മൂന്നാമത്തെ മുതിര്‍ന്ന താരമാണ് വിരാട് കോഹ്ലി. മുതിര്‍ന്ന പേസര്‍ മുഹമ്മദ് ഷമിയുടെ ടെസ്റ്റ് ടീമിലെ ഭാവിയെക്കുറിച്ചും ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. കോഹ്ലിയുടെ വിരമിക്കല്‍ ഇന്ത്യന്‍ ടെസ്റ്റ് ക്രിക്കറ്റില്‍ ഒരു വലിയ ശൂന്യത സൃഷ്ടിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. ഒരു തലമുറയുടെ ഹരമായി മാറിയ ഈ ഇതിഹാസ താരത്തിന്റെ അഭാവം ടീമിന് നികത്താന്‍ കഴിയുമോ എന്ന് കാത്തിരുന്ന് കാണേണ്ടിയിരിക്കുന്നു.