ജയത്തിനായി 'പൂഴിക്കടകനും' പ്രയോഗിച്ച് കോഹ്ലി, എന്നിട്ടും ഏറ്റില്ല
ന്യൂസിലന്‍ഡിനെതിരായ ആദ്യ ടെസ്റ്റിന്റെ അഞ്ചാം ദിവസം ബംഗളൂരുവിലെ ആരാധകരോട് ടീമിനെ പ്രോത്സാഹിപ്പിക്കാന്‍ ആവശ്യപ്പെട്ട് ഇന്ത്യന്‍ സൂപ്പര്‍ താരം വിരാട് കോഹ്ലി. 107 റണ്‍സ് ലക്ഷ്യമിട്ട ന്യൂസിലന്‍ഡിനെ തോല്‍പ്പിക്കാന്‍ ഇന്ത്യക്ക് 10 വിക്കറ്റുകള്‍ വേണമായിരുന്നു. മത്സരത്തിന്റെ തുടക്കത്തില്‍ തന്നെ ജസ്പ്രീത് ബുംറ ടോം ലാതത്തെ പൂജ്യനാക്കി പുറത്താക്കിയതോടെ ഇന്ത്യക്ക് വിജയപ്രതീക്ഷ ലഭിച്ചു.
ഇതോടെ, ഇന്ത്യയെ പ്രോത്സാഹിപ്പിക്കാന്‍ കോഹ്ലി ആവശ്യപ്പെടുകായായിരുന്നു. ബുംറ പന്ത് എറിയാന്‍ ഓടിയെത്തുമ്പോഴായിരുന്നു കോഹ്ലിയുടെ ആഹ്വാനം. ആ കാഴ്ച്ച കാണാം
അതെസമയം മൂന്നാം ദിവസം ടെസ്റ്റ് ക്രിക്കറ്റില്‍ 9000 റണ്‍സ് പൂര്‍ത്തിയാക്കി കോഹ്ലി ഒരു എലൈറ്റ് ഗ്രൂപ്പില്‍ ഇടം നേടി. രണ്ടാം ഇന്നിംഗ്സില്‍ മൂന്നാം നമ്പറില്‍ ബാറ്റ് ചെയ്ത കോഹ്ലി, ആദ്യ ഇന്നിംഗ്സിലെ പൂജ്യം മറികടന്ന് മികച്ച പ്രകടനം കാഴ്ചവെച്ചു. 2016 ന് ശേഷം ആദ്യമായാണ് കോഹ്ലി മൂന്നാം നമ്പറില്‍ ബാറ്റ് ചെയ്യുന്നത്.
രണ്ടാം ഇന്നിംഗ്സില്‍ സര്‍ഫറാസ് ഖാനൊപ്പം 136 റണ്‍സിന്റെ നിര്‍ണായക കൂട്ടുകെട്ട് കോഹ്ലി സ്ഥാപിച്ചു. 70 പന്തില്‍ നിന്ന് അഞ്ച് ബൗണ്ടറികളും അജാസ് പട്ടേലിനെതിരെ ഒരു മികച്ച സിക്സറും ഉള്‍പ്പെടെ അര്‍ദ്ധ സെഞ്ച്വറി കോഹ്ലി പൂര്‍ത്തിയാക്കി.
ടെസ്റ്റ് ക്രിക്കറ്റില്‍ 9000 റണ്‍സ് നേടുന്ന 18-ാമത്തെ കളിക്കാരനാണ് കോഹ്ലി. സജീവമായ കളിക്കാരില്‍ ജോ റൂട്ട്, സ്റ്റീവ് സ്മിത്ത് എന്നിവര്‍ക്കൊപ്പം ഈ എക്സ്‌ക്ലൂസീവ് ക്ലബ്ബില്‍ ഇടം നേടുന്ന മൂന്നാമത്തെ കളിക്കാരനാണ് കോഹ്ലി. സച്ചിന്‍ ടെണ്ടുല്‍ക്കര്‍, രാഹുല്‍ ദ്രാവിഡ്, സുനില്‍ ഗാവസ്‌കര്‍ എന്നിവര്‍ക്ക് ശേഷം ഈ നേട്ടം കൈവരിക്കുന്ന നാലാമത്തെ ഇന്ത്യന്‍ കളിക്കാരനുമാണ് അദ്ദേഹം.