എന്റെ ഹൃദയമിടിപ്പ് പരിശോധിക്കാമോ, സഞ്ജുവിനോട് കോഹ്ലി, കളിക്കളത്തിലെ അപൂര്‍വ്വ സൗഹൃദ നിമിഷം!
ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരം ബംഗളൂരു റോയല്‍ ചലഞ്ചേഴ്‌സ് അനായാസ വിജയമാണ് സ്വന്തമാക്കിയത്. മത്സരത്തില്‍ ഹൃദയസ്പര്‍ശിയായ ഒരു നിമിഷത്തിനും ക്രിക്കറ്റ് ലോകം സാക്ഷിയായി. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ സൂപ്പര്‍ താരം വിരാട് കോഹ്ലിയ്ക്ക് മത്സരത്തിനിടെ അസ്വസ്ഥത അനുഭവപ്പെട്ടതാണ് സംഭവം.
ഇതോടെ രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ സഞ്ജു സാംസണിനോട് തന്റെ ഹൃദയമിടിപ്പ് പരിശോധിക്കാന്‍ കോഹ്ലി ആവശ്യപ്പെടുകയായിരുന്നു. ജയ്പുരിലെ സവായ് മാന്‍സിംഗ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ വാനിന്ദു ഹസരംഗയുടെ പന്തിനെ സിക്‌സറിന് പറത്തി കോഹ്ലി അര്‍ധസെഞ്ചറി പൂര്‍ത്തിയാക്കിയതിന് പിന്നാലെയായിരുന്നു ഈ സംഭവം.
അര്‍ധസെഞ്ചറി നേടിയ സന്തോഷത്തില്‍ കോഹ്ലി അടുത്ത പന്തില്‍ ഡബിള്‍ ഓടിയെടുത്തു. ഇതിനു തൊട്ടുപിന്നാലെ വിക്കറ്റിന് പിന്നിലുണ്ടായിരുന്ന സഞ്ജുവിനോട് കോഹ്ലി ഹൃദയമിടിപ്പ് പരിശോധിക്കാമോ എന്ന് ചോദിച്ചു. ഒട്ടും വൈകാതെ സഞ്ജു തന്റെ ഗ്ലൗസ് അഴിച്ചുമാറ്റി കോഹ്ലിയുടെ ഹൃദയമിടിപ്പ് പരിശോധിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി.
ആര്‍സിബിയുടെ തകര്‍പ്പന്‍ വിജയം
മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ റോയല്‍സ് നിശ്ചിത 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 173 റണ്‍സാണ് നേടിയത്. എന്നാല്‍ മറുപടി ബാറ്റിംഗിനിറങ്ങിയ ആര്‍സിബി ഓപ്പണര്‍മാരായ ഫില്‍ സോള്‍ട്ടും വിരാട് കോലിയും തകര്‍പ്പന്‍ അര്‍ധസെഞ്ചറികളുമായി കളം നിറഞ്ഞതോടെ അനായാസ വിജയം സ്വന്തമാക്കി. 15 പന്തും ഒന്‍പത് വിക്കറ്റും ബാക്കി നിര്‍ത്തിയാണ് ആര്‍സിബി വിജയക്കൊടി പാറിച്ചത്. സോള്‍ട്ട് 65 റണ്‍സെടുത്ത് പുറത്തായപ്പോള്‍ കോഹ്ലി 62 റണ്‍സോടെയും ദേവ്ദത്ത് പടിക്കല്‍ 40 റണ്‍സോടെയും പുറത്താകാതെ നിന്നു.
കോഹ്ലിയുടെ 100-ാം അര്‍ധസെഞ്ചുറി
മത്സരത്തില്‍ വാനിന്ദു ഹസരംഗ എറിഞ്ഞ 15-ാം ഓവറിലെ മൂന്നാം പന്തില്‍ സിക്‌സര്‍ നേടിയാണ് വിരാട് കോലി തന്റെ അര്‍ധസെഞ്ചുറി പൂര്‍ത്തിയാക്കിയത്. ഈ നേട്ടത്തോടെ ട്വന്റി20 ക്രിക്കറ്റ് ചരിത്രത്തില്‍ ഓസ്‌ട്രേലിയന്‍ താരം ഡേവിഡ് വാര്‍ണറിന് ശേഷം 100 അര്‍ധസെഞ്ചറികള്‍ തികയ്ക്കുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡും കോലി സ്വന്തമാക്കി. തൊട്ടടുത്ത പന്തില്‍ ഡബിള്‍ ഓടിയതിനു ശേഷമാണ് കോലി സഞ്ജുവിനോട് ഹൃദയമിടിപ്പ് പരിശോധിക്കാന്‍ ആവശ്യപ്പെട്ടത്. സഞ്ജു ഉടന്‍തന്നെ കോലിയുടെ ഹൃദയമിടിപ്പ് പരിശോധിക്കുകയും കുഴപ്പമില്ലെന്ന് അറിയിക്കുകയും ചെയ്തു. ഈ ഓവര്‍ അവസാനിച്ചതിന് പിന്നാലെ ആര്‍സിബി തന്ത്രപരമായ ടൈം ഔട്ട് എടുക്കുകയും ചെയ്തു.
കായികക്ഷമതയ്ക്ക് പ്രാധാന്യം നല്‍കുന്ന കോഹ്ലി
മത്സരത്തില്‍ നാല് ഫോറുകളും രണ്ട് സിക്‌സറുകളും നേടിയ കോഹ്ലി, 24 സിംഗിളുകളും മൂന്ന് ഡബിളുകളുമാണ് ഓടിയെടുത്തത്. പൊതുവെ സ്‌ട്രൈക്ക് റൊട്ടേറ്റ് ചെയ്യുന്നതില്‍ മിടുക്കനായ കോഹ്ലി, അതേ ശൈലി പിന്തുടര്‍ന്നാണ് രാജസ്ഥാനെതിരെയും അര്‍ധസെഞ്ചുറി നേടി ടീമിനെ വിജയത്തിലേക്ക് നയിച്ചത്.
ക്രിക്കറ്റ് ലോകത്ത് കായികക്ഷമതയ്ക്ക് വളരെയധികം പ്രാധാന്യം നല്‍കുന്ന ഒരു താരം കൂടിയാണ് വിരാട് കോഹ്ലി. അതുകൊണ്ടുതന്നെ മത്സരത്തിനിടെ അദ്ദേഹം ഹൃദയമിടിപ്പ് പരിശോധിക്കാന്‍ ആവശ്യപ്പെട്ടത് ആരാധകര്‍ക്കിടയില്‍ വലിയ ചര്‍ച്ചാവിഷയമായി. താരത്തിന്റെ ആരോഗ്യത്തെക്കുറിച്ച് പലരും ആശങ്ക പ്രകടിപ്പിച്ചു.
അതേസമയം, കോഹ്ലിക്ക് അസ്വസ്ഥത അനുഭവപ്പെട്ടതിന്റെ യഥാര്‍ത്ഥ കാരണമോ പിന്നീട് എന്തെങ്കിലും സംഭവിച്ചോ എന്നതിനെക്കുറിച്ച് വ്യക്തമായ വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല. എങ്കിലും, കളിക്കളത്തിലെ ഈ അപൂര്‍വ്വ സൗഹൃദ നിമിഷം ക്രിക്കറ്റ് പ്രേമികളുടെ ശ്രദ്ധ നേടി.