For the best experience, open
https://m.pavilionend.in
on your mobile browser.
Advertisement

കരുണ കാട്ടാതെ ഗവാസ്‌ക്കര്‍, കോഹ്ലിയെ പിച്ചി ചീന്തി

12:34 PM Dec 16, 2024 IST | Fahad Abdul Khader
Updated At - 12:34 PM Dec 16, 2024 IST
കരുണ കാട്ടാതെ ഗവാസ്‌ക്കര്‍  കോഹ്ലിയെ പിച്ചി ചീന്തി

ഓഫ് സ്റ്റമ്പിന് പുറത്തുള്ള പന്തുകള്‍ക്ക് പിന്നാലെ പോകുന്ന വിരാട് കോഹ്ലിയുടെ പതിവ് പ്രശ്‌നം ഗാബ ടെസ്റ്റിലും ആവര്‍ത്തിച്ചു. ജോഷ് ഹേസല്‍വുഡിന്റെ പന്തിന് പിന്നാലെ പോയാണ് കോഹ്ലി വിക്കറ്റ് കീപ്പര്‍ അലക്‌സ് ക്യാരിക്ക് എളുപ്പമുള്ള ക്യാച്ച് നല്‍കി പുറത്തായത്.

ഇന്ത്യയുടെ മുന്‍ ക്യാപ്റ്റനും ക്രിക്കറ്റ് ഇതിഹാസവുമായി സുനില്‍ ഗവാസ്‌കര്‍ കോഹ്ലിയുടെ ഈ പിഴവിനെ രൂക്ഷമായി വിമര്‍ശിച്ചു. പന്ത് ഏഴാമത്തെയോ എട്ടാമത്തെയോ സ്റ്റമ്പിലാണെന്നും അത് കളിക്കേണ്ട ആവശ്യമില്ലായിരുന്നുവെന്നും ഗവാസ്‌കര്‍ തുറന്നടിച്ചു. കഴിഞ്ഞ നാല് വര്‍ഷത്തിനിടെ മൂന്ന് ടെസ്റ്റ് സെഞ്ച്വറികള്‍ മാത്രം നേടിയ കോഹ്ലി കൂടുതല്‍ ക്ഷമ കാണിക്കേണ്ടിയിരുന്നുവെന്നും ഗവാസ്‌ക്കര്‍ കൂട്ടിച്ചേര്‍ത്തു.

Advertisement

യശസ്വി ജയ്സ്വാളിന്റെയും ശുഭ്മാന്‍ ഗില്ലിന്റെയും വിക്കറ്റുകള്‍ നഷ്ടമായതിന് ശേഷം കോഹ്ലി കൂടുതല്‍ ശ്രദ്ധാലുവായിരിക്കണമായിരുന്നുവെന്ന് ഗവാസ്‌കര്‍ പറഞ്ഞു. റിഷഭ് പന്ത് ഒരു പന്ത് പോലും നേരിടുന്നതിന് മുമ്പ് മഴ പെയ്തതും കളി നിര്‍ത്തിവയ്‌ക്കേണ്ടി വന്നതും ഗവാസ്‌ക്കര്‍ ചൂണ്ടിക്കാട്ടി. കോഹ്ലി ക്ഷമ കാണിച്ചിരുന്നെങ്കില്‍ കെ എല്‍ രാഹുലിനൊപ്പം ക്രീസില്‍ തുടരാനാകുമായിരുന്നുവെന്നും ഗവാസ്‌കര്‍ ചൂണ്ടിക്കാട്ടി.

കരിയറിന്റെ തുടക്കം മുതല്‍ തന്നെ ഓഫ് സ്റ്റമ്പിന് പുറത്തുള്ള പന്തുകള്‍ക്ക് പിന്നാലെ പോകുന്ന പ്രശ്‌നം കോഹ്ലിയെ അലട്ടുന്നുണ്ട്. 2004-ല്‍ സിഡ്നിയില്‍ ഓസ്ട്രേലിയക്കെതിരെ ഇരട്ട സെഞ്ച്വറി നേടാന്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ കവര്‍ ഡ്രൈവ് കളിക്കുന്നത് ഒഴിവാക്കിയത് കോഹ്ലിക്ക് ഒരു പാഠമാകണമെന്ന് പല ക്രിക്കറ്റ് വിദഗ്ധരും ആരാധകരും പലപ്പോവും ആവശ്യപ്പെടാറുണ്ട്.

Advertisement

പെര്‍ത്ത് ടെസ്റ്റിന്റെ രണ്ടാം ഇന്നിംഗ്സില്‍ സെഞ്ച്വറി നേടിയ കോഹ്ലി ഫോമിലേക്ക് തിരിച്ചെത്തിയെന്ന് ആരാധകര്‍ കരുതിയിരുന്നു. എന്നാല്‍ അഡ്ലെയ്ഡിലെയും ബ്രിസ്ബേനിലെയും പ്രകടനങ്ങള്‍ നിരാശാജനകമായിരുന്നു.

2021-ന് മുമ്പ് ഫാബ് ഫോറില്‍ (കോഹ്ലി, സ്റ്റീവ് സ്മിത്ത്, കെയ്ന്‍ വില്യംസണ്‍, ജോ റൂട്ട്) ഏറ്റവും കൂടുതല്‍ ടെസ്റ്റ് സെഞ്ച്വറികള്‍ കോഹ്ലിയുടെ പേരിലായിരുന്നു. എന്നാല്‍ ഇപ്പോള്‍ മൂന്ന് പേരും കോഹ്ലിയെ മറികടന്നു. ജോ റൂട്ടിന് 36 ടെസ്റ്റ് സെഞ്ച്വറികളും വില്യംസണും സ്മിത്തിനും 33 വീതവും സെഞ്ച്വറികള്‍ ഉണ്ട്. എന്നാല്‍ കോഹ്ലിയുടെ പേരില്‍ 30 സെഞ്ച്വറികളാണുള്ളത്.

Advertisement

Advertisement