വിരമിക്കല്‍ തീരുമാനം അറിയിച്ച് കോഹ്ലി, തടയാന്‍ ശ്രമിച്ച് ബിസിസിഐ
ഇന്ത്യന്‍ സൂപ്പര്‍ താരം വിരാട് കോഹ്ലി ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കാന്‍ തീരുമാനിച്ചതായി റിപ്പോര്‍ട്ടുകള്‍. പ്രമുഖ ഇംഗ്ലീഷ് മാധ്യമമായ ഇന്ത്യന്‍ എക്‌സ്പ്രസ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. കോഹ്ലി തന്റെ തീരുമാനം ബി.സി.സി.ഐയുടെ ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ചിട്ടുണ്ട്. എന്നാല്‍ നിര്‍ണായകമായ ഇംഗ്ലണ്ട് പര്യടനം വരാനിരിക്കുന്നതിനാല്‍ കോഹ്ലിയോട് തീരുമാനം പുനഃപരിശോധിക്കാന്‍ ബോര്‍ഡ് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. കോഹ്്‌ലി ഇതുവരെ ഇതിനോട് പ്രതികരിച്ചിട്ടില്ല.
രോഹിത് ശര്‍മ്മ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ചതിന് പിന്നാലെയാണ് കോഹ്ലിയുടെ ഈ അപ്രതീക്ഷിതമായ തീരുമാനം. അതെസമയം അടുത്ത മാസം ഇംഗ്ലണ്ടില്‍ ആരംഭിക്കുന്ന അഞ്ച് ടെസ്റ്റുകളടങ്ങിയ പരമ്പരയ്ക്കുള്ള ടീമിനെ തിരഞ്ഞെടുക്കാന്‍ സെലക്ടര്‍മാര്‍ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ യോഗം ചേരും.
ഈ വര്‍ഷം ആദ്യം ഓസ്‌ട്രേലിയയില്‍ നടന്ന ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിക്ക് ശേഷം കോഹ്ലി തന്റെ ടെസ്റ്റ് ക്രിക്കറ്റിലെ ഭാവി സംബന്ധിച്ച് ആലോചിച്ചത്രെ. പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ സെഞ്ച്വറി നേടിയെങ്കിലും പിന്നീട് അദ്ദേഹത്തിന് സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ചവെക്കാന്‍ കഴിഞ്ഞിരുന്നില്ല.
രോഹിത്തിന് പുറെ കോഹ്ലി കൂടി വിരമിക്കുകയാണെങ്കില്‍ ഇന്ത്യന്‍ ടീമിന്റെ മധ്യനിര കാര്യമായ അനുഭവസമ്പത്തില്ലാത്ത ഒരു നിരയായി മാറും. കെ.എല്‍. രാഹുല്‍, ശുഭ്മാന്‍ ഗില്‍, യശസ്വി ജയ്‌സ്വാള്‍ എന്നിവരോടൊപ്പം ഋഷഭ് പന്ത് പിന്നീട് ടീമില്‍ ചേരുമെങ്കിലും, പരിചയസമ്പന്നരായ രണ്ട് താരങ്ങളുടെ അഭാവം ഇന്ത്യന്‍ ടീമിന് വലിയ തിരിച്ചടിയാകും. ഇരുവരും ചേര്‍ന്ന് ഏകദേശം 11 വര്‍ഷത്തോളം ടെസ്റ്റ് ടീമിനെ നയിച്ചിട്ടുണ്ട്. 2014 ഡിസംബറിലാണ് കോഹ്ലി ടെസ്റ്റ് ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് എത്തുന്നത്. 2022 ഫെബ്രുവരിയില്‍ രോഹിത് ശര്‍മ്മയും ക്യാപ്റ്റനായി.
ഈ ആഴ്ച ആദ്യം ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തതനുസരിച്ച്, പുതിയ ടെസ്റ്റ് സൈക്കിളിനായി ഒരു യുവതാരത്തെ ക്യാപ്റ്റനായി നിയമിക്കാന്‍ സെലക്ടര്‍മാര്‍ ആലോചിക്കുന്നുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് രോഹിത് വിരമിക്കല്‍ പ്രഖ്യാപിച്ചത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം ശുഭ്മാന്‍ ഗില്ലാണ് ടെസ്റ്റ് ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നവരില്‍ മുന്‍പന്തിയില്‍.
36 കാരനായ കോഹ്ലി ഇന്ത്യയ്ക്കായി 123 ടെസ്റ്റുകള്‍ കളിച്ചിട്ടുണ്ട്. 46.85 ശരാശരിയില്‍ 9,230 റണ്‍സ് അദ്ദേഹം നേടിയിട്ടുണ്ട്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ അദ്ദേഹത്തിന്റെ ശരാശരി കുറഞ്ഞു. 37 മത്സരങ്ങളില്‍ നിന്ന് മൂന്ന് സെഞ്ച്വറികളോടെ 1,990 റണ്‍സാണ് അദ്ദേഹം നേടിയത്.
കഴിഞ്ഞ ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ അഞ്ച് ടെസ്റ്റുകളില്‍ നിന്ന് 23.75 ആയിരുന്നു കോഹ്ലിയുടെ ശരാശരി. പര്യടനത്തിലെ എട്ട് പുറത്താകലുകളില്‍ ഏഴും ഓഫ് സ്റ്റമ്പിന് പുറത്തുവന്ന പന്തുകളിലായിരുന്നു. ഈ വര്‍ഷം മാര്‍ച്ചില്‍ ആര്‍.സി.ബി സംഘടിപ്പിച്ച ഒരു പരിപാടിയില്‍ സംസാരിക്കവെ, ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ നിരാശാ ജനകമായ പ്രകടനത്തെ കുറിച്ച് കോഹ്ലി തുറന്നുപറഞ്ഞിരുന്നു. നാല് വര്‍ഷത്തിനുള്ളില്‍ എനിക്കൊരു ഓസ്‌ട്രേലിയന്‍ പര്യടനം കൂടി ഉണ്ടാകുമോ എന്ന് ഉറപ്പില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അടുത്തിടെയുണ്ടായ ടെസ്റ്റ് പരമ്പരകളിലെ മോശം പ്രകടനത്തിന് ശേഷമുള്ള മാനസിക സമ്മര്‍ദ്ദങ്ങളെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. 'പുറത്തുനിന്നുള്ള ഊര്‍ജ്ജവും നിരാശയും നിങ്ങള്‍ ഏറ്റെടുക്കാന്‍ തുടങ്ങുമ്പോള്‍, നിങ്ങള്‍ സ്വയം കൂടുതല്‍ ഭാരപ്പെടുത്താന്‍ തുടങ്ങും… പിന്നീട് നിങ്ങള്‍ കാര്യങ്ങളെക്കുറിച്ച് ചിന്തിക്കാന്‍ തുടങ്ങും 'ഈ പര്യടനത്തില്‍ എനിക്ക് രണ്ടോ മൂന്നോ ദിവസങ്ങള്‍ മാത്രമേ ബാക്കിയുള്ളൂ, ഞാന്‍ ഇപ്പോള്‍ ഒരു ഇംപാക്ട് ഉണ്ടാക്കണം'. അപ്പോള്‍ നിങ്ങള്‍ക്ക് കൂടുതല്‍ വെപ്രാളം വരും. ഓസ്ട്രേലിയയിലും എനിക്ക് ഇത് തീര്‍ച്ചയായും അനുഭവപ്പെട്ടിട്ടുണ്ട്' കോഹ്ലി പറഞ്ഞു.
'കാരണം ആദ്യ ടെസ്റ്റില്‍ എനിക്ക് നല്ല സ്‌കോര്‍ ലഭിച്ചു. ഞാന്‍ കരുതി, 'ശരി, പോകാം'. എനിക്ക് മറ്റൊരു വലിയ പരമ്പര ഉണ്ടാകും. പക്ഷേ അത് അങ്ങനെ സംഭവിച്ചില്ല. എന്നെ സംബന്ധിച്ചിടത്തോളം, 'ശരി, ഇത് സംഭവിച്ചു' എന്ന് അംഗീകരിക്കുക എന്നതാണ് പ്രധാനം. ഞാന്‍ എന്നോട് തന്നെ സത്യസന്ധനായിരിക്കണം. എനിക്ക് എവിടേക്ക് പോകണം? എന്റെ ഊര്‍ജ്ജ നില എന്താണ്?' അദ്ദേഹം കൂട്ടിച്ചേര്‍ത്തു,
കഴിഞ്ഞ വര്‍ഷം വെസ്റ്റ് ഇന്‍ഡീസില്‍ നടന്ന ടി20 ലോകകപ്പ് ഇന്ത്യ നേടിയതിന് ശേഷം കോഹ്ലി ടി20 അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്ന് വിരമിച്ചിരുന്നു. എന്നിരുന്നാലും, ഈ ഐപിഎല്ലില്‍ അദ്ദേഹം മികച്ച ഫോമിലായിരുന്നു. 11 മത്സരങ്ങളില്‍ നിന്ന് മൂന്ന് അര്‍ദ്ധസെഞ്ച്വറികളോടെ 143.46 സ്‌ട്രൈക്ക് റേറ്റില്‍ 505 റണ്‍സ് അദ്ദേഹം നേടി.