കോഹ്ലിയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി ഉത്തപ്പ, ഇത്ര ചീപ്പായിരുന്നോ കിംഗ്
2011ലെ ഏകദിന ലോകകപ്പ് വിജയത്തിന് ശേഷം കാന്‍സറിനെ അതിജീവിച്ച് ഇന്ത്യന്‍ ടീമിലേക്ക് മടങ്ങിയെത്തിയ യുവരാജ് സിംഗ് ഒരു ഹീറോ ആയാണ് ക്രിക്കറ്റ് ലോകം വിലയിരുത്തുന്നത്. എന്നാല്‍ യുവരാജിനെ ഇന്ത്യന്‍ ടീമില്‍ നിന്ന് ഒഴിവാക്കിയതിന് പിന്നില്‍ അന്നത്തെ ക്യാപ്റ്റന്‍ വിരാട് കോഹ്ലിയുടെ കടുംപിടുത്തമായിരുന്നുവെന്ന് വെളിപ്പെടുത്തുകയാണ് മുന്‍ ഇന്ത്യന്‍ താരം റോബിന്‍ ഉത്തപ്പ.
ലല്ലന്‍ടോപ് എന്ന ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഉത്തപ്പ ഈ വെളിപ്പെടുത്തല്‍ നടത്തിയത്. കോഹ്ലിയുടെ ക്യാപ്റ്റന്‍സി ശൈലി തികച്ചും വ്യത്യസ്തമായിരുന്നുവെന്ന് ഉത്തപ്പ പറയുന്നു.
എല്ലാവരും തന്റെ നിലവാരത്തിനൊത്ത് ഉയരണമെന്നായിരുന്നു കോഹ്ലിയുടെ നിലപാട്. ഓരോ കളിക്കാരനെയും സ്വന്തം രീതിയില്‍ കളിപ്പിക്കാനുള്ള കോഹ്ലിയുടെ ശ്രമം പലപ്പോഴും പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. എന്നാല്‍ രോഹിത് ശര്‍മ്മയുടെ ക്യാപ്റ്റന്‍സി ശൈലി തികച്ചും വ്യത്യസ്തമാണെന്നും, കളിക്കാര്‍ക്ക് സ്വതന്ത്രമായി കളിക്കാനുള്ള അവസരം നല്‍കുന്ന രോഹിതിന്റെ രീതി മികച്ച ഫലങ്ങള്‍ സൃഷ്ടിക്കുന്നുവെന്നും ഉത്തപ്പ കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയ്ക്കായി രണ്ട് ലോകകപ്പുകള്‍ നേടുകയും ജീവിതത്തിലെ ഏറ്റവും വലിയ പോരാട്ടത്തില്‍ വിജയിക്കുകയും ചെയ്ത യുവരാജിനെ ടീമില്‍ നിന്ന് പുറത്താക്കിയതിന് പിന്നിലും കോഹ്ലിയുടെ പങ്കുണ്ടെന്ന് ഉത്തപ്പ ആരോപിക്കുന്നു. ടീമിലേക്ക് തിരിച്ചെത്തണമെങ്കില്‍ യുവരാജ് കടുത്ത ഫിറ്റ്‌നസ് ടെസ്റ്റ് പാസാകണമെന്ന് കോഹ്ലി നിര്‍ബന്ധം പിടിച്ചു.
ചെറിയ ഇളവുകള്‍ക്കായി യുവരാജ് ക്യാപ്റ്റനെയും മാനേജ്‌മെന്റിനെയും സമീപിച്ചെങ്കിലും അവര്‍ അത് അംഗീകരിച്ചില്ല. ഒടുവില്‍ കഠിനാധ്വാനം ചെയ്ത് ഫിറ്റ്‌നസ് ടെസ്റ്റ് പാസായ യുവരാജിനെ ചാമ്പ്യന്‍സ് ട്രോഫിയില്‍ ഫോമിലെത്താന്‍ കഴിഞ്ഞില്ലെന്ന് പറഞ്ഞ് ടീമില്‍ നിന്ന് പുറത്താക്കിയെന്നും ഉത്തപ്പ വെളിപ്പെടുത്തി.