ഗബ്ബയിൽ അത്യപൂർവ റെക്കോർഡ് നേടി കോഹ്ലി; സെഞ്ചുറി നേടിയാൽ കാത്തിരിക്കുന്നത് ഇരട്ട നേട്ടം
ബ്രിസ്‌ബേൻ: ഓസ്‌ട്രേലിയക്കെതിരെ നൂറാം അന്താരാഷ്ട്ര മത്സരം കളിക്കുന്ന രണ്ടാമത്തെ മാത്രം ക്രിക്കറ്റ് താരമായി വിരാട് കോഹ്‌ലി. ബ്രിസ്‌ബേനിലെ ചരിത്രപ്രധാനമായ ഗാബ്ബയിൽ നടക്കുന്ന ബോർഡർ-ഗാവസ്‌കർ പരമ്പരയിലെ മൂന്നാം ടെസ്റ്റിലാണ് കോഹ്‌ലി ഈ ചരിത്രനേട്ടം കൈവരിച്ചത്.
സച്ചിന് പിന്നിൽ
ഓസ്‌ട്രേലിയക്കെതിരെ ഏറ്റവും കൂടുതൽ അന്താരാഷ്ട്ര മത്സരങ്ങൾ കളിച്ചിട്ടുള്ളത് സാക്ഷാൽ സച്ചിൻ ടെണ്ടുൽക്കറാണ് (110 മത്സരങ്ങൾ). കോഹ്‌ലിക്ക് പിന്നിൽ ഡെസ്‌മണ്ട് ഹെയ്‌ൻസ് (97), എം.എസ്. ധോണി (91), വിവ് റിച്ചാർഡ്‌സ് (88) എന്നിവരാണുള്ളത്.
മികച്ച റെക്കോർഡ്
ഓസ്‌ട്രേലിയക്കെതിരെ കോഹ്‌ലിക്ക് മികച്ച റെക്കോർഡാണുള്ളത്. 99 മത്സരങ്ങളിൽ നിന്ന് 50.24 ശരാശരിയിൽ 5,326 റൺസ് അദ്ദേഹം നേടിയിട്ടുണ്ട്. 17 സെഞ്ച്വറികളും 27 അർദ്ധ സെഞ്ച്വറികളും ഇതിൽ ഉൾപ്പെടുന്നു. ഓസ്‌ട്രേലിയക്കെതിരെ ഏറ്റവും കൂടുതൽ റൺസ് നേടിയ രണ്ടാമത്തെ താരം കൂടിയാണ് കോഹ്‌ലി.
ഗബ്ബയിൽ സെഞ്ച്വറി നേടാനുള്ള അവസരം
ഓസ്‌ട്രേലിയയിൽ മികച്ച റെക്കോർഡുള്ള കോഹ്‌ലിക്ക് എന്നാൽ 'ബാറ്റർമാരുടെ ശവപ്പറമ്പ്' എന്നറിയപ്പെടുന്ന ഗബ്ബയിൽ ഇതുവരെ സെഞ്ച്വറി നേടാനായിട്ടില്ല. നിലവിൽ ബോർഡർ ഗവാസ്കർ ട്രോഫി മത്സരങ്ങൾ നടക്കുന്ന പിച്ചുകളിൽ ഗാബ്ബയിൽ മാത്രമാണ് കോഹ്ലി സെഞ്ചുറി നേടാൻ ബാക്കിയുള്ളത്. 2014-ൽ ഇവിടെ കളിച്ച ഏക ടെസ്റ്റിൽ 19 ഉം 1 ഉം റൺസാണ് അദ്ദേഹം നേടിയത്. ഈ പശ്ചാത്തലത്തിൽ ഗബ്ബയിലെ മത്സരം കോഹ്‌ലിക്ക് നിർണായകമാണ്. മികച്ച പ്രകടനത്തിലൂടെ ഗബ്ബയിലെ സെഞ്ച്വറി വരൾച്ച അവസാനിപ്പിക്കാൻ കോഹ്‌ലിക്ക് കഴിയുമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്.
ടോസ് നേടിയ ഇന്ത്യ ഓസീസിനെ ബാറ്റിങ്ങിന് അയച്ചു
ബോർഡർ-ഗവാസ്കർ ട്രോഫിയിലെ നിർണായകമായ മൂന്നാം ടെസ്റ്റിൽ ടോസ് നേടിയ ഇന്ത്യ ബൗളിംഗ് തിരഞ്ഞെടുത്തു. മേഘാവൃതമായ അന്തരീക്ഷവും പിച്ചിലെ നേരിയ പുല്ലും കണക്കിലെടുത്താണ് ഈ തീരുമാനമെന്ന് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ പറഞ്ഞു.
പരിക്കിൽ നിന്ന് മുക്തനായ രവീന്ദ്ര ജഡേജ ടീമിൽ തിരിച്ചെത്തിയത് ഇന്ത്യയ്ക്ക് വലിയ ആശ്വാസമാണ്. ഹർഷിത് റാണയ്ക്ക് പകരം അകാശ് ദീപിനെയും, ആർ. അശ്വിന് പകരം ജഡേജയെയും ടീമിൽ ഉൾപ്പെടുത്തി. ഓസ്‌ട്രേലിയയ്ക്ക് വേണ്ടി ജോഷ് ഹേസൽവുഡ് തിരിച്ചെത്തിയപ്പോൾ സ്കോട്ട് ബോളണ്ട് പുറത്തായി.