ബംഗളൂരു ദുരന്തത്തില്‍ നടുങ്ങി കോഹ്ലി; കറുത്ത ബുധനില്‍ വിറങ്ങലിച്ച് ബംഗളൂരു നഗരം
റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിന്റെ (ആര്‍സിബി) ഐതിഹാസിക ഐപിഎല്‍ കിരീട വിജയ ആഘോഷങ്ങള്‍ക്കിടയില്‍ ബംഗളൂരുവില്‍ അരങ്ങേറിയ ദാരുണ സംഭവത്തില്‍ പ്രതികരണവുമായി സൂപ്പര്‍ താരം വിരാട് കോഹ്ലി. ചിന്നസ്വാമി സ്റ്റേഡിയത്തിന് പുറത്തുണ്ടായ തിക്കിലും തിരക്കിലും നിരവധി പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ട സംഭവത്തില്‍ കോഹ്ലി തന്റെ ദുഃഖം രേഖപ്പെടുത്തി.
ചിന്നസ്വാമി സ്റ്റേഡിയത്തിലെ ദുരന്തം
ബുധനാഴ്ച (ജൂണ്‍ 4) നടന്ന ആര്‍സിബി വിജയഘോഷയാത്രക്കിടയില്‍ ചിന്നസ്വാമി സ്റ്റേഡിയത്തിലെ ഗേറ്റ് നമ്പര്‍ രണ്ടിലാണ് ദാരുണമായ തിക്കും തിരക്കുമുണ്ടായത്. ആയിരക്കണക്കിന് ആരാധകരാണ് ആഘോഷങ്ങളില്‍ പങ്കുചേരാനായി സ്റ്റേഡിയത്തിലേക്ക് ഒഴുകിയെത്തിയത്. റിപ്പോര്‍ട്ടുകള്‍ അനുസരിച്ച്, ഈ ദുരന്തത്തില്‍ 11 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
വിരാട് കോഹ്ലി തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് ഈ സംഭവത്തില്‍ പ്രതികരിച്ചത്. ഫ്രാഞ്ചൈസി പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയ്ക്കൊപ്പം കോഹ്ലി കുറിച്ചത് ഇങ്ങനെ: 'വാക്കുകള്‍ കിട്ടുന്നില്ല. ഹൃദയം തകര്‍ന്നുപോയി.'
ആര്‍സിബിയും കര്‍ണാടക ക്രിക്കറ്റ് അസോസിയേഷനും (കെഎസ്സിഎ) മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 5 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്.
വിരാട് കോഹ്ലിയുടെ ചിരകാല സ്വപ്നം
17 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ആര്‍സിബി ചരിത്രത്തിലാദ്യമായി ഐപിഎല്‍ കിരീടം നേടിയതിന്റെ ആഘോഷങ്ങള്‍ക്കായാണ് ദുരന്തം നടക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പ് കോഹ്ലി ടീമിനൊപ്പം ബെംഗളൂരുവില്‍ എത്തിയത്. ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ കളിക്കാരനായിട്ടും ഇതുവരെ കിരീടം നേടാന്‍ സാധിക്കാതിരുന്ന കോഹ്ലിയുടെ കാത്തിരിപ്പിന് കൂടിയാണ് ഇതോടെ അവസാനമായത്.
ഐപിഎല്‍ ചരിത്രത്തില്‍ എല്ലാ 18 സീസണുകളിലും ഒരേ ഫ്രാഞ്ചൈസിക്കുവേണ്ടി കളിച്ച ഏക കളിക്കാരനാണ് വിരാട് കോഹ്ലി. 2009, 2011, 2016 വര്‍ഷങ്ങളില്‍ ഫൈനലില്‍ പരാജയപ്പെട്ട ആര്‍സിബി ടീമിലും കോഹ്ലി അംഗമായിരുന്നു. 2013 മുതല്‍ 2021 വരെ അദ്ദേഹം ടീമിനെ നയിക്കുകയും ചെയ്തു.
ആഘോഷങ്ങള്‍ക്കിടയിലെ വിവാദം
ദുരന്തമുണ്ടായിട്ടും ആഘോഷ പരിപാടികള്‍ തുടര്‍ന്ന ആര്‍സിബിയുടെ തീരുമാനത്തിനെതിരെ വിവാദങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍, സ്റ്റേഡിയത്തിനകത്തുണ്ടായിരുന്ന സംഘാടകര്‍ക്ക് സംഭവത്തെക്കുറിച്ച് അറിവുണ്ടായിരുന്നില്ലെന്നാണ് ഐപിഎല്‍ ചെയര്‍മാന്‍ അരുണ്‍ ധുമല്‍ വ്യക്തമാക്കിയത്.
ചിന്നസ്വാമി സ്റ്റേഡിയത്തില്‍ തിങ്ങിനിറഞ്ഞ ആരാധകരെ കോഹ്ലി അഭിസംബോധന ചെയ്തു. മൈക്ക് കയ്യിലെടുത്തപ്പോള്‍ വലിയ ആരവത്തോടെയാണ് ആരാധകര്‍ അദ്ദേഹത്തെ സ്വീകരിച്ചത്.
'എനിക്ക് അധികം സമയമില്ല. ഞാന്‍ സംസാരിക്കട്ടെ. ഞങ്ങളുടെ ക്യാപ്റ്റന്‍ പറഞ്ഞത് ആവര്‍ത്തിച്ചുകൊണ്ട് ഞാന്‍ തുടങ്ങാം. ഇത് ഇനി 'ഈ സാല കപ്പ് നമ്ദെ' അല്ല. ഇത് 'ഈ സാല കപ്പ് നംദു'. ഞങ്ങള്‍ അത് നേടിയിരിക്കുന്നു. ഈ വിജയം എനിക്കും കഴിഞ്ഞ 18 വര്‍ഷങ്ങള്‍ക്കും വേണ്ടി മാത്രമല്ല, നിങ്ങള്‍ ഓരോരുത്തര്‍ക്കും വേണ്ടിയുള്ളതാണ്. ഞങ്ങളെ പിന്തുണച്ച ആരാധകര്‍ക്കും ജനങ്ങള്‍ക്കും. ഇത് പ്രത്യേകിച്ചും നിങ്ങള്‍ക്കുള്ളതാണ്. വര്‍ഷങ്ങളായി നിങ്ങള്‍ കാണിച്ച വിശ്വാസവും സ്‌നേഹവും ശരിക്കും സവിശേഷമാണ്. നിങ്ങളെപ്പോലൊരു ആരാധകവൃന്ദത്തെ ഞാന്‍ ഇതുവരെ കണ്ടിട്ടില്ല,' കോഹ്ലി പറഞ്ഞു.
നിലവിലെ ക്യാപ്റ്റന്‍ രജത് പാട്ടീദാറിനെയും മുന്‍ ആര്‍സിബി നായകന്‍ പ്രശംസിച്ചു.
'ഞങ്ങളുടെ അണ്‍ബോക്‌സ് ഇവന്റ് നടന്നപ്പോള്‍, പുതിയ ക്യാപ്റ്റനെ വിളിക്കാന്‍ പോകുമ്പോള്‍, അദ്ദേഹത്തെ പിന്തുണയ്ക്കണമെന്നും കൂടെ നില്‍ക്കണമെന്നും ഞാന്‍ നിങ്ങളോട് അഭ്യര്‍ത്ഥിച്ചിരുന്നു. ഒരു കാര്യം ഞാന്‍ വളരെ വ്യക്തമായി പറഞ്ഞിരുന്നു. അവന്‍ നമ്മളെ ഒരുപാട് കാലം നയിക്കാന്‍ പോവുകയാണ്. അവന്‍ സ്വയം തെളിയിച്ചിരിക്കുന്നു. ഞങ്ങള്‍ക്കായി കിരീടം നേടിയിരിക്കുന്നു. ദയവായി ഞങ്ങളുടെ ക്യാപ്റ്റന്‍ രജത് പാട്ടീദാറിനെ ഏറ്റവും വലിയ ആരവത്തോടെ സ്വീകരിക്കുക,' കോഹ്ലി കൂട്ടിച്ചേര്‍ത്തു.