കിരീടം നേടിയ രാത്രി തന്നെ ടീം ഹോട്ടല്‍ വിട്ട് കോഹ്ലി, ഇന്ത്യന്‍ താരങ്ങളും നാട്ടില്‍, ഒരാഴ്ച്ച വിശ്രമം
ദുബായില്‍ നടന്ന ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ കിരീടം ചൂടിയ ഇന്ത്യന്‍ ക്രിക്കറ്റ് ടീം തിങ്കളാഴ്ച രാത്രിയോടെ മടങ്ങിയെത്തി. ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയുടെ നേതൃത്വത്തില്‍ ഒമ്പത് മാസത്തിനിടെ ഇന്ത്യ നേടുന്ന രണ്ടാമത്തെ ഐസിസി കിരീടമാണിത്. മാര്‍ച്ച് 22-ന് ആരംഭിക്കുന്ന ഐപിഎല്ലിന് മുന്നോടിയായി താരങ്ങള്‍ക്ക് ഒരാഴ്ചത്തെ വിശ്രമം അനുവദിച്ചിട്ടുണ്ട്.
രണ്ട് മാസം നീണ്ടുനില്‍ക്കുന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന് (ഐപിഎല്‍) മുന്‍പായി താരങ്ങള്‍ വിശ്രമം തിരഞ്ഞെടുക്കുന്നതിനാല്‍, ടി20 ലോകകപ്പ് വിജയത്തിന് ശേഷം നല്‍കിയ സ്വീകരണം ഇത്തവണ ബിസിസിഐ ഒഴിവാക്കി. ടി20 ലോകകപ്പ് വിജയത്തിന് ശേഷം താരങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദര്‍ശിച്ചിരുന്നു.
ഹെഡ് കോച്ച് ഗൗതം ഗംഭീറും പേസര്‍ ഹര്‍ഷിത് റാണയും തിങ്കളാഴ്ച രാത്രി ഡല്‍ഹിയില്‍ തിരിച്ചെത്തി. സൂപ്പര്‍ താരം വിരാട് കോഹ്ലി ടീം ഹോട്ടലില്‍ നിന്ന് ഭാര്യ അനുഷ്‌ക ശര്‍മ്മയ്ക്കൊപ്പം ഞായറാഴ്ച രാത്രി തന്നെ മടങ്ങിയിരുന്നു.
മിഡില്‍ ഓര്‍ഡറില്‍ മികച്ച പ്രകടനം കാഴ്ചവെച്ച ശ്രേയസ് അയ്യര്‍ പഞ്ചാബ് കിംഗ്സിന്റെ ക്യാപ്റ്റനാണ്. അദ്ദേഹം മാര്‍ച്ച് 16-ന് ടീമിനൊപ്പം ചേരും.
ന്യൂസിലന്‍ഡിനെ നാല് വിക്കറ്റിന് തോല്‍പ്പിച്ചാണ് ഇന്ത്യ മൂന്നാം ചാമ്പ്യന്‍സ് ട്രോഫി കിരീടം നേടിയത്. എട്ട് ടീമുകള്‍ പങ്കെടുത്ത ടൂര്‍ണമെന്റില്‍ തോല്‍വിയറിയാത്ത ഏക ടീം ഇന്ത്യയായിരുന്നു. പാകിസ്താന്‍ ആയിരുന്നു ടൂര്‍ണമെന്റ് ആതിഥേയര്‍ എങ്കിലും, രാഷ്ട്രീയ കാരണങ്ങളാല്‍ ഹൈബ്രിഡ് മോഡല്‍ അനുസരിച്ച് ഇന്ത്യയുടെ എല്ലാ മത്സരങ്ങളും ദുബായിലാണ് നടന്നത്.