തന്റെ പുതിയ ടീമിനെ പ്രഖ്യാപിച്ച് വിരാട് കോഹ്ലി, സര്‍പ്രൈസ് നീക്കം
ഇന്ത്യയുടെ മുന്‍ ക്യാപ്റ്റനും സൂപ്പര്‍ താരവുമായ വിരാട് കോഹ്ലി തന്റെ പുതിയ മാനേജ്മെന്റ് ടീമിനെ പ്രഖ്യാപിച്ചു. 'സ്‌പോര്‍ട്ടിംഗ് ബിയോണ്ട്' എന്നാണ് ഈ പുതിയ ടീമിന്റെ പേര്. 'സ്‌പോര്‍ട്ടിംഗ് ബിയോണ്ട്' തന്റെ ലക്ഷ്യങ്ങളും മൂല്യങ്ങളും പങ്കിടുന്നുവെന്ന് കോഹ്ലി സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
ദീര്‍ഘകാല മാനേജരായ ബണ്ടി സജ്ദേയുടെ കോര്‍ണര്‍സ്റ്റോണ്‍ എന്ന കമ്പനിയുമായുള്ള ബന്ധം അവസാനിപ്പിച്ചതിന് ശേഷമാണ് കോഹ്ലിയുടെ ഈ തീരുമാനം.
'സ്‌പോര്‍ട്ടിംഗ് ബിയോണ്ടിനൊപ്പം ഒരു പുതിയ തുടക്കം പ്രഖ്യാപിക്കുന്നതില്‍ എനിക്ക് സന്തോഷമുണ്ട്, ഈ ടീം എന്റെ ലക്ഷ്യങ്ങളും സുതാര്യത, സത്യസന്ധത, കായിക സ്‌നേഹം എന്നീ മൂല്യങ്ങളും പങ്കിടുന്നു' കോഹ്ലി പറഞ്ഞു.
ഈ വര്‍ഷം ടി20 ലോകകപ്പ് നേടിയ ശേഷം കോഹ്ലി, ടി20 യില്‍ നിന്ന് വിരമിച്ചെങ്കിലും ടെസ്റ്റിലും ഏകദിനത്തിലും തുടരുന്നു. നവംബര്‍ 22 ന് പെര്‍ത്തില്‍ ആരംഭിക്കുന്ന ഓസ്‌ട്രേലിയയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലാണ് കോഹ്ലിയെ അടുത്തതായി കളിക്കുക.
ഇന്ത്യയിലെ ഏറ്റവും മൂല്യമുള്ള സെലിബ്രിറ്റികളില്‍ ഒരാളാണ് കോഹ്ലി. ക്രോളിന്റെ സെലിബ്രിറ്റി ബ്രാന്‍ഡ് വാല്യുവേഷന്‍ റിപ്പോര്‍ട്ട് 2023 പ്രകാരം കോഹ്ലിയുടെ ബ്രാന്‍ഡ് മൂല്യം 29 ശതമാനം വര്‍ദ്ധിച്ച് 227.9 മില്യണ്‍ യുഎസ് ഡോളറിലെത്തിയിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലെ ശക്തമായ സാന്നിധ്യവും ക്രിക്കറ്റിലെ വിജയകരമായ കരിയറുമാണ് കോഹ്ലിയുടെ മാര്‍ക്കറ്റ് മൂല്യം വര്‍ദ്ധിപ്പിക്കുന്നത്.