മെല്‍ബണ്‍ വിമാനത്താവളത്തില്‍ നാടകീയ രംഗങ്ങള്‍, മാധ്യമങ്ങളോട് ഏറ്റുമുട്ടി കോഹ്ലി
മെല്‍ബണില്‍ നടക്കാനിരിക്കുന്ന ബോക്‌സിംഗ് ഡേ ടെസ്റ്റിനായി എത്തിയ ഇന്ത്യന്‍ സൂപ്പര്‍ താരം വിരാട് കോഹ്ലി മാധ്യമങ്ങളോട് അതൃപ്തി പ്രകടിപ്പിച്ചതായി റിപ്പോര്‍ട്ട്. മെല്‍ബണ്‍ വിമാനത്താവളത്തില്‍ വെച്ച് കോഹ്ലിയും ഒരു ടിവി മാധ്യമപ്രവര്‍ത്തകനും തമ്മില്‍ തര്‍ക്കമുണ്ടായതായി ഓസ്ട്രേലിയയിലെ ചാനല്‍ 7 റിപ്പോര്‍ട്ട് ചെയ്യുന്നു.
തന്റെ കുടുംബത്തിന് നേരെ ക്യാമറകള്‍ കേന്ദ്രീകരിച്ചതിനാലാണ് കോഹ്ലി അസ്വസ്ഥനായതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. സംഭാഷണത്തിന് ശേഷം കോഹ്ലി ആദ്യം നടന്നുനീങ്ങിയെങ്കിലും പിന്നീട് കുറച്ച് കൂടി സംസാരിക്കാന്‍ തിരിച്ചെത്തി.
സമീപകാലത്ത് ഫോമില്ലായ്മ നേരിടുന്ന കോഹ്ലി, പെര്‍ത്തില്‍ നടന്ന ആദ്യ ടെസ്റ്റില്‍ സെഞ്ച്വറി നേടിയിരുന്നു. എന്നാല്‍, മറ്റ് നാല് ഇന്നിംഗ്‌സുകളില്‍ നിന്ന് 26 റണ്‍സ് മാത്രമാണ് നേടാനായത്.
ബുധനാഴ്ച ബ്രിസ്‌ബേനിലെ ഗാബയില്‍ നടന്ന മൂന്നാം ടെസ്റ്റ് സമനിലയിലായതോടെ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി നിലവില്‍ 1-1 എന്ന നിലയിലാണ്.
ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും ഫോമില്ലായ്മയിലൂടെയാണ് കടന്ന് പോകുന്നത്. എന്നിരുന്നാലും, തിരിച്ചുവരാനാകുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച രോഹിത്, മൂന്നാം ടെസ്റ്റിന് ശേഷമുള്ള വാര്‍ത്താസമ്മേളനത്തില്‍ തന്റെ പ്രകടനത്തെക്കുറിച്ച് സംസാരിച്ചിരുന്നു.
'ഞാന്‍ നന്നായി ബാറ്റ് ചെയ്തിട്ടില്ലെന്നും തന്നെ പോരായ്മകള്‍ അംഗീകരിക്കുന്നതിനൊപ്പം തയ്യാറെടുപ്പുകളിലും മാനസികാവസ്ഥയിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ടെന്നും രോഹിത്ത് കൂട്ടിച്ചേര്‍ത്തു.