വില്യംസണ്‍ തോറ്റതില്‍ സങ്കടമുണ്ട്, തുറന്ന് പറഞ്ഞ് കോഹ്ലി
ഐസിസി ചാമ്പ്യന്‍സ് ട്രോഫി ഏകദിന ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ഇന്ത്യ ജേതാക്കളായതിന് പിന്നാലെ സൂപ്പര്‍ താരം വിരാട് കോഹ്ലി മനസ്സ് തുറന്നു. ചാമ്പ്യന്‍സ് ട്രോഫി നേടിയതില്‍ വളരെ സന്തോഷമുണ്ടെന്നും ഓസ്‌ട്രേലിയയില്‍ പരമ്പര പരാജയപ്പെട്ടതിന് പിന്നാലെ ശക്തമായി തിരിച്ചുവരുകയായിരുന്നു ലക്ഷ്യമെന്നും കോഹ്ലി പറഞ്ഞു.
മികച്ച യുവതാരങ്ങള്‍ക്കൊപ്പം കളിക്കുന്നതില്‍ സന്തോഷമുണ്ട്. അവര്‍ ഇന്ത്യയെ ശരിയായ ദിശയിലേക്ക് നയിക്കുന്നു. ഓരോ മത്സരത്തിലും ഓരോ താരങ്ങളും കൃത്യമായ പങ്കുവഹിച്ചു. ഓരോ താരങ്ങളും നല്‍കിയ സംഭാവനകള്‍ നിര്‍ണായകമായിരുന്നു. അവര്‍ക്ക് അനുഭവസമ്പത്ത് പകര്‍ന്നു നല്‍കാനായിരുന്നു തന്റെ ശ്രമം. ഗില്‍, ശ്രേയസ്, ഹാര്‍ദിക് എല്ലാവരും നന്നായി കളിച്ചു. ഇന്ത്യന്‍ ടീം സുരക്ഷിത കരങ്ങളിലാണെന്നും മത്സരശേഷം വിരാട് കോഹ്ലി പറഞ്ഞു.
'ന്യൂസിലാന്‍ഡിന് ശക്തമായ പോരാട്ടം നടത്താന്‍ കഴിയുമെന്ന് അറിയാമായിരുന്നു. അവര്‍ ഒരു പദ്ധതിയുമായാണ് എപ്പോഴും വരുന്നത്. ബൗളര്‍ എവിടെ പന്തെറിയുമെന്ന് ഓരോ ഫീല്‍ഡര്‍ക്കും അറിയാം. ന്യൂസിലാന്‍ഡിന് അവരുടെ കഴിവില്‍ വലിയ വിശ്വാസമുണ്ട്. ലോക ക്രിക്കറ്റിലെ മികച്ച ഫീല്‍ഡിംഗ് നിരയാണ് ന്യൂസിലാന്‍ഡ്. കിവീസ് ടീമിന് അഭിനന്ദനങ്ങള്‍. പ്രിയ സുഹൃത്ത്, കെയ്ന്‍ വില്യംസണ്‍ പരാജയപ്പെട്ട ടീമിന്റെ ഭാഗമാണെന്നത് വിഷമിപ്പിക്കുന്നു. തന്റെയും വില്യംസണിന്റെയും ഇടയില്‍ സ്‌നേഹം മാത്രമാണുള്ളത്,' കോഹ്ലി വ്യക്തമാക്കി.
ഐസിസി ചാമ്പ്യന്‍സ് ട്രോഫി ഏകദിന ക്രിക്കറ്റ് ടൂര്‍ണമെന്റ് ഫൈനലില്‍ ന്യൂസിലന്‍ഡിനെ നാല് വിക്കറ്റിന് പരാജയപ്പെടുത്തിയാണ് ഇന്ത്യ കിരീടം നേടിയത്. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാന്‍ഡ് നിശ്ചിത 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 271 റണ്‍സെടുത്തു. മറുപടി ബാറ്റിംഗില്‍ 49 ഓവറില്‍ ഇന്ത്യ ആറ് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി.