ജയ്‌സ്വാളിന്റെ അമാനുഷികമായ ക്യാച്ച്, ഓസീസ് പടയുടെ വായടപ്പിച്ച് കോഹ്ലി, രണ്ടാം ദിനം ചൂട് പിടിച്ചതിങ്ങനെ
അഡ്‌ലെയ്ഡിൽ നടക്കുന്ന രണ്ടാം ടെസ്റ്റിന്റെ രണ്ടാം ദിവസം തുടക്കത്തിലെ തിരിച്ചടികൾക്ക് ശേഷം മാർനസ് ലാബുഷെയ്‌നും, ട്രാവിസ് ഹെഡും ചേർന്ന് ഇന്ത്യൻ ബൗളർമാർക്ക് ചെറുതല്ലാത്ത തലവേദനയാണ് നൽകിയത്. മത്സരം ഇന്ത്യയുടെ കയ്യിൽ നിന്നും വഴുതി പോവുകയാണെന്ന് തോന്നിച്ച സമയത്താണ് മാർനസ് ലബുഷെയ്‌ൻ പുറത്തായത്.
ലാബുഷെയ്‌ന്റെ വിക്കറ്റ് ഇന്ത്യൻ താരങ്ങളെ ആവേശഭരിതരാക്കി. നിതീഷ് കുമാർ റെഡ്ഡി വീഴ്ത്തിയ വിക്കറ്റിൽ ആഹ്ലാദം പ്രകടിപ്പിച്ച വിരാട് കോഹ്‌ലി, അതുവരെ ആർത്തുവിളിച്ചു കൊണ്ടിരുന്ന ഓസീസ് ആരാധകരോട് നിശബ്ദരാകാൻ ആംഗ്യം കാണിച്ചു കൊണ്ടാണ് വിക്കറ്റ് ആഘോഷിച്ചത്.
വീഡിയോ കാണാം:
ഇന്നിംഗ്‌സിലെ 56-ാം ഓവറിലാണ് ലബുഷെയ്‌ൻ പുറത്തായത്. റെഡ്ഡിയുടെ പന്ത് കട്ട് ചെയ്യാൻ ശ്രമിച്ച ലബുഷെയ്‌ൻ പന്ത് മിസ്‌ഹിറ്റ് ചെയ്തു. ഗള്ളിയിൽ നിന്ന യശസ്വി ജയ്‌സ്വാൾ അത്ഭുതകരമായ റിഫ്ലെക്സുമായി പന്ത് കയ്യിലൊതുക്കുകയായിരുന്നു. ട്രാവിസ് ഹെഡുമായുള്ള 65 റൺസിന്റെ കൂട്ടുകെട്ടാണ് ഇതോടെ അവസാനിച്ചത്.
എന്നാൽ തുടർന്നും മികച്ച രീതിയിൽ ബാറ്റ് വീശിയ ട്രാവിസ് ഹെഡ് ഓസീസിന് നിർണായകമായ ലീഡ് സമ്മാനിച്ചു. മൂന്ന് വിക്കറ്റുകൾ വീഴ്ത്തി ഇന്ത്യൻ ബൗളർമാർ ഓസ്ട്രേലിയയെ സമ്മർദ്ദത്തിലാക്കിയെങ്കിലും ട്രാവിസ് ഹെഡ് മികച്ച പ്രത്യാക്രമണത്തിലൂടെ ആധിപത്യം തിരിച്ചുപിടിക്കുകയായിരുന്നു. രണ്ടാം ദിവസം ചായക്ക് പിരിയുമ്പോൾ ഓസീസ് 11 റൺസ് ലീഡ് നേടിക്കഴിഞ്ഞു. നിലവിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 191 റൺസ് എന്ന നിലയിലാണ് ഓസീസ്.
മാർനസ് ലബുഷെയ്‌ൻ (64), സ്റ്റീവ് സ്മിത്ത് (2), മിച്ചൽ മാർഷ് (0) എന്നിവരാണ് രണ്ടാം ദിനം പുറത്തായത്. ജസ്പ്രീത് ബുംറ രണ്ട് വിക്കറ്റുകളും നിതീഷ് കുമാർ റെഡ്ഡി ഒരു വിക്കറ്റും നേടി. 53 റൺസുമായി ഹെഡും, 2 റൺസുമായി മിച്ചൽ മാർഷുമാണ് ക്രീസിൽ. ഏകദിന ശൈലിയിൽ ബാറ്റ് വീശിയ ട്രാവിസ് ഹെഡ് ജസ്പീത് ബുംറ ഒഴികെയുള്ള ഒരു ബൗളറെയും നിലയുറപ്പിക്കാൻ അനുവദിക്കാതെയാണ് ഇന്നിങ്സ് കെട്ടിപ്പടുത്തത്.