പോയി അഭ്യന്തര ക്രിക്കറ്റ് കളിയ്ക്ക്, കോഹ്ലിയ്‌ക്കെതിരെ പൊട്ടിത്തെറിച്ച് ഇന്ത്യന്‍ താരങ്ങള്‍
ന്യൂസിലാന്‍ഡിനെതിരായ രണ്ടാം ടെസ്റ്റിലെ ഒന്നാം ഇന്നിംഗ്‌സില്‍ വിരാട് കോഹ്ലിയുടെ മോശം പ്രകടനത്തിന് പിന്നാലെ രൂക്ഷ വിമര്‍ശനവുമായി മുന്‍ ഇന്ത്യന്‍ താരങ്ങള്‍ രംഗത്ത്. കോഹ്ലി പുറത്തായ ഷോട്ട് 'കരിയറിലെ ഏറ്റവും മോശം' എന്നാണ് മുന്‍ ഇന്ത്യന്‍ താരം സഞ്ജയ് മഞ്ജരേക്കര്‍ വിശേഷിപ്പിച്ചത്.
'കോഹ്ലി എപ്പോഴും ക്രീസിലേക്ക് വരുന്നത് മികച്ചൊരു ഇന്നിംഗ്‌സ് കളിക്കണമെന്ന ആഗ്രഹത്തോടെയാണ്. ഇതുപോലൊരു ഇന്നിംഗ്‌സ് അദ്ദേഹത്തില്‍ നിന്നുണ്ടാകുന്നത് അസാധാരണമാണ്,' മഞ്ജരേക്കര്‍ പറഞ്ഞു.
രവി ശാസ്ത്രിയും കോഹ്ലിയുടെ പ്രകടനത്തില്‍ നിരാശ പ്രകടിപ്പിച്ചു. 'ഇതുപോലൊരിക്കലും വിരാട് കോഹ്ലി കളിച്ചിട്ടില്ല,' ശാസ്ത്രി അഭിപ്രായപ്പെട്ടു.
അനില്‍ കുംബ്ലെ കോഹ്ലിക്ക് ആഭ്യന്തര ക്രിക്കറ്റില്‍ കൂടുതല്‍ മത്സരങ്ങള്‍ കളിക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടി. 'ആഭ്യന്തര ക്രിക്കറ്റില്‍ ഒന്നോ രണ്ടോ മത്സരങ്ങള്‍ കളിച്ചിരുന്നെങ്കില്‍ കോഹ്ലിക്ക് ഇത്തരമൊരു ഷോട്ട് കളിക്കേണ്ടി വരില്ലായിരുന്നു. മികച്ച പരിശീലനത്തിന്റെ കുറവാണ് കോഹ്ലിയില്‍ അനുഭവപ്പെടുന്നത്' കുംബ്ലെ പറഞ്ഞു.
മത്സരത്തില്‍ ഒരു റണ്‍സ് മാത്രമാണ് കോഹ്ലിക്ക് സ്‌കോര്‍ ചെയ്യാനായത്. ന്യൂസിലാന്‍ഡ് സ്പിന്നര്‍ മിച്ചല്‍ സാന്റ്‌നറുടെ പന്തില്‍ ക്ലീന്‍ ബൗള്‍ഡായാണ് കോഹ്ലി പുറത്തായത്. ന്യൂസിലാന്‍ഡിന്റെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 259ന് മറുപടി പറഞ്ഞ ഇന്ത്യ ആദ്യ ഇന്നിംഗ്‌സില്‍ വെറും 156 റണ്‍സില്‍ ഓള്‍ ഔട്ടായി.