For the best experience, open
https://m.pavilionend.in
on your mobile browser.
Advertisement

ഗോള്‍ഡണ്‍ ഡെക്കായി കോഹ്ലി, പിന്നാലെ രക്ഷനായി അമ്പയര്‍, സ്മിത്തുമായി ഏറ്റുമുട്ടല്‍

10:14 AM Jan 03, 2025 IST | Fahad Abdul Khader
UpdateAt: 10:14 AM Jan 03, 2025 IST
ഗോള്‍ഡണ്‍ ഡെക്കായി കോഹ്ലി  പിന്നാലെ രക്ഷനായി അമ്പയര്‍  സ്മിത്തുമായി ഏറ്റുമുട്ടല്‍

സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടക്കുന്ന ഓസ്ട്രേലിയക്കെതിരായ അഞ്ചാം ടെസ്റ്റിന്റെ ആദ്യ ദിനത്തില്‍ ഇന്ത്യന്‍ താരം വിരാട് കോഹ്ലിക്ക് വിലപ്പെട്ട ഒരു ജീവന്‍ ദാനം ലഭിച്ചു. പതിവ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയ്ക്ക് വിശ്രമം അനുവദിച്ചതോടെ വൈസ് ക്യാപ്റ്റന്‍ ജസ്പ്രിത് ബുംറയ്ക്ക് കീഴിലാണ് ഇന്ത്യ ഇറങ്ങിയത്. ടോസ് നേടിയതോടെ ആദ്യം ബാറ്റ് ചെയ്യാന്‍ തീരുമാനിച്ച ഇന്ത്യയ്ക്ക് തുടക്കത്തില്‍ തന്നെ തിരിച്ചടി നേരിട്ടു. യശസ്വി ജയ്സ്വാളും കെ എല്‍ രാഹുലും വേഗത്തില്‍ പുറത്തായി.

തുടര്‍ന്ന് ശുഭ്മാന്‍ ഗില്ലിനൊപ്പം ക്രീസിലെത്തിയ കോഹ്ലിക്ക് ആദ്യ പന്തില്‍ തന്നെ പുറത്താകേണ്ടതായിരുന്നു. സ്‌കോട്ട് ബോളണ്ടിന്റെ പന്ത് കോഹ്ലിയുടെ ബാറ്റില്‍ തട്ടി രണ്ടാം സ്ലിപ്പില്‍ നിന്ന സ്റ്റീവ് സ്മിത്ത് മിന്നല്‍ പോലെ പിടിച്ചെടുത്തു. പിന്നാലെ സ്മിത്ത് പന്ത് മുകളിലേക്ക് എറിഞ്ഞു, മാര്‍നസ് ലബുഷെയ്ന്‍ ക്യാച്ച് പിടിച്ചു.

Advertisement

ഓസ്ട്രേലിയന്‍ താരങ്ങള്‍ ആഘോഷം തുടങ്ങിയെങ്കിലും, ഓണ്‍-ഫീല്‍ഡ് അമ്പയര്‍ തീരുമാനം മൂന്നാം അമ്പയര്‍ക്ക് വിട്ടു. സ്മിത്ത് പന്ത് പിടിക്കുന്നതിന് മുമ്പ് അത് നിലത്ത് തട്ടിയിരുന്നതായി റീപ്ലേയില്‍ വ്യക്തമായി. അങ്ങനെ കോഹ്ലിക്ക് ആദ്യ പന്തില്‍ തന്നെ ഒരു നിര്‍ണായക ജീവന്‍ ദാനം ലഭിച്ചു.

ഇതോടെ കോഹ്ലിയും സ്മിത്തും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. ഇത് നാടകീയ സംഭവങ്ങള്‍ക്കിടയാക്കി. പ്രശ്‌നം അതുകൊണ്ടും തീര്‍ന്നില്ല ലഞ്ച് ഇടവേളയില്‍ സ്മിത്ത് സംഭവത്തെക്കുറിച്ച് തുറന്നുപറഞ്ഞു. താന്‍ പന്ത് വൃത്തിയായി കൈപിടിയില്‍ ഒതുക്കിയിരുന്നുവെന്നും അത് പൂര്‍ണ്ണമായ ഒരു ക്യാച്ചായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Advertisement

മുന്‍ ഓസ്ട്രേലിയന്‍ ക്യാപ്റ്റന്‍ റിക്കി പോണ്ടിംഗും മൂന്നാം അമ്പയറുടെ തീരുമാനത്തിനെതിരെ രംഗത്തെത്തി. സ്മിത്തിന്റെ വിരലുകള്‍ പന്തിന് താഴെയായിരുന്നെന്നും അത് വ്യക്തമായ ഒരു ക്യാച്ചായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

അതെസമയം ഈ ലഭിച്ച ജീവന്‍ കോഹ്ലിയ്ക്ക് മുതലാക്കാനായില്ല. സ്‌കോട്ട് ബോളണ്ടിന്റെ പന്തില്‍ 17 റണ്‍സെടുത്ത് കോഹ്ലി പുറത്തായി. മത്സരത്തില്‍ നിലവില്‍ ഇന്ത്യ ബാറ്റിംഗ് തകര്‍ച്ച നേരിടുകയാണ്. ആദ്യ ദിനം ചായക്ക് പിരിയുമ്പോള്‍ ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തില്‍ 107 റണ്‍സ് എന്ന നിലയിലാണ്.

Advertisement

32 റണ്‍സുമായി റിഷഭ് പന്തും 11 റണ്‍സുമായി രാവീന്ദ്ര ജഡേജയുമാണ് ക്രീസില്‍. യശസ്വി ജയ്‌സ്വാള്‍ (10), കെഎല്‍ രാഹുല്‍ (4), ശുഭ്മാന്‍ ഗില്‍ (20), വിരാട് കോഹ്ലി (17) എന്നിവരാണ് പുറത്തായ ബാറ്റര്‍മാര്‍. ഓസ്‌ട്രേലിയക്കായി സ്‌കോട്ട് ബോളണ്ട് രണ്ടും മിച്ചല്‍ സ്റ്റാര്‍ക്കും നഥാന്‍ ലിയോണും ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി.

Advertisement