കോഹ്ലിയെ പുറത്താക്കിയേക്കും, കടുത്ത നടപടിയ്‌ക്കൊരുങ്ങി ഐസിസി
മെല്‍ബണ്‍: ഓസ്ട്രേലിയന്‍ യുവതാരം സാം കോണ്‍സ്റ്റാസുമായുള്ള കൂട്ടിയിടിയില്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കോഹ്ലി വിവാദത്തിലായിരിക്കുകയാണല്ലോ. മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടക്കുന്ന നാലാം ടെസ്റ്റിന്റെ ആദ്യ ദിനത്തില്‍ കോണ്‍സ്റ്റാസിനെ മനഃപൂര്‍വ്വം തോളില്‍ ഇടിച്ചുവീഴ്ത്താന്‍ ശ്രമിച്ച കോഹ്ലിയുടെ പ്രവൃത്തിയാണ് ക്രിക്കറ്റ് ലോകത്ത് വലിയ വിമര്‍ശനങ്ങള്‍ക്ക് കാരണമാക്കിയിരിക്കുന്നത്.
റിക്കി പോണ്ടിംഗ്, മൈക്കല്‍ വോണ്‍ തുടങ്ങിയ മുന്‍ ക്രിക്കറ്റ് താരങ്ങള്‍ കോഹ്ലിക്കെതിരെ ഐസിസിയുടെ ശിക്ഷ നടപടി ഇതിനോടകം ആവശ്യപ്പെട്ടു കഴിഞ്ഞു. സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് ഐസിസി ഇക്കാര്യം പരിശോധിക്കുമെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്.
ചാനല്‍ സെവനില്‍ സംസാരിക്കവെ, കോഹ്ലിയുടെ പ്രവൃത്തി പ്രകോപനപരമാണെന്നും അമ്പയര്‍മാരും മാച്ച് റഫറിയും ഇക്കാര്യത്തില്‍ ഇടപെടണമെന്നും പോണ്ടിംഗ് അഭിപ്രായപ്പെട്ടു.
'കോണ്‍സ്റ്റാസുമായി ഏറ്റുമുട്ടാന്‍ വിരാട് മനഃപൂര്‍വ്വം പിച്ചിലൂടെ നടന്നു ചെല്ലുകയായിരുന്നു' പോണ്ടിംഗ് പറഞ്ഞു. 'കോണ്‍സ്റ്റാസ് പിച്ചിലേക്ക് നോക്കിയത് വളരെ വൈകിയാണ്, ആരെങ്കിലും മുന്നിലുണ്ടെന്ന് അവന് അറിയില്ലായിരുന്നു.'
മൈക്കല്‍ വോണും പോണ്ടിംഗിന്റെ അഭിപ്രായത്തോട് യോജിച്ചു. മാച്ച് റഫറി ആന്‍ഡി പിക്രോഫ്റ്റ് ഈ വിഷയം ഗൗരവമായി പരിഗണിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.
ഐസിസി റൂള്‍ ബുക്കിലെ 'ലോ 2.12' പ്രകാരമാണ് ഈ സംഭവം വരുന്നത്. മനഃപൂര്‍വ്വമോ അശ്രദ്ധമായോ മറ്റൊരു കളിക്കാരനുമായി ശാരീരിക സമ്പര്‍ക്കം പാടില്ല എന്നാണ് ഈ നിയമം. സംഭവത്തിന്റെ ഗൗരവം അനുസരിച്ച് കോഹ്ലിക്ക് പിഴയോ തൊട്ടടുത്ത മത്സരത്തില്‍ നിന്ന് സസ്‌പെന്‍ഷനോ ലഭിച്ചേക്കാം.