കോഹ്ലിയ്ക്ക് വികാരങ്ങളടക്കാനാകുന്നില്ല, നാണംകെട്ട് പുറത്താകുന്നതിന് പിന്നിലെ കാരണം വിശദമാക്കി ഓസീസ് താരം
പൂനെയിലെ മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തില്‍ ന്യൂസിലന്‍ഡിനെതിരായ രണ്ടാം ടെസ്റ്റിലും വിരാട് കോഹ്ലിക്ക് മോശം പ്രകടനം ആണ് കാഴ്ച്ചവെച്ചത്. (1, 17). മത്സരത്തിന്റെ ആദ്യ ഇന്നിംഗ്‌സില്‍, വളരെ മോശമായ രീതിയിലാണ് കോഹ്ലി പുറത്തായത്. മിച്ചല്‍ സാന്റ്‌നറുടെ ഫുള്‍ ടോസ് പന്ത് ലെഗ് സൈഡിലേക്ക് അടിക്കാന്‍ ശ്രമിക്കുന്നതിനിടെ കോഹ്ലി ക്ലീന്‍ ബൗള്‍ഡ് ആവുകയായിരുന്നു. ഒമ്പത് പന്തില്‍ നിന്ന് ഒരു റണ്‍ മാത്രമാണ് കോലി നേടിയത്.
കോലിയുടെ പുറത്താകല്‍ രീതി അദ്ദേഹത്തെ മാത്രമല്ല, കമന്റേറ്റര്‍മാരെയും ആരാധകരെയും ഞെട്ടിച്ചു. മുന്‍ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരം ബ്രാഡ് ഹോഗ് ഇതിനോട് പ്രതികരിച്ചുകൊണ്ട് പറഞ്ഞത് കോഹ്ലി തന്റെ വികാരങ്ങള്‍ നിയന്ത്രിക്കുന്നതില്‍ പരാജയപ്പെട്ടുവെന്നാണ്.
'അവര്‍ ന്യൂസിലന്‍ഡിനെ വളരെ നിസാരമായി കണ്ടു. ക്യാച്ച്-അപ്പ് ക്രിക്കറ്റ് കളിക്കാന്‍ ശ്രമിക്കുകയാണ്. രണ്ടാം ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്‌സില്‍ വിരാട് കോഹ്ലിയുടെ മനസ്ഥിതിയില്‍ പെട്ടെന്നുള്ള മാറ്റം നിങ്ങള്‍ കണ്ടു. അദ്ദേഹം കൂടുതല്‍ ആക്രമണാത്മകനായിരുന്നു, അദ്ദേഹം ക്രീസിലേക്ക് നടന്ന രീതി, ബൗളിംഗിനെ ആക്രമിക്കാന്‍ ശ്രമിച്ച രീതി. അദ്ദേഹം അമിതമായി വിശകലനം ചെയ്യുന്നതായി തോന്നി, അദ്ദേഹം തന്റെ വികാരങ്ങള്‍ നിയന്ത്രിച്ചിരുന്നില്ല, അത് അദ്ദേഹം പുറത്തായ ഷോട്ടില്‍ കാണിച്ചു' ഹോഗ് തന്റെ യൂട്യൂബ് ചാനലില്‍ പറഞ്ഞു.
സ്വന്തം നാട്ടില്‍ പരമ്പരയില്‍ 0-2ന് പിന്നിലായ ഇന്ത്യന്‍ ടീം, ന്യൂസിലന്‍ഡ് ബൗളര്‍മാര്‍ക്കെതിരെ, പ്രത്യേകിച്ച് സ്പിന്നര്‍മാര്‍ക്കെതിരെ പരാജയപ്പെട്ടത് ഇന്ത്യന്‍ ക്രിക്കറ്റില്‍ വലിയ ആഘാതമാണ് സൃഷ്ടിച്ചിരിക്കുന്നത്. ഇതോടെ മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തില്‍ നടക്കുന്ന മൂന്നാം ടെസ്റ്റില്‍ ഒരു റാങ്ക് ടേണര്‍ പിച്ചൊരുക്കാനാണ് മാനേജുമെന്റ് ആലോചിക്കുന്നത്.
വെള്ളിയാഴ്ച ആരംഭിക്കുന്ന അവസാന ടെസ്റ്റിന് മുന്നോടിയായി ടീം മാനേജ്‌മെന്റ് എത്രത്തോളം അടിയന്തരമായി കാര്യങ്ങള്‍ കാണുന്നുവെന്ന് വ്യക്തമാക്കുന്നതായിരുന്നു ഇന്ത്യയുടെ പരിശീലന സെഷന്‍. വിരാട് കോലി, രോഹിത് ശര്‍മ്മ തുടങ്ങിയ മുതിര്‍ന്ന ബാറ്റര്‍മാര്‍ പോലും ഏറെ കഠനാധ്വാനം ചെയ്യുന്നത് കാണാനായി.
ബെംഗളൂരുവില്‍ നടന്ന ആദ്യ ടെസ്റ്റില്‍, ഇന്ത്യന്‍ ബാറ്റിംഗ് നിര ന്യൂസിലന്‍ഡ് ബൗളര്‍മാരുടെ ലൈനിനും ബൗണ്‍സിനും മുന്നില്‍ കീഴടങ്ങി. പൂനെയില്‍ നടന്ന രണ്ടാം മത്സരത്തില്‍ ഇടംകൈയ്യന്‍ സ്പിന്നര്‍ സാന്റ്‌നര്‍ അവരെ കീഴടക്കി. രണ്ട് ഇന്നിംഗ്‌സുകളിലുമായി 13 വിക്കറ്റുകളാണ് സാന്റ്‌നര്‍ വീഴ്ത്തിയത്.