കോഹ്ലി കുറച്ചുകാലം കൂടി കളിക്കും, രോഹിത്തിന് കരിയര്‍ എന്‍ഡ്, തുറന്നടിച്ച് രവി ശാസ്ത്രി
ഇന്ത്യന്‍ സൂപ്പര്‍ താരം വിരാട് കോഹ്ലി കുറച്ചുകാലം കൂടി അന്താരാഷ്ട്ര ക്രിക്കറ്റില്‍ കളിക്കുമെന്ന് വെളിപ്പെടുത്തി മുന്‍ ഇന്ത്യന്‍ പരിശീലകന്‍ രവി ശാസ്ത്രി. എന്നാല്‍, ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ കാര്യത്തില്‍ തീരുമാനം അദ്ദേഹത്തിന്റേതാണെന്നും ശാസ്ത്രി പറഞ്ഞു.
ഓസ്ട്രേലിയക്കെതിരായ നാലാം ടെസ്റ്റിന്റെ അഞ്ചാം ദിനത്തില്‍ സ്റ്റാര്‍ സ്പോര്‍ട്സില്‍ സംസാരിക്കുകയായിരുന്നു ശാസ്ത്രി.
'വിരാട് കുറച്ചുകാലം കൂടി കളിക്കുമെന്ന് ഞാന്‍ കരുതുന്നു. അവന്‍ പുറത്തായ രീതിയോ മറ്റോ മറക്കൂ. അവന്‍ ഇനിയും മൂന്നോ നാലോ വര്‍ഷം കളിക്കുമെന്ന് ഞാന്‍ കരുതുന്നു. രോഹിത്തിന്റെ കാര്യത്തില്‍, അത് അദ്ദേഹത്തിന്റെ തീരുമാനമാണ്. ഓപ്പണിംഗില്‍ അദ്ദേഹത്തിന്റെ ഫൂട്ട്വര്‍ക്ക് പഴയതുപോലെയല്ല. പലപ്പോഴും പന്ത് നേരിടാന്‍ അദ്ദേഹം വൈകുന്നു. പരമ്പരയ്ക്ക് ശേഷം അദ്ദേഹം ഒരു തീരുമാനമെടുക്കും' ശാസ്ത്രി പറഞ്ഞു.
ഓസ്ട്രേലിയക്കെതിരായ പരമ്പരയില്‍ കോഹ്ലിയും രോഹിത്തും മോശം ഫോമിലാണ്. ഇത് ആരാധകരില്‍ നിന്നും വിദഗ്ധരില്‍ നിന്നും വലിയ വിമര്‍ശനങ്ങള്‍ക്ക് കാരണമായിട്ടുണ്ട്.
മെല്‍ബണ്‍ ടെസ്റ്റിന്റെ അഞ്ചാം ദിനം ഉച്ചഭക്ഷണ സമയത്ത് ഇന്ത്യ 33 റണ്‍സിന് 3 വിക്കറ്റ് എന്ന നിലയിലാണ്. രോഹിത് (9), കോഹ്ലി (5), രാഹുല്‍ (0) എന്നിവരാണ് പുറത്തായത്. യശസ്വി ജയ്സ്വാള്‍ (14) പുറത്താകാതെ നില്‍ക്കുന്നു.
നേരത്തെ, രണ്ടാം ഇന്നിംഗ്സില്‍ ഓസ്ട്രേലിയ 234 റണ്‍സിന് പുറത്തായി. ജസ്പ്രീത് ബുംറ അഞ്ച് വിക്കറ്റ് വീഴ്ത്തി. ഇതോടെ 340 റണ്‍സ് വിജയലക്ഷ്യം മുന്‍ നിര്‍ത്തിയാണ് ഇന്ത്യ ബാറ്റ് ചെയ്യുന്നത്.