ഉടന്‍ വിരമിക്കൂ, കോഹ്ലിയോടും രോഹിത്തിനോടും ടെസ്റ്റ് മതിയാക്കാന്‍ ക്രിക്കറ്റ് ലോകത്ത് മുറവിളി
പൂനെയില്‍ നടക്കുന്ന ന്യൂസിലന്‍ഡിനെതിരായ രണ്ടാം ടെസ്റ്റിലെ ഇന്ത്യയുടെ മോശം പ്രകടനത്തിന് പിന്നാലെ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയെയും സൂപ്പര്‍ താരം വിരാട് കോഹ്ലിയെയും വിമര്‍ശിച്ച് ആരാധകര്‍ രംഗത്തെത്തി. ടെസ്റ്റില്‍ നിന്ന് ഇരുവരും വിരമിക്കണമെന്ന്ാണ് സോഷ്യല്‍ മീഡിയയിലൂടെ ഒരു വിഭാഗം ക്രിക്കറ്റ് ആരാധകര്‍ മുറവിളി കൂട്ടുന്നത്.
ആദ്യ ഇന്നിംഗ്‌സില്‍ രോഹിത് പൂജ്യത്തിനും കോഹ്ലി ഒമ്പത് പന്തില്‍ നിന്ന് ഒരു റണ്‍സിനും പുറത്തായതാണ് ആരാധകരെ ചൊടിപ്പിച്ചത്. ടി20 ലോകകപ്പിന് ശേഷം ടെസ്റ്റ് ക്രിക്കറ്റില്‍ ഇരുവരുടെയും പ്രകടനം മോശമാണെന്ന് ആരാധകര്‍ ചൂണ്ടിക്കാട്ടി. നേരത്തെ ആദ്യ ടെസ്റ്റിലും സമാനമായ രീതിയില്‍ ഇരുവരും പൂജ്യരായി പുറത്തായിരുന്നു.
'രോഹിത് ശര്‍മ്മയും വിരാട് കോഹ്ലിയും ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യന്‍ ടീമിന് വലിയ ബാധ്യതയായി മാറിയിരിക്കുകയാണ്. സ്വന്തം നാട്ടിലെ പരിചിതമായ പിച്ചുകളില്‍പ്പോലും റണ്ണെടുക്കാന്‍ ഇരുവര്‍ക്കും കഴിയുന്നില്ല,' ഒരു ആരാധകന്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
'ടെസ്റ്റില്‍ നിന്ന് രോഹിതും കോഹ്ലിയും എത്രയും പെട്ടെന്ന് വിരമിക്കണം. പകരം റുതുരാജ് ഗെയ്ക്വാദ്, സഞ്ജു സാംസണ്‍ എന്നിവര്‍ക്ക് അവസരം നല്‍കണം,' മറ്റൊരു ആരാധകന്‍ അഭിപ്രായപ്പെട്ടു.
അതേസമയം, പൂനെ ടെസ്റ്റില്‍ ഇന്ത്യക്ക് ഒന്നാമിന്നിങ്സില്‍ വന്‍ ബാറ്റിങ് തകര്‍ച്ചയാണ് നേരിട്ടിരിക്കുന്നത്. ന്യൂസിലാന്‍ഡിന്റെ ഒന്നാമിന്നിങ്സ് ടോട്ടലായ 259 റണ്‍സിനു മറുപടിയില്‍ രണ്ടാംദിനം ഉച്ചഭക്ഷണത്തിന് പിരിയുമ്പോള്‍ ഇന്ത്യ ഏഴു വിക്കറ്റിനു 107 റണ്‍സ് എന്ന ദയനീയ സ്ഥിതിയിലാണ്.