കിരീട നേട്ടത്തിന് ശേഷം രോഹിത്തിനെ 'ഊക്കി' കോഹ്ലി, ക്രിക്കറ്റ് ലോകം നിന്ന് കത്തുന്നു
കഴിഞ്ഞ 17 സീസണുകളിലും കൈയ്യകലത്ത് നഷ്ടപ്പെട്ട ഐപിഎല്‍ കിരീടം ഒടുവില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ (ആര്‍സിബി) സ്വന്തമാക്കിയിരിക്കുകയാണ്. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ വെച്ച് നടന്ന ആവേശകരമായ ഫൈനലില്‍ പഞ്ചാബ് കിംഗ്‌സിനെ ആറ് റണ്‍സിന് തോല്‍പ്പിച്ചാണ് ആര്‍സിബി ചരിത്രം കുറിച്ചത്. ടീമിന്റെ നെടുംതൂണായ വിരാട് കോഹ്ലിക്ക് ഇത് വൈകാരികമായ നിമിഷങ്ങളായിരുന്നു. വിജയമുറപ്പിച്ച അവസാന ഓവറില്‍ കോഹ്ലിയുടെ കണ്ണുകളില്‍ നിന്ന് സന്തോഷാശ്രുക്കള്‍ ഒഴുകിയിറങ്ങുന്നത് കാണാമായിരുന്നു.
കോഹ്ലിയുടെ 'ഇംപാക്ട് പ്ലെയര്‍' നിലപാട്
മത്സരശേഷം മാത്യു ഹെയ്ഡനുമായി നടത്തിയ അഭിമുഖത്തില്‍ കോഹ്ലി ആര്‍സിബിക്കൊപ്പമുള്ള തന്റെ ഭാവിയെക്കുറിച്ചും ടീമിന്റെ വിജയത്തെക്കുറിച്ചും വിശദമായി സംസാരിച്ചു. ടൂര്‍ണമെന്റിന്റെ ആരംഭം മുതല്‍ ഒരു ടീമിന് വേണ്ടി മാത്രം കളിച്ച ഏക കളിക്കാരനാണ് കോഹ്ലി. തന്റെ കളി നിര്‍ത്തുന്നത് വരെ ആര്‍സിബിക്കായി എല്ലാം നല്‍കാന്‍ താന്‍ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഇതിനിടെ, 'ഇംപാക്ട് പ്ലെയര്‍' നിയമത്തെക്കുറിച്ചുള്ള കോഹ്ലിയുടെ പരാമര്‍ശം ഏറെ ചര്‍ച്ചയായി. തനിക്ക് ഒരു 'ഇംപാക്ട് പ്ലെയര്‍' ആയി കളിക്കാനാവില്ലെന്ന് അദ്ദേഹം തുറന്നു പറഞ്ഞു.
'എനിക്ക് കളിക്കാന്‍ അധികം വര്‍ഷങ്ങളില്ല. എന്റെ കരിയറിന് ഒരു അവസാനമുണ്ട്, അത് നിങ്ങള്‍ക്കറിയാം. എന്റെ കളി നിര്‍ത്തുമ്പോള്‍, ഞാന്‍ വീട്ടിലിരുന്ന് എനിക്ക് എല്ലാം നല്‍കാന്‍ കഴിഞ്ഞെന്ന് പറയണം. അതിനാല്‍ മെച്ചപ്പെടാനുള്ള വഴികള്‍ ഞാന്‍ തേടുന്നു. എനിക്കൊരു ഇംപാക്ട് പ്ലെയറായി കളിക്കാനാവില്ല. എനിക്ക് 20 ഓവറും ഫീല്‍ഡ് ചെയ്യുകയും ഫീല്‍ഡില്‍ സ്വാധീനം ചെലുത്തുകയും വേണം. അങ്ങനെയുള്ള ഒരു കളിക്കാരനാണ് ഞാന്‍. ആ കാഴ്ചപ്പാടും കഴിവും ദൈവം എന്നെ അനുഗ്രഹിച്ചു. അപ്പോള്‍ നിങ്ങള്‍ക്ക് ടീമിനെ സഹായിക്കാന്‍ വ്യത്യസ്ത വഴികള്‍ കണ്ടെത്താനാകും,' കോഹ്ലി മത്സരശേഷം പറഞ്ഞു.
രോഹിത് ശര്‍മ്മയും ഇംപാക്ട് പ്ലെയര്‍ നിയമവും
ഈ സീസണില്‍ ഐപിഎല്ലിലെ പ്രമുഖ കളിക്കാരിലൊരാളും ലീഗിലെ രണ്ടാമത്തെ ഉയര്‍ന്ന റണ്‍സ് സ്‌കോററുമായ രോഹിത് ശര്‍മ്മയെ മുംബൈ ഇന്ത്യന്‍സ് കൂടുതലും ഇംപാക്ട് പ്ലെയറായാണ് ഉപയോഗിച്ചത്. രോഹിത് മിക്കവാറും ഡഗ്ഔട്ടില്‍ നിന്നാണ് കളി കണ്ടത്. ഇത് വിരാട് കോഹ്ലിയുടെ പരാമര്‍ശത്തെ രോഹിത് ശര്‍മ്മയുമായി ബന്ധപ്പെടുത്തി ആരാധകര്‍ക്കിടയില്‍ വലിയ ചര്‍ച്ചയ്ക്ക് വഴിയൊരുക്കി. കോഹ്ലി രോഹിത്തിനെയാണോ ലക്ഷ്യമിട്ടതെന്ന തരത്തിലുള്ള ചോദ്യങ്ങളും സാമൂഹിക മാധ്യമങ്ങളില്‍ ഉയര്‍ന്നു.