കണ്ണെത്തും ദുരത്ത് കോഹ്ലിയുണ്ട്, താമസസ്ഥലം വെളിപ്പെടുത്തി മുന്‍ ഇംഗ്ലണ്ട് താരം
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുന്‍ നായകനും സൂപ്പര്‍ താരവുമായ വിരാട് കോലി നിലവില്‍ ലണ്ടനിലാണ് താമസിക്കുന്നതെന്ന വാര്‍ത്തകള്‍ക്ക് സ്ഥിരീകരണം നല്‍കി മുന്‍ ഇംഗ്ലണ്ട് താരം ജോനാഥന്‍ ട്രോട്ട്. കോലി കുടുംബത്തോടൊപ്പം ലണ്ടനിലേക്ക് താമസം മാറിയതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നെങ്കിലും, അദ്ദേഹത്തിന്റെ കൃത്യമായ താമസസ്ഥലം സംബന്ധിച്ച് അഭ്യൂഹങ്ങള്‍ മാത്രമാണ് നിലനിന്നിരുന്നത്. ഈ അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ടുകൊണ്ടാണ് ട്രോട്ടിന്റെ പുതിയ വെളിപ്പെടുത്തല്‍.
പുതിയ തട്ടകം സെന്റ് ജോണ്‍സ് വുഡ്
ലണ്ടനിലെ അതിമനോഹരമായ വീടുകള്‍ക്ക് പേരുകേട്ട, വടക്കുപടിഞ്ഞാറന്‍ ലണ്ടനിലെ താമസസ്ഥലമായ സെന്റ് ജോണ്‍സ് വുഡിലാണ് കോലി താമസിക്കുന്നതെന്നാണ് ജോനാഥന്‍ ട്രോട്ട് സൂചിപ്പിച്ചത്. സ്റ്റാര്‍ സ്‌പോര്‍ട്‌സിലെ ഒരു ചര്‍ച്ചയ്ക്കിടെയാണ് ട്രോട്ട് ഇക്കാര്യം പറഞ്ഞത്. 'അദ്ദേഹം സെന്റ് ജോണ്‍സ് വുഡിലോ അതിന്റെ സമീപത്തോ അല്ലേ താമസിക്കുന്നത്? അദ്ദേഹത്തെ തിരികെ വരാന്‍ പ്രേരിപ്പിച്ചു കൂടേ?' എന്നായിരുന്നു ട്രോട്ടിന്റെ വാക്കുകള്‍.
നേരത്തെ, ദി ടെലിഗ്രാഫ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ കോലി നോട്ടിംഗ് ഹില്ലിലാണ് താമസിക്കുന്നതെന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാല്‍ ഏറ്റവും പുതിയ വിവരമനുസരിച്ച്, കോലിയുടെ പുതിയ വീട് സെന്റ് ജോണ്‍സ് വുഡിലാണ്. ഇംഗ്ലണ്ട് പര്യടനത്തിന് ഒരു മാസം മുന്‍പ് ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച കോലി, ഇപ്പോള്‍ ലണ്ടനില്‍ സ്ഥിരതാമസമാക്കിയതായാണ് സൂചനകള്‍. കഴിഞ്ഞ മാസം ലണ്ടനിലെ പലയിടങ്ങളിലും കോലിയെ ആരാധകര്‍ കണ്ടിരുന്നു.
'സ്റ്റാര്‍ ബോയ്' ഗില്ലിനെ വാഴ്ത്തി കോലി
ലണ്ടനിലെ പുതിയ ജീവിതത്തിനിടയിലും ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഓരോ സ്പന്ദനവും സൂക്ഷ്മമായി നിരീക്ഷിക്കുന്ന കോലി, ഇംഗ്ലണ്ടിനെതിരെ ചരിത്രമെഴുതിയ യുവതാരം ശുഭ്മാന്‍ ഗില്ലിനെ പ്രശംസ കൊണ്ട് മൂടി. ഇന്ത്യന്‍ ക്രിക്കറ്റിലെ 'സ്റ്റാര്‍ ബോയ്' എന്നാണ് കോലി ഗില്ലിനെ വിശേഷിപ്പിച്ചത്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ തകര്‍പ്പന്‍ പ്രകടനത്തിന്റെ പശ്ചാത്തലത്തിലായിരുന്നു കോലിയുടെ പ്രതികരണം.
'ഗംഭീര പ്രകടനം സ്റ്റാര്‍ ബോയ്. ചരിത്രം തിരുത്തിക്കുറിക്കുന്നു. ഇനിയും ഉയരങ്ങളിലേക്ക്. നീ ഇതെല്ലാം അര്‍ഹിക്കുന്നു,' കോലി സമൂഹമാധ്യമങ്ങളില്‍ കുറിച്ചു.
ചരിത്രനേട്ടവുമായി ഗില്‍
ഇംഗ്ലണ്ട് പര്യടനത്തിലെ അഞ്ചു മത്സരങ്ങളടങ്ങിയ പരമ്പരയിലെ നാലാം ഇന്നിംഗ്‌സില്‍ തന്നെ 500 റണ്‍സ് പിന്നിട്ട ഗില്‍, തകര്‍പ്പന്‍ ഫോമിലാണ്. പരമ്പരയിലെ തുടര്‍ച്ചയായ രണ്ടാം സെഞ്ചുറിയും മൂന്നാം സെഞ്ചുറിയുമാണ് താരം നേടിയത്.
രണ്ടാം ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്‌സില്‍ 269 റണ്‍സ് നേടിയ ഇന്ത്യന്‍ നായകന്‍, രണ്ടാം ഇന്നിംഗ്‌സില്‍ 162 പന്തില്‍ നിന്ന് 13 ഫോറുകളുടെയും എട്ട് സിക്‌സറുകളുടെയും അകമ്പടിയോടെ 161 റണ്‍സ് അടിച്ചുകൂട്ടി. ഇതോടെ, ഒരു ടെസ്റ്റ് മത്സരത്തില്‍ ഇരട്ട സെഞ്ചുറിയും സെഞ്ചുറിയും നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമെന്ന ഇതിഹാസതാരം സുനില്‍ ഗവാസ്‌കറുടെ റെക്കോര്‍ഡിനൊപ്പമെത്താന്‍ ഗില്ലിനായി.
ഒരു മത്സരത്തിലെ രണ്ട് ഇന്നിംഗ്‌സുകളില്‍ നിന്നുമായി ഗില്‍ നേടിയ 430 റണ്‍സ്, ഒരു ടെസ്റ്റില്‍ ഒരു ബാറ്ററുടെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ അഗ്രഗേറ്റ് സ്‌കോറാണ്. 1990-ല്‍ ലോര്‍ഡ്‌സില്‍ ഇന്ത്യയ്‌ക്കെതിരെ ഗ്രഹാം ഗൂച്ച് നേടിയ 456 റണ്‍സ് (333, 123) മാത്രമാണ് ഗില്ലിന് മുന്നിലുള്ളത്. കോലിയെപ്പോലൊരു ഇതിഹാസതാരത്തിന്റെ പിന്‍ഗാമിയായി ഇന്ത്യന്‍ ക്രിക്കറ്റിനെ ഭാവിയില്‍ നയിക്കാന്‍ ഗില്ലിന് സാധിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.