കോരിച്ചൊരിയുന്ന മഴയിലും പരിശീലനം, കോഹ്ലി രണ്ടും കല്‍പിച്ച് തന്നെ
പെര്‍ത്തിലെ ഒപ്റ്റസ് സ്റ്റേഡിയത്തില്‍ നടന്ന ഇന്ത്യയുടെ ആദ്യ പരിശീലന സെഷന്‍ കനത്ത മഴ കാരണം തടസ്സപ്പെട്ടെങ്കിലും വിരാട് കോഹ്ലി നെറ്റില്‍ ബാറ്റിംഗ് തുടര്‍ന്നതായി റിപ്പോര്‍ട്ട്. പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ ഭാരത് സുന്ദരേശന്‍ എക്‌സില്‍ (മുമ്പ് ട്വിറ്റര്‍) പങ്കുവെച്ച വിവരമനുസരിച്ച്, കോഹ്ലി ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ ബാറ്റര്‍മാര്‍ നെറ്റില്‍ ദീര്‍ഘനേരം പരിശീലിച്ചു.
എന്നാല്‍ മഴ ശക്തമായതിനെ തുടര്‍ന്ന് സെഷന്‍ പാതിവഴിയില്‍ അവസാനിപ്പിക്കേണ്ടി വന്നു. നെറ്റില്‍ പരിശീലനം തുടരാനാഗ്രഹിച്ച കോഹ്ലിക്ക് പിന്നീട് മഴ കൂടിയതോടെ സഹതാരങ്ങളോടൊപ്പം ഡ്രസ്സിംഗ് റൂമിലേക്ക് മടങ്ങേണ്ടി വന്നു. കോഹ്ലിയുടെ ഈ സമര്‍പ്പണം സോഷ്യല്‍ മീഡിയയില്‍ പ്രശംസിക്കപ്പെട്ടു.
അതെസമയം നവംബര്‍ 22ന് പെര്‍ത്തില്‍ ആരംഭിക്കുന്ന ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയില്‍ കോഹ്ലി ഫോം വീണ്ടെടുക്കുമെന്ന് സുനില്‍ ഗാവസ്‌കര്‍ പ്രത്യാശ പ്രകടിപ്പിച്ചു. പെര്‍ത്തിലും അഡ്ലെയ്ഡിലും മികച്ച റെക്കോര്‍ഡുള്ള കോഹ്ലിക്ക് ഈ പിച്ചുകളില്‍ മികവ് പുലര്‍ത്താന്‍ കഴിയുമെന്നാണ് ഗാവസ്‌കറുടെ അഭിപ്രായം.
പെര്‍ത്തിലെ ആദ്യ ടെസ്റ്റിന് ശേഷം ഡിസംബര്‍ 6 മുതല്‍ 10 വരെ അഡ്ലെയ്ഡ് ഓവലില്‍ പകല്‍-രാത്രി ടെസ്റ്റ് നടക്കും. ഡിസംബര്‍ 14 മുതല്‍ 18 വരെ ബ്രിസ്‌ബേനിലെ ഗാബയിലാണ് മൂന്നാം ടെസ്റ്റ്. ഡിസംബര്‍ 26 മുതല്‍ 30 വരെ മെല്‍ബണിലെ മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ പരമ്പരാഗത ബോക്‌സിംഗ് ഡേ ടെസ്റ്റ് നടക്കും. അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റ് ജനുവരി 3 മുതല്‍ 7 വരെ സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടക്കും.
ബോര്‍ഡര്‍-ഗാവസ്‌കര്‍ പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ്മ (ക്യാപ്റ്റന്‍), ജസ്പ്രീത് ബുംറ (വൈസ് ക്യാപ്റ്റന്‍), രവിചന്ദ്രന്‍ അശ്വിന്‍, മുഹമ്മദ് ഷമി, അഭിമന്യു ഈശ്വരന്‍, ശുഭ്മാന്‍ ഗില്‍, രവീന്ദ്ര ജഡേജ, യശസ്വി ജയ്സ്വാള്‍, ധ്രുവ് ജുറല്‍ (വിക്കറ്റ് കീപ്പര്‍), സര്‍ഫറാസ് ഖാന്‍, വിരാട് കോഹ്ലി, പ്രസിദ്ധ് കൃഷ്ണ, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), കെ എല്‍ രാഹുല്‍, ഹര്‍ഷിത് റാണ, നിതീഷ് കുമാര്‍ റെഡ്ഡി, മുഹമ്മദ് സിറാജ്, വാഷിംഗ്ടണ്‍ സുന്ദര്‍.