ചാമ്പ്യൻസ് ലീഗ് ഫൈനലിനു മുൻപ് മാഞ്ചസ്റ്റർ സിറ്റിക്ക് പരിക്കിന്റെ തിരിച്ചടി
ചാമ്പ്യൻസ് ലീഗ് ഫൈനൽ പോരാട്ടത്തിന് ഏതാനും ദിവസങ്ങൾ മാത്രമേ ഇനി ബാക്കിയുള്ളൂ. ആദ്യത്തെ ചാമ്പ്യൻസ് ലീഗ് കിരീടത്തിനായി മാഞ്ചസ്റ്റർ സിറ്റി തയ്യാറെടുക്കുമ്പോൾ പതിമൂന്നു വർഷത്തിനിടയിൽ കിരീടം നേടുന്ന ആദ്യത്തെ ഇറ്റാലിയൻ ക്ലബായി മാറാൻ ഇന്റർ മിലാൻ ഒരുങ്ങുകയാണ്. നിലവിലെ ഫോം പരിഗണിക്കുമ്പോൾ മാഞ്ചസ്റ്റർ സിറ്റിക്കാണ് ഫൈനൽ വിജയിക്കാൻ മുൻതൂക്കമുള്ളത്.
പ്രീമിയർ ലീഗ് കിരീടം ആഴ്‌സണലിന്റെ വെല്ലുവിളിയവസാനിപ്പിച്ച് നേടിയ മാഞ്ചസ്റ്റർ സിറ്റി അതിനു പിന്നാലെ മാഞ്ചസ്റ്റർ യുണൈറ്റഡിനെ കീഴടക്കി എഫ്എ കപ്പും സ്വന്തമാക്കിയിരുന്നു. ചാമ്പ്യൻസ് ലീഗ് കൂടി സ്വന്തമാക്കിയാൽ ഈ സീസണിൽ ട്രെബിൾ നേട്ടം ക്ലബിന് സ്വന്തമാകും. അതിനു വേണ്ടി തന്നെയാണ് ക്ലബ് ഇന്റർ മിലാനെ നേരിടാൻ ഒരുങ്ങുന്നത്.
അതിനിടയിൽ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ മാഞ്ചസ്റ്റർ സിറ്റിക്ക് തലവേദനയായി പരിക്കിന്റെ പ്രശ്‌നങ്ങൾ തലപൊക്കി തുടങ്ങുന്നുണ്ട്. റിപ്പോർട്ടുകൾ പ്രകാരം പ്രതിരോധതാരമായ കെയ്ൽ വാക്കറാണ് പരിക്കിന്റെ പിടിയിലുള്ളത്. ഫുൾ ബാക്കായും സെൻട്രൽ ഡിഫെൻഡറായും കളിക്കാറുള്ള താരം കഴിഞ്ഞ ദിവസം പരിശീലനം നടത്തിയിരുന്നില്ല. പരിക്കിന്റെ കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.
റയൽ മാഡ്രിഡിനെതിരെ നടന്ന ചാമ്പ്യൻസ് ലീഗ് സെമി ഫൈനലിൽ മാഞ്ചസ്റ്റർ സിറ്റിക്കായി മികച്ച പ്രകടനമാണ് വാക്കർ നടത്തിയത്. മികച്ച ഫോമിലുള്ള വിനീഷ്യസിനെ പിടിച്ചു കെട്ടാൻ താരത്തിന്റെ പ്രകടനം നിർണായകമായി. അതുകൊണ്ടു തന്നെ ഫൈനലിനു മുൻപുള്ള പരിക്ക് മാഞ്ചസ്റ്റർ സിറ്റിയെ സംബന്ധിച്ച് ആശങ്ക തന്നെയാണ്.