For the best experience, open
https://m.pavilionend.in
on your mobile browser.
Advertisement

കണ്ടുപഠിക്കണം സഞ്ചുവൊക്കെ ; ഇന്നലെ വരെ തഴയപ്പെട്ടവനാണ് കളിയിലെ താരമായത്. ഇതിഹാസങ്ങൾക്ക് പകരമാവാൻ ഇനി ഇവൻ മതി

09:18 AM Jul 31, 2024 IST | admin
UpdateAt: 09:25 AM Jul 31, 2024 IST
കണ്ടുപഠിക്കണം സഞ്ചുവൊക്കെ   ഇന്നലെ വരെ തഴയപ്പെട്ടവനാണ് കളിയിലെ താരമായത്  ഇതിഹാസങ്ങൾക്ക് പകരമാവാൻ ഇനി ഇവൻ മതി

ജൂലൈ 30 ചൊവ്വാഴ്ച പല്ലെക്കലെ ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ശ്രീലങ്കയ്‌ക്കെതിരായ മൂന്നാമത്തെയും അവസാനത്തെയും ടി20ഐ മത്സരത്തിൽ, പരമ്പരയിൽ ആദ്യമായി അവസരം ലഭിച്ച വാഷിംഗ്ടൺ സുന്ദർ മികച്ച ഓൾറൗണ്ട് പ്രകടനമാണ് പുറത്തെടുത്തത്. കിട്ടിയ അവസരം മുതലാക്കാക്കിയ സുന്ദറിന്റെ മാസ്മരിക പ്രകടനത്തിന്റെയും, റിങ്കു സിംഗിന്റെയും, നായകൻ സൂര്യകുമാർ യാദവിന്റെയും സർപ്രൈസ് ബൗളിംഗ് പ്രകടനത്തിന്റെ ബലത്തിൽ മത്സരം സൂപ്പർ ഓവറിലേക്ക് നീണ്ടു. സൂപ്പർ ഓവറിലും രണ്ട് റൺസ് മാത്രം വിട്ടുകൊടുത്ത് രണ്ട് വിക്കറ്റുകൾ പിഴുത് സുന്ദർ മത്സരം ഇന്ത്യക്ക് അനുകൂലമാക്കി. അതോടെ അവിശ്വസനീയ വിജയം സ്വന്തമാക്കിയ ഇന്ത്യ ആതിഥേയർക്കെതിരെ 3-0ന് പരമ്പര തൂത്തുവാരി.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയേണ്ടിവന്ന ഇന്ത്യ, തുടക്കത്തിൽ തന്നെ വിക്കറ്റ് നഷ്ടപ്പെട്ട് പരുങ്ങലിലായി. 8-ാം നമ്പറിൽ ബാറ്റ് ചെയ്യാനിറങ്ങിയ സുന്ദർ 18 പന്തിൽ നിന്ന് 25 റൺസ് നേടി നിർണായക സംഭാവന നൽകി. സുന്ദറിന്റെ മികവിൽ 20 ഓവറിൽ ഇന്ത്യ 137/9 എന്ന സ്കോർ നേടി. ശുഭ്മാൻ ഗിൽ 39 റൺസ് നേടിയപ്പോൾ റിയാൻ പരാഗ് 26 റൺസിന്റെ പ്രഹരശേഷിയുള്ള ഇന്നിംഗ്സുമായി തിളങ്ങി. ശ്രീലങ്കൻ ബൗളർമാരിൽ മഹേഷ് തീക്ഷണ മൂന്ന് വിക്കറ്റ് നേടി.

Advertisement

ബാറ്റിംഗിന് ശേഷം ശ്രീലങ്ക വിജയത്തിലേക്ക് മുന്നേറുമ്പോൾ, പന്തുകൊണ്ടും മികച്ച പ്രകടനം കാഴ്ചവെച്ച സുന്ദറാണ് ലങ്കയുടെ തകർച്ചക്ക് തുടക്കമിട്ടത്. തന്ത്രശാലിയായ സ്പിന്നർ 4-0-23-2 എന്ന നിലയിൽ മികച്ച ബൗളിംഗ് പ്രകടനം പുറത്തെടുത്തു.16 ഓവറിന് ശേഷം ശ്രീലങ്ക ഡ്രൈവർ സീറ്റിലായിരുന്നു. എട്ട് വിക്കറ്റ് ശേഷിക്കെ 24 പന്തിൽ നിന്ന് 23 റൺസ് മാത്രമായിരുന്നു ലങ്കയ്ക്ക് വേണ്ടിയിരുന്നത്.

17-ാം ഓവർ എറിയാനെത്തിയ സുന്ദർ രണ്ട് റൺസ് മാത്രം വഴങ്ങി ഹസരംഗ, ചരിത് അസലങ്ക എന്നിവരുടെ വിക്കറ്റുകൾ തുടർച്ചയായ പന്തുകളിൽ വീഴ്ത്തി ഇന്ത്യക്ക് വിജയത്തിലേക്ക് വഴിതുറന്നു. തുടർന്ന് അവസാന രണ്ട് ഓവറുകളിൽ റിങ്കു സിങ്ങും, നായകൻ സൂര്യയും സർപ്രൈസ് മികവ് കാഴ്ച്ചവെച്ചതോടെ 20 ഓവറിൽ ശ്രീലങ്ക 137/8 എന്ന നിലയിൽ പുറത്തായി. മത്സരം ഇതോടെ സൂപ്പർ ഓവറിലേക്ക് കടന്നു.

Advertisement

ഇന്ത്യൻ നായകൻ സൂര്യകുമാർ യാദവ് സുന്ദറിനെ തന്നെയാണ് സൂപ്പർ ഓവർ എറിയാൻ നിയോഗിച്ചത് . ടീം മാനേജ്‌മെന്റ് കാണിച്ച വിശ്വാസം 24 കാരൻ കാത്തു. മൂന്ന് പന്തിൽ രണ്ട് വിക്കറ്റ് വീഴ്ത്തി, ഇന്ത്യക്ക് വിജയലക്ഷ്യം വെറും മൂന്ന് റൺസിൽ ഒതുക്കി. സൂപ്പർ ഓവറിന്റെ ആദ്യ പന്തിൽ സൂര്യകുമാർ ഒരു ബൗണ്ടറി നേടി മൂന്ന് റൺസിന്റെ വിജയലക്ഷ്യം ആദ്യ പന്തിൽ തന്നെ മറികടന്നു.

മൂന്നാം ടി20യിൽ വാഷിംഗ്ടൺ സുന്ദറിനെ പ്ലെയർ ഓഫ് ദ മാച്ച് ആയും, നായകൻ സൂര്യകുമാർ യാദവിനെ പ്ലെയർ ഓഫ് ദ സീരീസ് ആയും തിരഞ്ഞെടുത്തു. ഇന്ത്യയുടെ സിംബാബ്‌വെ പരമ്പരയിൽ മികച്ച പ്രകടനവുമായി പരമ്പരയിലെ താരമായ സുന്ദറിനെ ആദ്യ രണ്ട് മത്സരങ്ങളിൽ പുറത്തിരുത്തിയത് വ്യാപക വിമർശനത്തിന് വഴിവച്ചിരുന്നു. ടി20 ലോകകപ്പിന് ശേഷം, ടി20 ഫോർമാറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച ഇതിഹാസ താരം രവീന്ദ്ര ജഡേജക്ക് ശരിയായ പകരക്കാരൻ സുന്ദറാണ് എന്നാണ് ആരാധകരുടെ പക്ഷം.

Advertisement

"അത്തരമൊരു സാഹചര്യത്തിൽ പന്ത് എനിക്ക് നൽകിയ സൂര്യയോട് വളരെ നന്ദി" - സൂപ്പർ ഓവർ എറിഞ്ഞതിനെക്കുറിച്ച് വാഷിംഗ്ടൺ സുന്ദർ പറയുന്നു

"കഠിനാധ്വാനവും, തീർച്ചയായും ദൈവത്തിന്റെ ധാരാളം അനുഗ്രഹങ്ങളും എന്നെ സഹായിച്ചു. ശാന്തനായിരിക്കാനും ഞാൻ എന്താണ് ചെയ്യേണ്ടതെന്ന് ശ്രദ്ധ കേന്ദ്രീകരിക്കാനുമാണ് ശ്രമിച്ചത്. അത്തരമൊരു സാഹചര്യത്തിൽ എനിക്ക് പന്ത് നൽകിയതിന് സൂര്യയോട് വളരെയധികം നന്ദി. മത്സരത്തിൽ അവസരം നൽകിയതിന് ടീം മാനേജ്‌മെന്റിനും നന്ദി."

"എന്റെ രാജ്യത്തിനായി ഞാൻ കളിക്കുന്ന ഓരോ കളിയും ഒരു അനുഗ്രഹമാണ്. എതിർ ബാറ്റ്സ്മാൻമാർക്കെതിരെ ഞങ്ങൾ കുറച്ച് ഹോംവർക്ക് ചെയ്തിരുന്നു. അല്പം പിന്തുണ പിച്ചിൽ നിന്നും ലഭിച്ചു, എനിക്ക് അധികമൊന്നും ചെയ്യേണ്ടി വന്നില്ല. പലപ്പോഴും ശരിയായ ലെങ്ങ്തിൽ പന്തെറിയുക എന്നതാണ് ഇവിടെ ചെയ്യേണ്ടിയിരുന്നത്," അദ്ദേഹം കൂട്ടിച്ചേർത്തു.

ശ്രീലങ്കയ്‌ക്കെതിരായ ഇന്ത്യയുടെ വരാനിരിക്കുന്ന മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ വാഷിംഗ്ടൺ സുന്ദറും ഉൾപ്പെടുന്നു. ആദ്യ മത്സരം ഓഗസ്റ്റ് 2 വെള്ളിയാഴ്ച കൊളംബോയിലെ ആർ. പ്രേമദാസ സ്റ്റേഡിയത്തിൽ നടക്കും.

Advertisement