നായകനായി അവന്‍ വരട്ടെ, പിന്തുണച്ച് ഇന്ത്യന്‍ താരം
രോഹിത്ത് ശര്‍മ്മ വിരമിച്ചതോടെ ഇന്ത്യയുടെ പുതിയ ടെസ്റ്റ് നായകനെ ആരായിരിക്കണം എന്ന ചര്‍ച്ചകള്‍ പുരോഗമിക്കുകയാണല്ലോ. മുന്‍ ഓപ്പണര്‍ വസീം ജാഫര്‍ ഇക്കാര്യത്തില്‍ തന്റെ അഭിപ്രായം പരസ്യമാക്കി രംഗത്തെത്തിയിരിക്കുകയാണ്.
ഇംഗ്ലണ്ടിനെതിരായ വരാനിരിക്കുന്ന ടെസ്റ്റ് പരമ്പരയില്‍, പേസ് ബൗളര്‍ ജസ്പ്രീത് ബുംറയ്ക്ക് വിശ്രമം ആവശ്യമുള്ളപ്പോള്‍ ശുഭ്മാന്‍ ഗില്‍ ടീമിനെ നയിക്കണമെന്ന് ജാഫര്‍ പറയുന്നു. കഴിഞ്ഞ ദിവസം തന്റെ 'എക്‌സ്' അക്കൗണ്ടില്‍ ജാഫര്‍ ഇങ്ങനെ കുറിച്ചു:
''ബുംറ ഓട്ടോമാറ്റിക്കായ ഒരു നായകത്വ തിരഞ്ഞെടുപ്പാണ്, അദ്ദേഹത്തിന് ആ ഉത്തരവാദിത്തം വേണ്ടെങ്കില്‍ മാത്രം മാറ്റം വരുത്തണം. ഗില്‍ വൈസ് ക്യാപ്റ്റനായിരിക്കണം. ബുംറയ്ക്ക് വിശ്രമം ആവശ്യമുള്ളപ്പോഴൊക്കെ ഗില്‍ ക്യാപ്റ്റനാകണം. ഇങ്ങനെ ചെയ്യുന്നതിലൂടെ, ഗില്ലിനെ പൂര്‍ണ്ണ സമയ ക്യാപ്റ്റന്‍ എന്ന സമ്മര്‍ദ്ദമില്ലാതെ വളര്‍ത്താനും സാധിക്കും' ജാഫര്‍ പറയുന്നു.
നിലവില്‍ ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിന്റെ (ജിടി) ക്യാപ്റ്റനായ ഗില്ലിന് പുറമെ, കെ എല്‍ രാഹുല്‍, ഋഷഭ് പന്ത് എന്നിവരും ഇന്ത്യന്‍ ടെസ്റ്റ് ടീമിന്റെ അടുത്ത നായക സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നവരില്‍ ഉള്‍പ്പെടുന്നു. ബുംറ മൂന്ന് ടെസ്റ്റുകളില്‍ ഇന്ത്യയെ നയിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഓസ്ട്രേലിയയില്‍ നടന്ന ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി പരമ്പരയില്‍ പെര്‍ത്ത് ടെസ്റ്റില്‍ ഇന്ത്യ വിജയിച്ചപ്പോള്‍ അദ്ദേഹം ടീമിന്റെ നായകനായിരുന്നു.
എന്നാല്‍, ബുംറയുടെ ഫിറ്റ്‌നസ് പ്രശ്‌നങ്ങള്‍ ഇംഗ്ലണ്ട് പര്യടനത്തിലെ അഞ്ച് ടെസ്റ്റുകളിലും അദ്ദേഹത്തിന്റെ പങ്കാളിത്തം ഉറപ്പില്ലാത്തതാക്കുന്നു. സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടില്‍ ഓസ്ട്രേലിയന്‍ പര്യടനത്തിലെ അവസാന ടെസ്റ്റിനിടെ ബുംറയ്ക്ക് പരിക്കേറ്റിരുന്നു, രണ്ടാം ഇന്നിംഗ്‌സില്‍ അദ്ദേഹം പന്തെറിഞ്ഞില്ല. 2023 ന്റെ തുടക്കത്തില്‍ ശസ്ത്രക്രിയ ആവശ്യമായി വന്ന അതേ പരിക്ക് കാരണം, ദുബായില്‍ നടന്ന ഇന്ത്യയുടെ വിജയകരമായ 2025 ചാമ്പ്യന്‍സ് ട്രോഫി കാമ്പെയ്നും അദ്ദേഹത്തിന് നഷ്ടമായിരുന്നു.
അതേസമയം, രാഹുല്‍ മൂന്ന് ടെസ്റ്റുകളില്‍ ഇന്ത്യയെ നയിച്ചിട്ടുണ്ട്, അതില്‍ 2022 ഡിസംബറില്‍ ബംഗ്ലാദേശിനെതിരായ 2-0 പരമ്പര വിജയം ഉള്‍പ്പെടുന്നു.
അഞ്ച് മത്സരങ്ങളാണ് ഇംഗ്ലീഷ് പരമ്പരയിലുളളത്. എഡ്ജ്ബാസ്റ്റണ്‍ (ജൂലൈ 2-6), ലോര്‍ഡ്‌സ് (ജൂലൈ 10-14), ഓള്‍ഡ് ട്ര ഫോര്‍ഡ് (ജൂലൈ 23-27), ഓവല്‍ (ജൂലൈ 31 - ഓഗസ്റ്റ് 4) എന്നിവിടങ്ങളിലാണ് ഇന്ത്യയുടെ മത്സരങ്ങള്‍.