യുദ്ധം അവസാനിച്ചിട്ടില്ല, തീരുമാനങ്ങളില്‍ തെറ്റുപറ്റിയിട്ടുമില്ല, തുറന്നടിച്ച് ശ്രേയസ്
ഐപിഎല്ലിലെ ആദ്യ ക്വാളിഫയറില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനോട് എട്ട് വിക്കറ്റിന് പരാജയപ്പെട്ടെങ്കിലും തിരിച്ചുവരുമെന്ന ശുഭാപ്തി വിശ്വസത്തിലാണ് പഞ്ചാബ് കിംഗ്്‌സ് നായകന്‍ ശ്രേയസ് അയ്യര്‍. ഇതൊരു 'യുദ്ധത്തിലെ ഒരു പോരാട്ടം മാത്രമാണെന്നും യുദ്ധം അവസാനിച്ചിട്ടില്ലെന്നും' പഞ്ചാബ് കിങ്സ് നായകന്‍ വിലയിരുത്തുന്നു. മത്സര ശേഷം സംസാരിക്കുകയായിരുനനു ശ്രേയസ് അയ്യര്‍.
സ്വന്തം തട്ടകത്തില്‍ നടന്ന മത്സരത്തില്‍ 14.1 ഓവറില്‍ വെറും 101 റണ്‍സിന് പുറത്തായ പഞ്ചാബ് കിങ്സിനെതിരെ, റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ 10 ഓവറില്‍ വിജയലക്ഷ്യം മറികടയ്ക്കുകയായിരുന്നു. ഈ തോല്‍വിക്ക് ശേഷം, ഗുജറാത്ത് ടൈറ്റന്‍സ്-മുംബൈ ഇന്ത്യന്‍സ് മത്സരത്തിലെ വിജയികളെ രണ്ടാം ക്വാളിഫയറില്‍ നേരിടാന്‍ പഞ്ചാബ് കിങ്സിന് ഒരു അവസരം കൂടിയുണ്ട്.
പിച്ച് ഒരുക്കിയ ചതിക്കുഴി?
ആര്‍സിബി പേസര്‍മാര്‍ക്കും ലെഗ് സ്പിന്നര്‍ സുയഷ് ശര്‍മ്മയ്ക്കും എതിരെ പഞ്ചാബ് കിങ്സ് താരങ്ങള്‍ അവിവേകപരമായ ഷോട്ടുകള്‍ കളിച്ചത് അവരുടെ തകര്‍ച്ചയ്ക്ക് കാരണമായി. എന്നിരുന്നാലും, തന്റെ ഓണ്‍-ഫീല്‍ഡ് തീരുമാനങ്ങളില്‍ തെറ്റുപറ്റിയതായി ശ്രേയസ് അയ്യര്‍ക്ക് തോന്നിയില്ല.
'എന്റെ തീരുമാനങ്ങളില്‍ എനിക്ക് സത്യസന്ധമായി യാതൊരു സംശയവുമില്ല. ഈ വിക്കറ്റില്‍ ഞങ്ങള്‍ക്ക് ബാറ്റിംഗില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തണം. ഞങ്ങള്‍ ഇവിടെ കളിച്ച എല്ലാ ഗെയിമുകളിലും ചില വ്യതിയാനങ്ങളുണ്ടായിരുന്നു' ഏകദിന സ്‌പെഷ്യലിസ്റ്റ് കൂട്ടിച്ചേര്‍ത്തു.
തോല്‍വിക്ക് ഒഴികഴിവുകളില്ല
എന്നിരുന്നാലും, ഈ നാണംകെട്ട തോല്‍വിക്ക് ശ്രേയസ് അയ്യര്‍ ഒഴികഴിവുകള്‍ നല്‍കാന്‍ തയ്യാറായില്ല. 'നമുക്ക് അത്തരം കാരണങ്ങള്‍ നല്‍കാന്‍ കഴിയില്ല, കാരണം അവസാനം നമ്മള്‍ പ്രൊഫഷണലുകളാണ്, സാഹചര്യത്തിനനുസരിച്ച് ബാറ്റ് ചെയ്യണം, അതിനനുസരിച്ച് ജീവിക്കണം.'
'മറക്കാനാവാത്ത ദിവസമല്ല, പക്ഷെ ഡ്രോയിംഗ് ബോര്‍ഡിലേക്ക് മടങ്ങണം. ഞങ്ങള്‍ക്ക് ഒരുപാട് വിക്കറ്റുകള്‍ നഷ്ടപ്പെട്ടു (ആദ്യ ഇന്നിംഗ്‌സില്‍). തിരികെ പോയി ഒരുപാട് പഠിക്കാനുണ്ട്.' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
'ഞങ്ങള്‍ ആസൂത്രണം ചെയ്തതെല്ലാം, ഗ്രൗണ്ടിന് പുറത്ത് ചെയ്തതെല്ലാം കൃത്യമായിരുന്നു. പക്ഷെ അത് കളത്തില്‍ നടപ്പിലാക്കാന്‍ കഴിഞ്ഞില്ല. ബൗളര്‍മാരെ കുറ്റം പറയാന്‍ കഴിയില്ല, കാരണം പ്രതിരോധിക്കാന്‍ ഇത് വളരെ കുറഞ്ഞ ടോട്ടലായിരുന്നു,' നായകന്‍ കൂട്ടിച്ചേര്‍ത്തു.
റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ വിജയവഴി
റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ നാലാം ഐപിഎല്‍ ഫൈനലിലേക്ക് നയിച്ചതിന് ശേഷം ആര്‍സിബി നായകന്‍ രജത് പാട്ടീദാര്‍ക്ക് സന്തോഷം അടക്കാനായില്ല. ജൂണ്‍ 3 അര്‍ദ്ധരാത്രി വരെ ആഘോഷം മാറ്റിവെക്കുകയാണെന്ന് പട്ടീദാര്‍ പറഞ്ഞു.
സുയഷ് നന്നായി സംഭാവന നല്‍കി. അവന്‍ സ്റ്റമ്പുകള്‍ക്ക് നേര്‍ക്ക് പന്തെറിയുന്നു, അതാണ് അവന്റെ ശക്തി. ഞാന്‍ അവന് ഒരുപാട് ആശയങ്ങള്‍ നല്‍കുന്നില്ല, അവനെ ആശയക്കുഴപ്പത്തിലാക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല,' പാട്ടീദാര്‍ പറഞ്ഞു.
ഓപ്പണര്‍ ഫില്‍ സാള്‍ട്ടിനെ നായകന്‍ വളരെയധികം പ്രശംസിച്ചു.
'അവന്‍ ഓരോ മത്സരത്തിലും ബാറ്റ് ചെയ്യുന്ന രീതി, അവന്‍ ഞങ്ങള്‍ക്ക് നല്‍കുന്ന തുടക്കം, അതൊരു വിരുന്നാണ്. ഞാന്‍ അവന്റെ വലിയ ആരാധകനാണ്.' പാര്‍ട്ടി തുടങ്ങുന്നതിന് ഒരു മത്സരം കൂടി മാത്രമേ ബാക്കിയുള്ളൂ എന്ന് നായകന്‍ ആര്‍സിബി ആരാധകര്‍ക്ക് ഉറപ്പ് നല്‍കി. 'എല്ലായ്‌പ്പോഴും ആര്‍സിബി ആരാധകരോട് നന്ദി പറയുന്നു, ഞങ്ങള്‍ എവിടെ പോയാലും അത് ഞങ്ങളുടെ ഹോം ഗ്രൗണ്ട് പോലെയാണ് തോന്നുന്നത്. ഒരു മത്സരം കൂടി, നമുക്ക് ഒരുമിച്ച് ആഘോഷിക്കാം.'