ബുംറയില്ലാത്തത് കാത്തു, ഓസീസ് ജയം കൊണ്ട് രക്ഷപ്പെട്ടതാണെന്ന് ഖവാജ
ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയിലെ അവസാന മത്സരത്തില്‍ ഇന്ത്യയുടെ പേസ് സ്പിയര്‍ഹെഡ് ജസ്പ്രീത് ബുംറയുടെ അഭാവം ഓസ്‌ട്രേലിയയ്ക്ക് വലിയ ആശ്വാസമായെന്ന് ഓപ്പണര്‍ ഉസ്മാന്‍ ഖവാജ. പരിക്കുമൂലം ബുംറ മൂന്നാം ദിവസം കളിക്കളത്തില്‍ ഇറങ്ങാതിരുന്നതാണ് ഓസീസിന് ജയം സമ്മാനിച്ച പ്രധാന ഘടകങ്ങളിലൊന്നെന്ന് ഖവാജ വ്യക്തമാക്കി.
ലോകക്രിക്കറ്റില്‍ താന്‍ നേരിട്ടതില്‍ വച്ച് ഏറ്റവും കടുപ്പമേറിയ ബോളര്‍ ബുംറയാണെന്ന് ഖവാജ പറഞ്ഞു. 'ബുംറയെ ഞങ്ങള്‍ക്ക് ശരിക്കും ഭയമായിരുന്നു. അദ്ദേഹത്തിന് പരിക്കേറ്റത് നിര്‍ഭാഗ്യകരമാണ്. പക്ഷേ, അതേസമയം ഞങ്ങള്‍ ദൈവത്തിന് നന്ദി പറയുകയാണ്. കാരണം ഇത്തരമൊരു വിക്കറ്റില്‍ ബുംറയെ നേരിടുന്നത് ഒരു ദുസ്വപ്നമാകുമായിരുന്നു. മൈതാനത്ത് ബുംറ ഇല്ലെന്ന് മനസ്സിലാക്കിയപ്പോള്‍ ഞങ്ങള്‍ക്ക് ആശ്വാസമായി. അവിടെ നിന്നാണ് ഞങ്ങള്‍ക്ക് മത്സരത്തില്‍ വിജയിക്കാന്‍ സാധ്യതയുണ്ടെന്ന് തോന്നിത്തുടങ്ങിയത്,' ഖവാജ കൂട്ടിച്ചേര്‍ത്തു.
ബുംറയുടെ ബോളിംഗ് ശൈലിയും സ്വഭാവവും തനിക്ക് വളരെ ഇഷ്ടമാണെന്നും ഖവാജ പറഞ്ഞു. ഓസീസ് ടീമംഗം ട്രാവിസ് ഹെഡും ബുംറയെ പ്രശംസിച്ച് രംഗത്തെത്തി. എല്ലാ കാര്യങ്ങളിലും പുഞ്ചിരിയോടെ പ്രതികരിക്കുന്ന ബുംറയെ താന്‍ ഇഷ്ടപ്പെടുന്നതായി ഹെഡ് പറഞ്ഞു. 'ബുംറ ഇന്ന് ബോള്‍ ചെയ്യില്ലെന്ന് ഉറപ്പായപ്പോള്‍ ഞങ്ങള്‍ 15 പേരും വളരെ സന്തോഷിച്ചു. കാരണം അവന്‍ ഒരു വലിയ താരമാണ്,' ഹെഡ് കൂട്ടിച്ചേര്‍ത്തു.
മത്സരത്തിലെ സ്വന്തം പ്രകടനത്തില്‍ സന്തോഷമുണ്ടെന്നും ഹെഡ് പറഞ്ഞു. ഫലങ്ങളെക്കുറിച്ച് ചിന്തിക്കാതെയാണ് താന്‍ കളിക്കുന്നതെന്നും രണ്ട് മികച്ച ടീമുകള്‍ തമ്മിലുള്ള പോരാട്ടത്തില്‍ കൃത്യസമയത്ത് ടീമിന് വേണ്ടി സംഭാവന നല്‍കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.