ട്രാവിസ് ഹെഡിനെ നിലയുറപ്പിക്കാന്‍ അനുവദിക്കില്ല, പ്രത്യേക പ്ലാന്‍ തയ്യാര്‍, തുറന്നടിച്ച് ആകാശ് ദീപ്
ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിയിലെ നാലാം ടെസ്റ്റില്‍ ട്രാവിസ് ഹെഡിനെ ക്രീസില്‍ നിലയുറപ്പിക്കാന്‍ അനുവദിക്കില്ലെന്ന് ഇന്ത്യന്‍ പേസ് ബൗളര്‍ ആകാശ് ദീപ്. ഹെഡിനെതിരെ പ്രത്യേക പദ്ധതികള്‍ തയ്യാറാക്കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ഷോര്‍ട്ട് ബോളുകള്‍ കളിക്കാന്‍ ഹെഡിന് ബുദ്ധിമുട്ടാണെന്നും, അടുത്ത മത്സരം മുതല്‍ അദ്ദേഹത്തെ ക്രീസില്‍ നിലയുറപ്പിക്കാന്‍ അനുവദിക്കില്ലെന്നും ആകാശ് ദീപ് പറഞ്ഞു. ചില മേഖലകളില്‍ പന്തെറിഞ്ഞ് ഹെഡിനെ തെറ്റ് വരുത്താന്‍ നിര്‍ബന്ധിക്കുമെന്നും അത് അദ്ദേഹത്തിന്റെ വിക്കറ്റ് നേടാന്‍ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നാലാം ടെസ്റ്റിലെ ഇന്ത്യന്‍ ബൗളര്‍മാരുടെ പദ്ധതികള്‍ എന്താണെന്ന ചോദ്യത്തിന്, എല്ലാ പദ്ധതികളും പുറത്തുവിടാന്‍ കഴിയില്ലെന്നും സാഹചര്യങ്ങള്‍ക്കനുസരിച്ച് പ്ലാന്‍ ചെയ്യുമെന്നും ആകാശ് ദീപ് മറുപടി നല്‍കി. പേസ് ബൗളര്‍മാര്‍ ഒരുപോലുള്ള പന്തുകള്‍ തുടര്‍ച്ചയായി എറിയാന്‍ ശ്രമിക്കുമെന്നും, ഓവര്‍ ദ വിക്കറ്റും എറൗണ്ട് ദ വിക്കറ്റും പന്തെറിഞ്ഞ് പിച്ചിന്റെ സ്ഥിതി പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
മൂന്ന് മത്സരങ്ങള്‍ പിന്നിട്ടപ്പോള്‍ ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിയില്‍ റണ്‍വേട്ടക്കാരില്‍ മുന്നില്‍ ട്രാവിസ് ഹെഡാണ് (405 റണ്‍സ്). രണ്ട് സെഞ്ച്വറികള്‍ ഉള്‍പ്പെടെയാണ് ഹെഡിന്റെ ഈ നേട്ടം.
ഡിസംബര്‍ 26ന് ആരംഭിക്കുന്ന നാലാം ടെസ്റ്റില്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ ഹെഡിനെ എങ്ങനെ നേരിടുമെന്ന് കാണേണ്ടതുണ്ട്. പരമ്പരയില്‍ ഇരുടീമുകളും ഓരോ വിജയം വീതം നേടിയിട്ടുണ്ട്, ഒരു മത്സരം സമനിലയിലായി.
ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ പ്രവേശനത്തിന് ഇന്ത്യക്ക് രണ്ട് മത്സരങ്ങളിലും വിജയം അനിവാര്യമാണ്.