രോഹിത്ത് വിരമിക്കല്‍ തീരുമാനം മാറ്റിയത് അവസാന നിമിഷം, നടന്നത് ഗംഭീറുമായി മുട്ടനടി
ഓസ്ട്രേലിയയ്ക്കെതിരായ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയിലെ മോശം പ്രകടനത്തിന് ശേഷം വിരമിക്കല്‍ പ്രഖ്യാപിക്കാന്‍ ഒരുങ്ങിയ രോഹിത് ശര്‍മ്മയെ പിന്തിരിപ്പിച്ചത് ആരാധകരുടെ ചേര്‍ത്ത് പിടിക്കലെന്ന് റിപ്പോര്‍ട്ട്. മെല്‍ബണ്‍ ടെസ്റ്റിന് ശേഷം രോഹിത്ത് വിരമിക്കാന്‍ തീരുമാനിച്ചിരുന്നത്രെ.
എന്നാല്‍ 'സുഹൃത്തുക്കളുടെ' നിര്‍ബന്ധത്തിന് വഴങ്ങിയാണ് നിലപാട് മാറ്റിയതെന്ന് അടുത്ത വൃത്തങ്ങളെ ഉദ്ദരിച്ച് പ്രമുഖ ഇംഗ്ലീഷ് മാധ്യമമായ ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.
ബോര്‍ഡര്‍ ഗവാസ്‌ക്കര്‍ ട്രോഫിയിലെ അഞ്ച് ഇന്നിംഗ്സുകളില്‍ നിന്ന് 31 റണ്‍സ് മാത്രം നേടാനായ രോഹിത്, ക്യാപ്റ്റന്‍ എന്ന നിലയില്‍ തുടര്‍ച്ചയായ ആറ് ടെസ്റ്റ് മത്സരങ്ങളില്‍ പരാജയപ്പെട്ടു കഴിഞ്ഞു. ഈ സാഹചര്യത്തിലാണ് വിരമിക്കല്‍ തീരുമാനമെടുത്തത്. എന്നാല്‍ സിഡ്നിയില്‍ നടന്ന ന്യൂ ഇയര്‍ ടെസ്റ്റിന് മുമ്പ് രോഹിത് തന്റെ നിലപാട് മാറ്റിയത് പരിശീലകന്‍ ഗൗതം ഗംഭീറിന് അസ്വാരസ്യമുണ്ടാക്കിയതായി റിപ്പോര്‍ട്ടുകളുണ്ട്.
രോഹിത് സിഡ്നി ടെസ്റ്റില്‍ കളിച്ചില്ല. ടീമിന്റെ അവസാന പരിശീലന സെഷനിലെ രോഹിതിന്റെ മോശം പെരുമാറ്റം ഗംഭീരുമായുള്ള അസ്വാരസ്യത്തിന്റെ സൂചനയായിരുന്നു. അഞ്ചാം ടെസ്റ്റിനുള്ള 15 അംഗ ടീമിലും രോഹിത് ഇടം നേടിയില്ല. എന്നാല്‍ വിരമിക്കുന്നില്ലെന്ന് രോഹിത് ആരാധകരെ അറിയിച്ചു.
റണ്‍സിനേക്കാള്‍ പരിശീലകനും ക്യാപ്റ്റനും ഇടയിലുള്ള അസ്വാരസ്യമാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. ടീം തിരഞ്ഞെടുപ്പിലും ടോസ് തീരുമാനങ്ങളിലും ഇരുവരും പലപ്പോഴും വിയോജിച്ചിരുന്നു.
അടുത്ത മാസം ആരംഭിക്കുന്ന ഐസിസി ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇരുവരും വീണ്ടും ഒന്നിക്കും. ഏകദിനത്തില്‍ നിന്ന് സീനിയര്‍ താരങ്ങള്‍ വിരമിക്കുമോ എന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തതയില്ല. രോഹിത് ശര്‍മ്മ, വിരാട് കോഹ്ലി, രവീന്ദ്ര ജഡേജ എന്നിവര്‍ ഇതിനകം ടി20യില്‍ നിന്ന് വിരമിച്ചിട്ടുണ്ട്.