അരങ്ങേറ്റത്തില്‍ വെടിക്കെട്ട് സെഞ്ച്വറി, ബംഗ്ലാദേശിന്റെ നെഞ്ചിടിച്ച് തകര്‍ത്ത് ജാങ്കാ, അവിശ്വസനീയ റെക്കോര്‍ഡ്
ഏകദിന ക്രിക്കറ്റിലെ അരങ്ങേറ്റ മത്സരത്തില്‍ തന്നെ വെടിക്കെട്ട് സെഞ്ച്വറി നേടി വെസ്റ്റ് ഇന്‍ഡീസ് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ അമീര്‍ ജാങ്കോ ചരിത്രം കുറിച്ചു. ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ ആറാമനായി ക്രീസിലെത്തിയ ജാങ്കോ വെറും 80 പന്തില്‍ സെഞ്ച്വറി നേട്ടം പൂര്‍ത്തിയാക്കി ഏവരെയും അമ്പരപ്പിച്ചു.
ദക്ഷിണാഫ്രിക്കന്‍ താരം റീസ ഹെന്‍ഡ്രിക്സിന്റെ പേരിലുണ്ടായിരുന്ന അരങ്ങേറ്റ മത്സരത്തിലെ ഏറ്റവും വേഗതയേറിയ സെഞ്ച്വറി എന്ന റെക്കോര്‍ഡാണ് ജാങ്കോ തകര്‍ത്തത്. 88 പന്തിലായിരുന്നു ഹെന്‍ഡ്രിക്സ് സെഞ്ച്വറി നേടിയിരുന്നത്. 83 പന്തില്‍ നിന്ന് 104 റണ്‍സുമായി ജാങ്കോ പുറത്താകാതെ നിന്നു. മത്സരം നാല് വിക്കറ്റിന് വിജയിച്ച വെസ്റ്റ് ഇന്‍ഡീസ് പരമ്പര 3-0ത്തിന് തൂത്തുവാരുകയും ചെയ്തു.
ബംഗ്ലാദേശിന്റെ പോരാട്ടം
മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 50 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 321 റണ്‍സെടുത്തു. ആദ്യ രണ്ട് വിക്കറ്റുകള്‍ നഷ്ടമാകുമ്പോള്‍ ബംഗ്ലാദേശ് സ്‌കോര്‍ബോര്‍ഡില്‍ ഒമ്പത് റണ്‍സ് മാത്രമാണ് ഉണ്ടായിരുന്നത്. എന്നാല്‍ ക്യാപ്റ്റന്‍ മെഹിദി ഹസന്‍ മിറാസ് (77), സൗമ്യ സര്‍ക്കാര്‍ (73) എന്നിവരുടെ ബാറ്റിങ് ബംഗ്ലാദേശിനെ മുന്നോട്ട് നയിച്ചു. പുറത്താകാതെ 84 റണ്‍സ് നേടിയ മഹ്മുദുള്ള, പുറത്താകാതെ 62 റണ്‍സെടുത്ത ജാക്കര്‍ അലി എന്നിവരാണ് ബംഗ്ലാദേശിനെ മികച്ച സ്‌കോറിലേക്കെത്തിച്ചത്. പിരിയാത്ത ആറാം വിക്കറ്റില്‍ മഹ്മദുള്ള-ജാക്കര്‍ അലി സഖ്യം 150 റണ്‍സ് കൂട്ടിച്ചേര്‍ത്തു.
വെസ്റ്റ് ഇന്‍ഡീസിന്റെ വിജയഗാഥ
മറുപടി ബാറ്റിങ്ങില്‍ വെസ്റ്റ് ഇന്‍ഡീസിനും ബാറ്റിങ് തകര്‍ച്ച നേരിടേണ്ടി വന്നു. ആദ്യ മൂന്ന് വിക്കറ്റുകള്‍ നഷ്ടമാകുമ്പോള്‍ 31 റണ്‍സ് മാത്രമാണ് സ്‌കോര്‍ബോര്‍ഡില്‍ ഉണ്ടായിരുന്നത്. 86 റണ്‍സ് എത്തിയപ്പോള്‍ നാലാം വിക്കറ്റും നഷ്ടമായി. ഓപ്പണറായി ക്രീസിലെത്തിയ കീസി കാര്‍ട്ടി ഒരുവശത്ത് പിടിച്ചുനിന്നു. അദ്ദേഹത്തോടൊപ്പം ചേര്‍ന്ന അമീര്‍ ജാങ്കോയാണ് വെസ്റ്റ് ഇന്‍ഡീസിന്റെ സ്‌കോര്‍ മുന്നോട്ട് നയിച്ചത്. ഇരുവരും ചേര്‍ന്ന് അഞ്ചാം വിക്കറ്റില്‍ 132 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 95 റണ്‍സെടുത്താണ് കീസി കാര്‍ട്ടി മടങ്ങിയത്. പിന്നാലെ 44 റണ്‍സെടുത്ത ഗുഡ്കേഷ് മോട്ടിക്കൊപ്പം ചേര്‍ന്ന് അമീര്‍ ജാങ്കോ വെസ്റ്റ് ഇന്‍ഡീസിനെ വിജയത്തിലേക്ക് നയിച്ചു.