കിങ്‌സ്ടൗണില്‍ ചരിത്രം, തകര്‍പ്പന്‍ ജയവുമായി അപൂര്‍വ്വ നേട്ടം കൊയ്ത് കടുവകള്‍
വെസ്റ്റിന്‍ഡീസിനെതിരെ ആദ്യ ടി20യില്‍ ബംഗ്ലാദേശിന് തകര്‍പ്പന്‍ ജയം. അത്യന്തം ആവേശകരമായ മത്സരത്തില്‍ ഏഴ് റണ്‍സിനാണ് ബംഗ്ലാദേശ് വിന്‍ഡീസിനെ തകര്‍ത്തത്. ബംഗ്ലാദേശ് ഉയര്‍ത്തിയ 148 റണ്‍സ് വിജയലക്ഷ്യത്തിന് മുന്നില്‍ വെസ്റ്റിന്‍ഡീസ് 19.5 ഓവറില്‍ 140 റണ്‍സിന് കീഴടങ്ങുകയായിരുന്നു.
ഇതോടെ കിങ്സ്ടൗണില്‍ ചരിത്രമാണ് പിറന്നിരിക്കുന്നത്. വെസ്റ്റിന്‍ഡീസില്‍ വെച്ച് ആദ്യമായി ടി20യില്‍ വെസ്റ്റിന്‍ഡീസിനെ ബംഗ്ലാദേശ്് തോല്‍പ്പിച്ചു എന്നതാണ് ഈ മത്സരത്തെ ശ്രദ്ധേയമാക്കുന്നത്.
ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശിനായി 32 പന്തില്‍ രണ്ട് ഫോറും മൂന്ന് സിക്‌സും സഹിതം 43 റണ്‍സെടുത്ത സൗമ്യ സര്‍ക്കാര്‍ ആണ് ടോപ് സ്‌കോറര്‍ ആയത്്. ഷെമീം ഹുസൈന്‍ 13 പന്തില്‍ ഒരു ഫോറും മൂന്ന് സിക്‌സും സഹതം 27 റണ്‍സെടുത്തു. ജാക്കര്‍ അലി (27), മെഹ്ദി ഹസന്‍ (26*) എന്നിവരാണ് ക്രീസില്‍ പിടിച്ച് നിന്ന മറ്റ് ബാറ്റര്‍മാര്‍.
വെസ്റ്റിന്‍ഡീസിനായി അഖീല്‍ ഹുസൈനും ഒബിദ് മക്കോയും രണ്ട് വിക്കറ്റ് വീതവും റോസ്റ്റണ്‍ ചേസും റെമേരിയോ ഷെപ്പേഴ്ഡും ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി.
മറുപടി ബാറ്റിംഗില്‍ ക്യാപ്റ്റന്‍ റോവ്മാന്‍ പവല്‍ അര്‍ധ സെഞ്ച്വറിയുമായി പൊരുതിയെങ്കിലും മറ്റാരും കാര്യമായ പിന്തുണ നല്‍കിയില്ല. പവന്‍ 35 പന്തില്‍ അഞ്ച് ഫോറും നാല് സിക്‌സും സഹിതം 60 റണ്‍സെടുത്തു. റെമേരിയോ ഷെപ്പേഴ്‌സ് (22), ജോണ്‍സന്‍ ചാര്‍ലീസ് (20) എന്നിവരാണ് രണ്ടക്കം കടന്ന മറ്റ് വിന്‍ഡീസ് ബാറ്റര്‍മാര്‍.
അവസാന ഓവറില്‍ രണ്ട് വിക്കറ്റ് അവശേഷിക്കെ 10 റണ്‍സെടായിരുന്നു വിന്‍ഡീസിന് ജയിക്കാന്‍ വേണ്ടിയിരുന്നത്. എന്നാല്‍ ഹസന്‍ മഹ്മൂദ് എറിഞ്ഞ ഓവറിലെ മൂന്നാം പന്തില്‍ ക്യാപ്റ്റന്‍ റോവ്മാന്‍ പവല്‍ പുറത്തായത് വിന്‍ഡീസ് വിജയമോഹങ്ങള്‍ തകര്‍ത്ത് കളഞ്ഞു. ആ ഓവറില്‍ രണ്ട് റണ്‍സ് മാത്രം വഴങ്ങി രണ്ട് വിക്കറ്റായി ഹസന്‍ മഹ്മൂദ് സ്വന്തമാക്കിയത്.
ബംഗ്ലാദേശിനായി മെഹ്ദി ഹസന്‍ നാല് ഓവറില്‍ 13 റണ്‍സ് മാത്രം വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തി. ഹസന്‍ മഹ്മൂദും ടസ്‌കീന്‍ അഹമ്മദും രണ്ട് വിക്കറ്റ് വീതം സ്വന്തമാക്കിയപ്പോള്‍ ഹസന്‍ സാക്കിബും റിഷാദ് ഹുസൈനും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.