പെര്‍ത്ത് പിച്ചില്‍ മരണ മണി മുഴക്കുന്ന 'സ്‌നേക്ക് ക്രാക്കുകള്‍', ക്യൂറേറ്റര്‍ പറയുന്നതിതാണ്
പെര്‍ത്തിലെ ഒപ്റ്റസ് സ്റ്റേഡിയത്തിലെ പിച്ചുകള്‍ അവയുടെ വേഗതയ്ക്കും ബൗണ്‍സിനും പേരുകേട്ടതാണ്. വരണ്ട കാലാവസ്ഥയില്‍ പിച്ചില്‍ വലിയ വിള്ളലുകള്‍ (സ്‌നേക്ക് ക്രാക്കുകള്‍) രൂപപ്പെടുകയും, അധിക ബൗണ്‍സിന് കാരണമാവുകയും ചെയ്യും.
എന്നാല്‍, ഇത്തവണത്തെ ആദ്യ ടെസ്റ്റിന് മുന്നോടിയായി പെര്‍ത്തില്‍ നിരന്തരമായി മഴ പെയ്യുന്നതിനാല്‍ പിച്ചില്‍ ഇത്തരം വിള്ളലുകള്‍ പ്രതീക്ഷിക്കേണ്ടതില്ലെന്നാണ് ഹെഡ് ക്യൂറേറ്റര്‍ ഇസക് മക്ഡൊണാള്‍ഡ് പറയുന്നത്.
മഴയെ തുടര്‍ന്ന് പിച്ചിനെ കവര്‍ ചെയ്ത് വയ്‌ക്കേണ്ടി വന്നതിനാല്‍ പിച്ചൊരുക്കല്‍ ചെറിയ രീതിയില്‍ മാറ്റേണ്ടി വന്നു. പിച്ചിന് കാഠിന്യം നല്‍കുന്നതിനായി റോളിംഗ് നടത്തുകയാണെന്നും ബാറ്റിനും പന്തിനും ഇടയില്‍ ഒരു നല്ല സന്തുലിതാവസ്ഥ സൃഷ്ടിക്കാനാണ് ശ്രമിക്കുന്നതെന്നും മക്ഡൊണാള്‍ഡ് പറഞ്ഞു.
മത്സരത്തിനിടെ പിച്ചില്‍ ചില ക്ഷയങ്ങള്‍ ഉണ്ടാകുമെന്നും പുല്ല് നില്‍ക്കുന്നത് മൂലം വ്യത്യസ്ത തരത്തിലുള്ള ബൗണ്‍സ് ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ വലിയ വിള്ളലുകള്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നും മക്ഡൊണാള്‍ഡ് വ്യക്തമാക്കി.
'നിലവില്‍, പിച്ചിന് കാഠിന്യം നല്‍കുന്നതിനായി ഞങ്ങള്‍ അതില്‍ കൂടുതല്‍ റോളിംഗ് നടത്തുകയാണ്. ബാറ്റിനും പന്തിനും ഇടയില്‍ ഒരു നല്ല സന്തുലിതാവസ്ഥ സൃഷ്ടിക്കാനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്. വെയില്‍ ഉദിച്ചാല്‍ നന്നായിരിക്കും, പക്ഷേ ഞങ്ങള്‍ക്ക് ഇപ്പോഴത്തെ അവസ്ഥയില്‍ സംതൃപ്തിയുണ്ട്' മക്ഡൊണാള്‍ഡ് പറഞ്ഞു.
'ഈ കാലാവസ്ഥ പിച്ചിനെ തകര്‍ക്കുമെന്ന് ഞാന്‍ കരുതുന്നില്ല. ചില ക്ഷയങ്ങള്‍ ഉണ്ടാകും. മത്സരത്തിനിടെ പുല്ല് നില്‍ക്കുകയും വ്യത്യസ്ത തരത്തിലുള്ള ബൗണ്‍സ് നല്‍കുകയും ചെയ്യും. എന്നാല്‍ വാക്കയിലെ പോലെ വലിയ വിള്ളലുകള്‍ ഉണ്ടാകുമെന്ന് ഞാന്‍ കരുതുന്നില്ല' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, ആദ്യ ടെസ്റ്റില്‍ മൂന്ന് പേസര്‍മാരെയും നിതീഷ് കുമാര്‍ റെഡ്ഡിയെയും കളിപ്പിക്കാനാണ് ഇന്ത്യ ഒരുങ്ങുന്നത്. ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ് എന്നിവര്‍ക്കൊപ്പം പ്രസിദ്ധ് കൃഷ്ണ അല്ലെങ്കില്‍ ഹര്‍ഷിത് റാണ എന്നിവരില്‍ ഒരാള്‍ ടീമിലുണ്ടാകും. റെഡ്ഡി ടെസ്റ്റ് ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിക്കുമെന്നാണ് പ്രതീക്ഷ. പരിക്കേറ്റ ശുഭ്മാന്‍ ഗില്ലിന് പകരം ദേവ്ദത്ത് പടിക്കല്‍ കളിച്ചേക്കും.