ദുബെയ്ക്ക് പകരം റാണ വന്നതെങ്ങനെ, ഐസിസി നിയമം പറയുന്നതിങ്ങനെ
ഇംഗ്ലണ്ടിനെതിരായ നാലാം ടി20 മത്സരത്തില്‍ ഇന്ത്യയുടെ കണ്‍കഷന്‍ സബ്സ്റ്റിറ്റിയൂട്ടിനെ ചൊല്ലി വിവാദം ഉടലെടുത്തിരിക്കുകയാണ്. മത്സരത്തില്‍ ശിവം ദുബെക്ക് പരിക്കേറ്റതിനെ തുടര്‍ന്നാണ് ഹര്‍ഷിത് റാണയെ പകരക്കാരനായി ഇറക്കിയത്. ഈ വിഷയത്തില്‍ ഐസിസി നിയമങ്ങള്‍ എന്തൊക്കെയാണെന്ന് താഴെക്കൊടുക്കുന്നു.
ഒരു ടീം കണ്‍കഷന്‍ സബ്സ്റ്റിറ്റിയൂട്ടിനെ ഇറക്കുമ്പോള്‍, ആ ടീമിന്റെ ബാലന്‍സ് ശരിയായിരിക്കണം. അതായത് ബാറ്റര്‍മാര്‍, ഓള്‍റൗണ്ടര്‍മാര്‍, സ്പിന്നേഴ്സ്, ഫാസ്റ്റ് ബൗളര്‍മാര്‍ എന്നിവരുടെ എണ്ണത്തില്‍ മാറ്റം വരുത്തരുത്. ഒരു ടീമിനും ഇതുമൂലം അധിക ആനുകൂല്യം ലഭിക്കരുത്.
ഒരു കളിക്കാരന് പരിക്ക് പറ്റിയാല്‍, ബാക്കിയുള്ള മത്സരത്തില്‍ അയാള്‍ ചെയ്യാന്‍ പോകുന്ന കാര്യത്തിന് ഏറ്റവും അടുത്തുള്ള കളിക്കാരനെ പകരക്കാരനായി ഇറക്കണം. ഫാസ്റ്റ് ബൗളര്‍ക്ക് പരിക്കേറ്റാല്‍, അയാളുടെ ബൗളിംഗ് കഴിഞ്ഞിട്ടാണ് ബാറ്റിംഗ് എങ്കില്‍, അതേ ബാറ്റിംഗ് നിലവാരമുള്ള സ്പിന്നറെ ഇറക്കാം. എന്നാല്‍, ബൗളിംഗ് ബാക്കിയുണ്ടെങ്കില്‍, ഫാസ്റ്റ് ബൗളറെ മാത്രമേ ഇറക്കാന്‍ പാടുള്ളു.
ഓള്‍റൗണ്ടര്‍ക്ക് ബാറ്റര്‍ക്ക് പകരം ബാറ്റ് ചെയ്യാം, പക്ഷേ പന്തെറിയാന്‍ അനുമതിയില്ല.
പകരക്കാരനെ തിരഞ്ഞെടുക്കുമ്പോള്‍, ബാക്കിയുള്ള മത്സരത്തില്‍ അയാള്‍ എന്താണോ ചെയ്യാന്‍ പോകുന്നത് അതിന് ഏറ്റവും അടുത്തുള്ള കളിക്കാരനെ ഇറക്കണം.
മാച്ച് റെഫറിയുടെ തീരുമാനം അന്തിമമായിരിക്കും.
പൂനെയിലെ മത്സരത്തില്‍ ദുബെ ബാറ്റ് ചെയ്തു. ഇനി ചെയ്യാനുള്ളത് ബൗളിംഗാണ്. ദുബെ ടി20യില്‍ സ്ഥിരമായി നാല് ഓവര്‍ എറിയുന്ന ബൗളറാണോ എന്നതാണ് ചോദ്യം. അത്രയും കഴിവുള്ള ബൗളറാണോ? ഹര്‍ഷിത് റാണയെപ്പോലെ കഴിവുള്ള ഒരാളെയാണോ പകരക്കാരനായി ഇറക്കേണ്ടത്? ഇങ്ങനെ നോക്കുമ്പോള്‍, ഒരു മുന്‍തൂക്കം ഇന്ത്യക്ക് ലഭിച്ചു. എതിര്‍ ടീമിന് മത്സരം നഷ്ടമാവുകയും ചെയ്തു.