ടീമില്‍ കടിച്ച് തൂങ്ങുന്നവര്‍ അറിയണം, ഗില്‍ ക്രിസ്റ്റ് കളി മതിയാക്കിയതെങ്ങനെ എന്ന കഥ
തന്റെ അപ്രതീക്ഷിത വിരമിക്കലിന് പിന്നിലെ കാരണത്തെ കുറിച്ച് കഴിഞ്ഞ ദിവസം ഇതിഹാസ വിക്കറ്റ് കീപ്പര്‍ ആദം ഗില്‍ ക്രിസ്റ്റ് ചില വെളിപ്പെടുത്തലുകള്‍ നടത്തിയിരുന്നു.2008-ല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് അപ്രതീക്ഷിതമായി വിരമിക്കാന്‍ കാരണമായ നിര്‍ണായക നിമിഷമാണ് ക്ലബ് പ്രെയറി ഫയര്‍ പോഡ്കാസ്റ്റില്‍ ഗില്‍ക്രിസ്റ്റ് വെളിപ്പെടുത്തിയത്.
2007/08 സീരീസില്‍ ഇന്ത്യയ്ക്കെതിരായ അഡ്ലെയ്ഡ് ടെസ്റ്റിനിടെയാണ് ഗില്ലി ഈ അപ്രതീക്ഷിത തീരുമാനമെടുത്തത്. തന്റെ 100-ാം ടെസ്റ്റില്‍ നിന്ന് വെറും നാല് മത്സരം അകലെയാണ് ഗില്‍ ക്രിസ്റ്റ് ഈ ഞെട്ടിക്കുന്ന തീരുമാനം പ്രഖ്യാപിച്ചത്. ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍ വിവിഎസ് ലക്ഷ്മണിന്റെ ഒരു എളുപ്പമുള്ള ക്യാച്ച് നഷ്ടപ്പെടുത്തിയതാണ് ഗില്‍ ക്രിസ്റ്റിനെ ഈ കടുത്ത തീരമാനത്തിലെച്ചതത്രെ.
വിരമിക്കലിന് തൊട്ട് മുമ്പ് വരെ ഇന്ത്യന്‍ പര്യടനത്തിന് ശേഷം നടക്കാനുളള വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തെക്കുറിച്ച് ആലോചിക്കുകയും അതിനുളള പദ്ധതികള്‍ തയ്യാറാക്കുകയുമായിരുന്നു ഗില്‍ക്രിസ്റ്റ്..
'ഇന്ത്യന്‍ പര്യടനത്തിനുശേഷം ഞങ്ങള്‍ വെസ്റ്റ് ഇന്‍ഡീസ് പര്യടനം നടത്തുന്നുണ്ടായിരുന്നു. അതിനാല്‍ യാത്രാ പദ്ധതികള്‍ തയ്യാറാക്കാന്‍ ഞാന്‍ രാത്രി മുഴുവന്‍ എന്റെ ഭാര്യയുമായി ഫോണില്‍ സംസാരിക്കുകയായിരുന്നു,' അദ്ദേഹം പറഞ്ഞു.
ഈ പര്യടനം അദ്ദേഹത്തെ തന്റെ 100-ാം ടെസ്റ്റ് കളിക്കുന്നതിനോട് അടുപ്പിക്കുമായിരുന്നു, ഓസ്ട്രേലിയന്‍ ടെസ്റ്റ് ക്രിക്കറ്റ് താരങ്ങളുടെയും ലോകമെമ്പാടുമുള്ള മറ്റു ചിലരുടെയും ഒരു എലൈറ്റ് ഗ്രൂപ്പില്‍ ഇതോടെ ഗില്ലി ചേരുകയും ചെയ്യുമായിരുന്നു.
എന്നാല്‍ ഇന്ത്യയ്‌ക്കെതിരെ ഗില്‍ക്രിസ്റ്റിന് കരിയറിലെ അവസാനത്തെ ആണിയായി ഒരു ഡ്രോപ്പ് ക്യാച്ച് സംഭവിക്കുകയായിരുന്നു. ഇന്ത്യന്‍ താരം വിവിഎസ് ലക്ഷ്മണില്‍ നിന്നുള്ള ഒരു ക്യാച്ച് നഷ്ടപ്പെടുത്തിയതാണ് ഗില്‍ക്രിസ്റ്റിനെ പുനര്‍വിചിന്തനത്തിന് നിര്‍ബന്ധിതനാക്കിയത്.
'പിന്നെ അടുത്ത ദിവസം, വിവിഎസ് ലക്ഷ്മണിന്റെ ഒരു ക്യാച്ച് എടുക്കാന്‍ ഞാന്‍ ശ്രമിച്ചു. പക്ഷെ അത് കൈവിട്ടു. ഒരു അനായാസ ക്യാച്ച് ആയിരുന്നു അത്. ഞാന്‍ വലിയ സ്‌ക്രീനിലെ റീപ്ലേയിലേക്ക് ആ ക്യാച്ച് കൈവിടുന്നത് നോക്കി കൊണ്ടിരുന്നു'
'പിന്നീട് ഞാന്‍ മാത്യു ഹെയ്ഡനിലേക്ക് തിരിഞ്ഞ് പറഞ്ഞു ഞാന്‍ പൂര്‍ത്തിയാക്കി, ഞാന്‍ പുറത്താണ്. പന്ത് ഗ്ലൗവില്‍ തട്ടി പുല്ലില്‍ വീഴുന്നത് വരെ, ഒരു നിമിഷം, വിരമിക്കാനുള്ള സമയമായെന്ന് ഞാന്‍ മനസ്സിലാക്കി,' അദ്ദേഹം പറഞ്ഞു.
അത്തരമൊരു കടുത്ത തീരുമാനമെടുക്കുന്നതില്‍ നിന്ന് അദ്ദേഹത്തെ പിന്തിരിപ്പിക്കാന്‍ ഹെയ്ഡന്‍ ശ്രമിച്ചിട്ടും, ഗില്‍ക്രിസ്റ്റ് തന്റെ തീരുമാനത്തില്‍ ഉറച്ചുനിന്നു.