തിരിച്ചുവരാന്‍ വിധിയുണ്ടെങ്കില്‍ എന്റെ കാര്യത്തില്‍ അത് സംഭവിക്കും, തുറന്നടിച്ച് സൂര്യ
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ടി20 മത്സരത്തിന് ഒരുങ്ങുകയാണ് ടീം ഇന്ത്യയും ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവും. ഒന്നാം ടി20യ്ക്ക് മുന്നോടിയായി നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ സൂര്യകുമാര്‍ യാദവ് തന്റെ ടെസ്റ്റ് ടീമിലേക്കുള്ള തിരിച്ചുവരവിനെക്കുറിച്ച് ചില കാര്യങ്ങള്‍ പറഞ്ഞു.
'സമയമാകുമ്പോള്‍ ഞാന്‍ ടെസ്റ്റിലേക്ക് തിരിച്ചുവരും. റെഡ്-ബോള്‍, വൈറ്റ്-ബോള്‍ ഏത് ഫോര്‍മാറ്റിലായാലും എല്ലാ ആഭ്യന്തര ടൂര്‍ണമെന്റുകളിലും ഞാന്‍ കളിക്കുന്നുണ്ട്. ഒരു മത്സരം പോലും ഞാന്‍ നഷ്ടപ്പെടുത്തുന്നില്ല. ടെസ്റ്റിലേക്ക് തിരിച്ചുവരാന്‍ വിധിയിലുണ്ടെങ്കില്‍ അത് സംഭവിക്കും' സൂര്യകുമാര്‍ യാദവ് പറഞ്ഞു.
ഇന്ത്യയുടെ വൈറ്റ്-ബോള്‍ ടീമിലെ സ്ഥിരം സാന്നിധ്യമാണെങ്കിലും, സൂര്യകുമാര്‍ ഇതുവരെ ഒരു ടെസ്റ്റ് മത്സരം മാത്രമാണ് കളിച്ചിട്ടുള്ളത് - 2023-ല്‍ ഓസ്‌ട്രേലിയക്കെതിരെ. 84 ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ നിന്ന് 42.84 ശരാശരിയില്‍ 5,656 റണ്‍സും 14 സെഞ്ച്വറികളും 29 അര്‍ദ്ധ സെഞ്ച്വറികളും സൂര്യ നേടിയിട്ടുണ്ട്.
കായികരംഗത്ത് വിജയവും തോല്‍വിയും ഭാഗമാണെന്നും ഇന്ത്യന്‍ ടെസ്റ്റ്, ഏകദിന ക്യാപ്റ്റന്‍ രോഹിത് ശര്‍മയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് താന്‍ ഈ സന്തുലിതാവസ്ഥ നിലനിര്‍ത്തുന്നതെന്നും സൂര്യകുമാര്‍ പറഞ്ഞു.
'രോഹിത് മികച്ച പ്രകടനം കാഴ്ചവയ്ക്കുമ്പോഴും അല്ലാത്തപ്പോഴും അദ്ദേഹത്തിന്റെ സ്വഭാവം മാറുന്നില്ല. എല്ലാ കായികതാരങ്ങളും പുലര്‍ത്തേണ്ട ഒരു ഗുണമാണിത്' സൂര്യ കൂട്ടിച്ചേര്‍ത്തു.
ദക്ഷിണാഫ്രിക്കന്‍ പിച്ചുകളുടെ ബൗണ്‍സ് ഒരു വെല്ലുവിളിയാകുമെന്ന ആശങ്കകളെ സൂര്യകുമാര്‍ തള്ളിക്കളഞ്ഞു. ഇന്ത്യന്‍ താരങ്ങള്‍ക്ക് അത്തരം സാഹചര്യങ്ങളുമായി പരിചയമുണ്ടെന്നും ദക്ഷിണാഫ്രിക്കയില്‍ ഇന്ത്യക്ക് മികച്ച ടി20 റെക്കോര്‍ഡാണുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
നവംബര്‍ 10 ന് ഗിബെര്‍ഹയിലും, 13 ന് സെഞ്ചൂറിയനിലും, 15 ന് ജോഹന്നാസ്ബര്‍ഗിലുമാണ് പരമ്പരയിലെ ശേഷിക്കുന്ന മത്സരങ്ങള്‍.
ഇന്ത്യയുടെ ടി20 ടീം: സൂര്യകുമാര്‍ യാദവ്, അഭിഷേക് ശര്‍മ, സഞ്ജു സാംസണ്‍, റിങ്കു സിങ്, തിലക് വര്‍മ, ജിതേഷ് ശര്‍മ, ഹാര്‍ദിക് പാണ്ഡ്യ, അക്‌സര്‍ പട്ടേല്‍, രമണ്‍ദീപ് സിങ്, വരുണ്‍ ചക്രവര്‍ത്തി, രവി ബിഷ്‌ണോയ്, അര്‍ഷ്ദീപ് സിങ്, വിജയ്കുമാര്‍ വൈശാഖ്, അവേഷ് ഖാന്‍, യാഷ് ദയാല്‍.