സെമിയില്‍ ഇന്ത്യയ്ക്ക് ഓസീസ് ഭീഷണി, ആകെ മാറിമറിഞ്ഞ് പോയന്റ് പട്ടിക
ഐസിസി ചാമ്പ്യന്‍സ് ട്രോഫിയിലെ ക്രിക്കറ്റ് പോരാട്ടങ്ങള്‍ അതിന്റെ ക്ലൈമാക്‌സിലേക്ക് അടുക്കുന്നു. ഗ്രൂപ്പ് എയില്‍ ഇന്ത്യയും ന്യൂസിലന്‍ഡും ഇതിനോടകം സെമിഫൈനലില്‍ പ്രവേശിച്ചു കഴിഞ്ഞു. സൗത്ത് ആഫ്രിക്ക, ഓസ്‌ട്രേലിയ, അഫ്ഗാനിസ്ഥാന്‍ ടീമുകള്‍ ബാക്കിയുള്ള രണ്ട് സെമിഫൈനല്‍ സീറ്റുകള്‍ക്കായി തീപാറുന്ന പോരാട്ടം കാഴ്ചവയ്ക്കുന്നു.
ഗ്രൂപ്പ് ബിയില്‍ അഫ്ഗാനിസ്ഥാന്റെ അപ്രതീക്ഷിത വിജയത്തില്‍ ഇംഗ്ലണ്ട് ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായിരിക്കുകയാണ്. സൗത്ത് ആഫ്രിക്ക, ഓസ്‌ട്രേലിയ ടീമുകള്‍ക്ക് മൂന്ന് പോയിന്റ് വീതവും, അഫ്ഗാനിസ്ഥാന് രണ്ട് പോയിന്റും നിലവിലുണ്ട്. ഇവരില്‍ ആര് സെമിയിലെത്തുമെന്ന് ഉറ്റുനോക്കുകയാണ് ലോകം. ഗ്രൂപ്പ് എയില്‍ നിന്ന് ബംഗ്ലാദേശും പാകിസ്ഥാനും പുറത്തായപ്പോള്‍ ഇന്ത്യയും ന്യൂസിലന്‍ഡും അനായാസം സെമിയിലേക്ക് മുന്നേറി.
അതിനാല്‍ തന്നെ ഇന്നത്തെ പാകിസ്ഥാന്‍-ബംഗ്ലാദേശ് മത്സരം പ്രാധാന്യമര്‍ഹിക്കുന്നില്ല. എന്നാല്‍, ഞായറാഴ്ച നടക്കുന്ന ഇന്ത്യ-ന്യൂസിലന്‍ഡ് മത്സരത്തില്‍ ഗ്രൂപ്പ് ചാമ്പ്യന്‍മാരെ അറിയാം. ഗ്രൂപ്പ് ചാമ്പ്യന്‍മാര്‍ക്ക് എതിര്‍ ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരുമായിട്ടായിരിക്കും സെമിഫൈനല്‍ പോരാട്ടം.
ഓസ്‌ട്രേലിയയും ദക്ഷിണാഫ്രിക്കയും അവരുടെ ശേഷിക്കുന്ന ഗ്രൂപ്പ് മത്സരങ്ങളില്‍ വിജയിക്കുകയും, ഇന്ത്യ ന്യൂസിലന്‍ഡിനെ തോല്‍പ്പിക്കുകയും ചെയ്താല്‍, സെമിഫൈനലില്‍ ഇന്ത്യ ഓസ്ട്രേലിയയെ നേരിടേണ്ടി വരും. ഇന്ത്യ ഗ്രൂപ്പ് എയില്‍ രണ്ടാം സ്ഥാനക്കാരായാണ് ഫിനിഷ് ചെയ്യുന്നതെങ്കില്‍ ദക്ഷിണാഫ്രിക്കയെ നേരിടേണ്ടി വരും.
അഫ്ഗാനിസ്ഥാന്‍ ഇനിയും അട്ടിമറികള്‍ സൃഷ്ടിക്കുമോ എന്ന് കണ്ടറിയേണ്ടിയിരിക്കുന്നു. ഇംഗ്ലണ്ടിന് പിന്നാലെ ഓസ്ട്രേലിയയെയും അഫ്ഗാനിസ്ഥാന്‍ തോല്‍പ്പിച്ചാല്‍, അവര്‍ ഗ്രൂപ്പ് ചാമ്പ്യന്മാരായി സെമിഫൈനലില്‍ ഇന്ത്യയെ നേരിടും. ന്യൂസിലന്‍ഡ് ഇന്ത്യയെ തോല്‍പ്പിച്ചാല്‍ രോഹിത്തും കൂട്ടരും ദക്ഷിണാഫ്രിക്കയെ എതിരിടേണ്ടിവരും.