ഓസീസിനെ ഞെട്ടിച്ച മലയാളി താരം, മുഹമ്മദ് ഇനാന്‍ ചെറിയ മീനല്ല
17കാരനായ ലെഗ് സ്പിന്നര്‍ മുഹമ്മദ് ഇനാന്‍ ഓസ്‌ട്രേലിയയ്ക്കെതിരായ അണ്ടര്‍ 19 ടെസ്റ്റ് മത്സരത്തില്‍ ഒന്‍പത് വിക്കറ്റുകള്‍ വീഴ്ത്തി തന്റെ കഴിവ് തെളിയിച്ചു. രണ്ടാം ഇന്നിംഗ്‌സില്‍ 6ന് 79 എന്ന മികച്ച പ്രകടനം കാഴ്ചവെച്ച ഇനാന്‍ ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചു.
ചെന്നൈയില്‍ നടന്ന മത്സരത്തില്‍ ഓസ്‌ട്രേലിയയെ രണ്ടാം ഇന്നിംഗ്‌സില്‍ 214 റണ്‍സിന് പുറത്താക്കാന്‍ ഇനാന്റെ പ്രകടനം ഇന്ത്യയെ സഹായിച്ചു. 212 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ രണ്ട് വിക്കറ്റ് ശേഷിക്കെ വിജയം നേടി.
ആരാണ് മുഹമ്മദ് ഇനാന്‍?
കേരളത്തില്‍ നിന്നുള്ള ഇനാന്‍ 12-ാം വയസ്സില്‍ ദുബായില്‍ സഖലൈന്‍ മുഷ്താഖിന്റെ ക്യാമ്പില്‍ ചേര്‍ന്നു. ഫാസ്റ്റ് ബൗളറായി തുടങ്ങിയ ഇനാന്‍ പിന്നീട് ലെഗ് സ്പിന്നിലേക്ക് മാറി. ഈ സമയത്ത് സഖലൈന്‍ മുഷ്താഖ് ഇനാന്റെ പിതാവിനോട് ഉപദേശിച്ചു 'ഇനാന്‍ ഒരു പരമ്പരാഗത ലെഗ് സ്പിന്നര്‍ അല്ല. അവന്‍ വേഗത്തില്‍ പന്തെറിയുന്നു. ചില പരിശീലകര്‍ അവന്റെ ആക്ഷന്‍ മാറ്റാന്‍ ശ്രമിച്ചേക്കാം. എന്നാല്‍ അവന്റെ ആക്ഷന്‍ മാറ്റരുത്, അവന്‍ ഇപ്പോള്‍ ചെയ്യുന്നത് തുടരാന്‍ അനുവദിക്കുക, ഇതാണ് അവന്റെ ശക്തി'
മുഷ്താഖിന്റെ വാക്കുകള്‍ ഗൗരവമായി എടുത്ത ഇനാന്റെ കുടുംബം മികച്ച പരിശീലന സൗകര്യങ്ങള്‍ക്കായി ഇന്ത്യയിലേക്ക് മാറി. അത്രേയ ക്രിക്കറ്റ് അക്കാദമിയില്‍ ദിനേശ് ഗോപാലകൃഷ്ണന്റെ കീഴില്‍ പരിശീലനം നേടിയ ഇനാന്‍ പെട്ടെന്ന് തന്നെ കേരള അണ്ടര്‍ 14 ടീമില്‍ ഇടം നേടി.
2022-ല്‍ കൊറോമാണ്ടല്‍ കപ്പില്‍ മികച്ച പ്രകടനം കാഴ്ചവെച്ച ഇനാന്‍ സെമി ഫൈനലില്‍ സച്ചിന്‍ ബേബിയെയും മുഹമ്മദ് അസ്ഹറുദ്ദീനെയും പുറത്താക്കി. ഇത് സെലക്ടര്‍മാരുടെ ശ്രദ്ധയില്‍പ്പെടാന്‍ കാരണമായി.
ഇനാന്‍ തന്റെ ആരാധനാപാത്രമായ റാഷിദ് ഖാനെപ്പോലെ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ പ്രയത്‌നിക്കുന്നു. 2022-23 വിജയ് മര്‍ച്ചന്റ് ട്രോഫിയില്‍ 10.68 ശരാശരിയില്‍ 32 വിക്കറ്റുകള്‍ വീഴ്ത്തിയ ഇനാന്‍ എന്‍സിഎയിലെ അണ്ടര്‍ 19 ക്യാമ്പിലും ഇടം നേടി.
ഓസ്‌ട്രേലിയയ്ക്കെതിരായ പരമ്പരയിലൂടെ ഇന്ത്യന്‍ അണ്ടര്‍ 19 ടീമില്‍ അരങ്ങേറ്റം കുറിച്ച ഇനാന്‍ ആദ്യ ടെസ്റ്റില്‍ തന്നെ 9 വിക്കറ്റുകള്‍ വീഴ്ത്തി ശ്രദ്ധേയനായി. ഇനാന്‍ കേരളത്തില്‍ നിന്നുളള അടുത്ത ഭാവി വാഗ്ദാനമാണ്. ചരിത്രം അവനെ കാത്തിരിക്കുന്നുണ്ട്