ജയ്സ്വാളിനെതിരെ നടന്നത് ബംഗ്ലാദേശ് 'ഗൂഢാലോചന', ആരാണ് വിവാദ തീരുമാനെടുത്ത ഷര്‍ഫുദ്ദൗള
ഇന്ത്യ-ഓസ്ട്രേലിയ നാലാം ടെസ്റ്റിന്റെ അഞ്ചാം ദിനം യശസ്വി ജയ്സ്വാളിനെ പുറത്താക്കിയ ഡിആര്‍എസ് തീരുമാനം വിവാദമായിരിക്കുകയാണല്ലോ. ജയ്‌സ്വാളിന്റെ പുള്‍ ഷോട്ട് വിക്കറ്റ് കീപ്പര്‍ അലക്‌സ് കെയറി ക്യാച്ച് ചെയ്തതിനെ തുടര്‍ന്ന് ജയ്സ്വാളിനെ ഔട്ട് നല്‍കിയ തീരുമാനമാണ് വിവാദമായത്. ഓണ്‍-ഫീല്‍ഡ് അമ്പയര്‍ അപ്പീല്‍ നിരസിച്ചിടതോടെ ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് തീരുമാനം മൂന്നാം അമ്പയര്‍ക്ക് വിട്ടു.
ബംഗ്ലാദേശില്‍ നിന്നുള്ള ഷര്‍ഫുദ്ദൗള സൈക്കത്തായിരുന്നു മൂന്നാം അമ്പയര്‍. സ്നിക്കോയില്‍ പന്ത് ബാറ്റിലോ ഗ്ലൗസിലോ തട്ടിയതിന് വ്യക്തമായ തെളിവുകളൊന്നും ലഭിച്ചില്ലെങ്കിലും, വ്യത്യസ്ത കോണുകളില്‍ നിന്ന് നോക്കിയ ശേഷം ഷര്‍ഫുദ്ദൗള ഓസ്ട്രേലിയയ്ക്ക് അനുകൂലമായി വിധി പറയുകയായിരുന്നു.
ഈ തീരുമാനത്തില്‍ ജയ്സ്വാള്‍ ഞെട്ടിപ്പോയി. ഫീല്‍ഡ് അമ്പയര്‍മാരോട് പ്രതിഷേധിച്ച ശേഷമാണ് ജയ്സ്വാള്‍ പവലിയനിലേക്ക് മടങ്ങിയത്. ജയ്സ്വാളിന്റെ പുറത്താകല്‍ മത്സരത്തിന്റെ ഗതി മാറ്റിമറിച്ചു. തുടര്‍ന്ന് ഇന്ത്യന്‍ ടീം തകര്‍ന്നടിഞ്ഞു. 84 റണ്‍സാണ് ജയ്‌സ്വാള്‍ നേടിയത്.
ഷര്‍ഫുദ്ദൗള സൈക്കത്ത് ആരാണ്?
ഷര്‍ഫുദ്ദൗള ഇബ്‌നെ ഷാഹിദ് സൈക്കത്ത് എന്ന ഷര്‍ഫുദ്ദൗള 1976 ഒക്ടോബര്‍ 16 ന് ധാക്കയിലാണ് ജനിച്ചത്. മുന്‍ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് താരമായ അദ്ദേഹം ഇടംകൈയ്യന്‍ ലെഗ് സ്പിന്നറായിരുന്നു. 2000 നും 2001 നും ഇടയില്‍ ധാക്ക മെട്രോപൊളിസിനായി 10 മത്സരങ്ങള്‍ കളിച്ചു.
ക്രിക്കറ്റ് താരമെന്ന് നിലയില്‍ വലിയ വിജയം നേടാനാകാതെ വന്നതോടെ ഷര്‍ഫുദ്ദൗള അമ്പയറിംഗിലേക്ക് ശ്രദ്ധ തിരിച്ചു. 2007 ഫെബ്രുവരിയില്‍ ബാരിസാല്‍ ഡിവിഷനും സിലഹെറ്റ് ഡിവിഷനും ഇടയിലുള്ള മത്സരത്തിലൂടെയാണ് അദ്ദേഹം ഫസ്റ്റ് ക്ലാസ് അമ്പയറിംഗില്‍ അരങ്ങേറ്റം കുറിച്ചത്. 2010 ജനുവരിയില്‍ ബംഗ്ലാദേശും ശ്രീലങ്കയും തമ്മിലുള്ള മത്സരത്തിലൂടെ അന്താരാഷ്ട്ര അമ്പയറിംഗിലും അരങ്ങേറ്റം കുറിച്ചു.
ഈ വര്‍ഷം ഐസിസിയുടെ എലൈറ്റ് പാനലില്‍ ഇടം നേടുന്ന ആദ്യ ബംഗ്ലാദേശ് അമ്പയറായി ഷര്‍ഫുദ്ദൗള മാറി. ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ള മാരൈസ് ഇറാസ്മസിന് പകരമായാണ് അദ്ദേഹം പാനലില്‍ ഇടം നേടിയത്. ധാക്ക സര്‍വകലാശാലയില്‍ നിന്ന് അന്താരാഷ്ട്ര ബന്ധങ്ങളില്‍ ബിരുദവും അമേരിക്കന്‍ ഇന്റര്‍നാഷണല്‍ യൂണിവേഴ്‌സിറ്റി-ബംഗ്ലാദേശില്‍ നിന്ന് മാനവ വിഭവശേഷി മാനേജ്‌മെന്റില്‍ എംബിഎയും ഷര്‍ഫുദ്ദൗള നേടിയിട്ടുണ്ട്.