ഉയരം ആറര അടി, തീതുപ്പുന്ന പേസ്, ആരാണ് ഇന്ത്യന്‍ താരങ്ങളെ വിറപ്പിച്ച നസീര്‍ മിര്‍
മുംബൈ: രഞ്ജി ട്രോഫിയില്‍ മുംബൈയ്ക്കെതിരെ ജമ്മു കശ്മീരിനു വേണ്ടി കളിക്കുന്ന ഉമര്‍ നസീര്‍ മിര്‍ എന്ന പേസറാണ് ഇന്നത്തെ ശ്രദ്ധാകേന്ദ്രം. സക്ഷാല്‍ മുംബൈയ്‌ക്കെതിരെ തന്റെ മിന്നും പ്രകടനം കൊണ്ടാണ് ഈ പൊക്കക്കാരന്‍ ക്രിക്കറ്റ് ലോകത്ത് ചര്‍ച്ച വിഷയമായിരിക്കുന്നത്.
ആറ് അടി നാല് ഇഞ്ച് ഉയരമുള്ള ഈ 31-കാരന്‍ പുറത്താക്കിയത് ചില്ലറക്കാരെയല്ല. സാക്ഷാല്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ, അജിങ്ക്യ രഹാനെ, ശിവം ദുബെ അടക്കമുളള അതിയാകന്മാരെയാണ്. മിറിന്റെ ബൗളിംഗ് ആക്രമണത്തിന് മുന്നില്‍ പതറിപ്പോയ മുംബൈ കേവലം 120 റണ്‍സിന് പുറത്താകുകയും ചെയ്തു.
കൃത്യമായ ഇടവേളകളില്‍ ജമ്മുകശ്മീരിനായി വിക്കറ്റുകള്‍ നേടി കൊടുത്ത മിര്‍ തന്റെ പേസും ബൗണ്‍സും കൊണ്ട് ബാറ്റര്‍മാരെ ബുദ്ധിമുട്ടിച്ചു. രോഹിത്തിനെ 3 റണ്‍സില്‍ മിര്‍ ഷോര്‍ട്ട് പിച്ചിലെ പന്തില്‍ പുറത്താക്കി, പിന്നീട് 12 റണ്‍സെടുത്ത രഹാനെയെ ക്ലീന്‍ ബൗള്‍ഡാക്കി. ദുബെയെ ഡക്കിന് പുറത്താക്കിയ മിര്‍, പിന്നീട് ഹാര്‍ദിക് താമോറിനെ എല്‍ബിഡബ്ല്യുവില്‍ കുടുക്കി. മത്സരത്തില്‍ 11 ഓവര്‍ എറിഞ്ഞ മിര്‍ 41 റണ്‍സ് വഴങ്ങി നാല് വിക്കറ്റാണ് വീഴ്ത്തിയത്.
2013ലാണ് മിര്‍ ആഭ്യന്തര അരങ്ങേറ്റം കുറിച്ചത്, അതിനുശേഷം 57 മത്സരങ്ങളില്‍ നിന്ന് 138 വിക്കറ്റുകള്‍ നേടിയിട്ടുണ്ട്. ലിസ്റ്റ് എ ക്രിക്കറ്റില്‍ 54 വിക്കറ്റുകളും ടി20യില്‍ 32 വിക്കറ്റുകളും നേടിയിട്ടുണ്ട്. പുല്‍വാമയില്‍ നിന്നുള്ള മിര്‍ 2018-19 ദിയോധര്‍ ട്രോഫിക്കുള്ള ഇന്ത്യ സി ടീമിലും ഇടം നേടിയിരുന്നു.
ശേഷം വലിയ രീതിയില്‍ ദേശീയ ശ്രദ്ധ ആകര്‍ഷിക്കാതിരുന്ന മിര്‍ ഇന്നത്തെ മിന്നും പ്രകടനത്തിലൂടെ വീണ്ടും വാര്‍ത്തകളില്‍ ഇടം നേടിയിരിക്കുകയാണ്.