സച്ചിനെതിരെ കത്തയച്ചു; അന്ന് വിലക്കിന്റെ വക്കത്തു നിന്നും തിരിച്ചുവന്നു, ഇന്ന് ടീമിന്റെ രക്ഷകൻ, സൽമാൻ നിസാറിന്റെ കഥ
വെള്ളിയാഴ്ച, നവംബർ 29 ന്, സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ മുംബൈക്കെതിരെ 99 റൺസ് നേടിയ കേരള താരം സൽമാൻ നിസാർ ഇന്റർനെറ്റിൽ തരംഗമായി. ആദ്യം ബാറ്റ് ചെയ്ത കേരളം സൽമാന്റെ മികവിൽ 234 റൺസ് നേടി.
ക്യാപ്റ്റൻ സഞ്ജു സാംസൺ 4 റൺസിന് പുറത്തായി പരാജയപ്പെട്ട മത്സരത്തിൽ സൽമാൻ എട്ട് സിക്സറുകളും അഞ്ച് ഫോറുകളും, ഉൾപ്പെടെ 49 പന്തിൽ നിന്ന് 99 റൺസ് നേടി. സൽമാന്റെ ഇന്നിംഗ്‌സ് കേരളത്തെ മുംബൈയെ 43 റൺസിന് തോൽപ്പിക്കാനും സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലെ ഗ്രൂപ്പ് ഇയിൽ ഒന്നാമതെത്താനും സഹായിച്ചു.
സച്ചിൻ ബേബിക്കെതിരെ കത്തയച്ചതിന് സൽമാൻ അടക്കമുള്ള താരങ്ങൾ ടീമിൽ അച്ചടക്ക നടപടി നേരിട്ടിരുന്നു
2018-ൽ, അന്നത്തെ ക്യാപ്റ്റൻ സച്ചിൻ ബേബിയോട് എതിർപ്പ് പ്രകടിപ്പിച്ചതിന് പിഴ ചുമത്തിയ 13 കേരള കളിക്കാരിൽ ഒരാളായിരുന്നു നിസാർ. ശ്രീലങ്കയിലേക്കുള്ള പര്യടനത്തിനിടെ, ബേബിയുടെ നേതൃത്വത്തിൽ കളിക്കാർക്ക് അതൃപ്തിയുണ്ടായിരുന്നു. അവർ കെസിഎയ്ക്ക് ഒരു കത്ത് എഴുതി.
എന്നാൽ ഈ കത്ത് തിരിച്ചടിക്കുകയാണുണ്ടായത്. കളിക്കാർ നേരിട്ട് കെസിഎയെ സമീപിച്ചതിൽ, അസ്വസ്ഥരായ അധികൃതർ അഞ്ച് കളിക്കാരെ മൂന്ന് മത്സരങ്ങളിൽ നിന്ന് സസ്പെൻഡ് ചെയ്തു. സഞ്ജു സാംസണും, സൽമാൻ നിസാറും ഉൾപ്പെടെ എട്ട് കളിക്കാർക്ക് അടുത്ത മൂന്ന് മത്സരങ്ങളിൽ മുഴുവൻ മാച്ച് ഫീസും പിഴയായി ചുമത്തുകയും ചെയ്തു.
റൈഫി ഗോമസ്, സന്ദീപ് വാരിയർ, രോഹൻ പ്രേം, കെഎം ആസിഫ്, മുഹമ്മദ് അസറുദ്ദീൻ എന്നിവരാണ് സസ്പെൻഡ് ചെയ്യപ്പെട്ട അഞ്ച് കളിക്കാർ. പിഴ ലഭിച്ച എട്ട് കളിക്കാർ അഭിഷേക് മോഹൻ, കെസി അക്ഷയ്, ഫാബിദ് അഹമ്മദ്, എംഡി നിധീഷ്, സൽമാൻ നിസാർ, സിജോമോൻ ജോസഫ്, വിഎ ജഗദീഷ്, സാംസൺ എന്നിവരാണ്.
എല്ലാ കളിക്കാരിൽ നിന്നും പിരിച്ചെടുത്ത ഫീസ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി. ഒരു ടൂർണമെന്റ് ഒഴിവാക്കിയതിന് സൽമാനും, സാംസണും ഉൾപ്പെടെ താരങ്ങൾക് കെസിഎ കാരണം കാണിക്കൽ നോട്ടീസും നൽകിയിരുന്നു.