സഞ്ജു ഒരിക്കലും വിമർശകരെ ജയിക്കില്ല; മറ്റാർക്കുമില്ലാത്ത ഒരു ബാധ്യത അയാൾക്കുണ്ട്
സഞ്ജു സാംസണിന് ബാറ്റ് ചെയ്യാൻ അറിയാം. സ്പിന്നും പേസും ഒരുപോലെ നേരിടാനും പന്ത് അതിർത്തി കടത്താനും അദ്ദേഹത്തിന് അറിയാം.. എന്നാൽ, മറ്റു പലരെയും പോലെ ഇന്ത്യൻ ക്രിക്കറ്റിലെ മേലാളന്മാരുടെ ഇഷ്ടക്കാരനാവാനുള്ള എന്തോ ഒരു കാര്യം (അതെന്താണെന്ന് നമുക്കും അറിയില്ല), അതു മാത്രം അദ്ദേഹം പഠിച്ചില്ല. അല്ലെങ്കിൽ, 10 വർഷത്തിലേറെയായി സഞ്ജു ഇന്ത്യൻ ക്രിക്കറ്റിലെ പ്രധാന സംസാര വിഷയങ്ങളിൽ ഒന്നായി തന്നെ നിലനിൽക്കുന്നു.. ഒന്നാലോചിച്ചു നോക്കൂ.. മറ്റേതെങ്കിലും ടീമായിരുന്നെങ്കിൽ ഇത്രയും പ്രതിഭാധനനായ ഒരു ക്രിക്കറ്റർ രാജ്യത്തിനുനായി എന്തെല്ലാം നേടിയേനെ.. തുടർ സെഞ്ചുറികളും, പോയ വർഷം ഇന്ത്യൻ ടീമിലെ മികച്ച ടി20 റൺ വേട്ടക്കാരനും ആയിരുന്നിട്ടും സഞ്ജുവിന് മാത്രം എന്തുകൊണ്ടാണ് ഇപ്പോഴും അവസരത്തിനായി കേഴേണ്ടിവരുന്നത്?
അവസരങ്ങളുടെ അഭാവം
സാംസണിന് ദേശീയ ടീമിൽ സ്ഥാനം ഉറപ്പിക്കാൻ കഴിയാത്തതിന് പ്രധാന കാരണം അവസരങ്ങളുടെ അഭാവമാണ്. നിരവധി പ്രതിഭാധനരായ കളിക്കാർ നിറഞ്ഞ ഇന്ത്യൻ ടീമിൽ അവസരങ്ങൾ ലഭിക്കുന്നത് അപൂർവമാണ്. ഒരു സ്ഥിരം കളിക്കാരന് പരിക്കേൽക്കുമ്പോഴോ ഫോമില്ലാത്തപ്പോഴോ ആണ് സഞ്ജുവിനെ പരിഗണിക്കുന്നത് പോലും.
പ്രതിഭാധാരാളിത്തം എന്ന ഒറ്റവാക്ക് മാത്രം പോരാ, സഞ്ജുവിനോട് കാണിച്ച അവഗണന പൂർണ്ണമായും വിശദീകരിക്കാൻ. ഏകദിന ലോകകപ്പ് കളിക്കാൻ ഐപിഎൽ മികവിന്റെ പേരിൽ 37-ാം വയസ്സിൽ ദിനേശ് കാർത്തികിനെ പോലും തിരിച്ചുവിളിച്ചത് നമ്മൾ കണ്ടതാണ്.
സ്ഥിരതയില്ലായ്മ എന്ന സ്ഥിരം പല്ലവി
സെലക്ടർമാർക്ക് ഒരു കളിക്കാരന്റെ കരിയറിനെ എങ്ങനെ സ്വാധീനിക്കാൻ കഴിയുമെന്നതിന്റെ ഉത്തമ ഉദാഹരണമാണ് സഞ്ജു.സഞ്ജുവിന്റെ കാര്യത്തിൽ, അദ്ദേഹത്തെ ഒരു മികച്ച ക്രിക്കറ്ററാക്കി മാറ്റാൻ ഒരു യഥാർത്ഥ ശ്രമവും മാനേജ്‌മെന്റിന്റെ ഭാഗത്തുനിന്നും ഉണ്ടായില്ല എന്ന് പറയേണ്ടിവരും. സഞ്ജുവിന് ലഭിക്കുന്ന ഓരോ അവസരവും ‘ഡു ഓർ ഡൈ’ ആയിരുന്നു. അതിസമ്മർദ്ധം തലയിലേറ്റി അദ്ദേഹത്തെ വീണ്ടും വീണ്ടും പരാജയപ്പെടാൻ അനുവദിക്കുകയും പെട്ടെന്ന് തന്നെ സ്ഥിരതയില്ലാത്തവൻ എന്ന് മുദ്രകുത്തുകയും ചെയ്തു. ഇതിഹാസങ്ങളും ക്രിക്കറ്റ് പണ്ഡിതന്മാരും പോലും അദ്ദേഹത്തിന്റെ ഒഴിവാക്കലിനെ ന്യായീകരിക്കാൻ ഈ വിശേഷണം ഉപയോഗിച്ചു.
സ്ഥിരതയില്ലായ്മ എന്നത് വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്ന ഒരു പദമാണ്. അത് അസൗകര്യമുള്ള കളിക്കാരെ പുറത്താക്കാൻ ഉപയോഗിക്കുന്നു. വൈറ്റ് ബോൾ ക്രിക്കറ്റിൽ, ഉയർന്ന റിസ്ക് ഉള്ള ആക്രമണ ചുമതലയിൽ, സ്ഥിരത ഒരിക്കലും ഏക മാനദണ്ഡമാകരുത്. എന്നാൽ സഞ്ജുവിനെ പുറത്തുനിർത്താൻ ഉപയോഗിക്കുന്ന സ്ഥിരം മാനദണ്ഡം അതാണ്.
മറ്റാർക്കും മാനദണ്ഡമാവാത്ത സ്ഥിരത എങ്ങനെ സഞ്ജുവിൽ മാത്രം അടിച്ചേല്പിക്കപ്പെടുന്നു. മറ്റു ക്രിക്കറ്റർമാർ തുടർച്ചയായി പരാജയപ്പെടുമ്പോൾ ‘ഞങ്ങൾ പ്രതിഭയിലാണ് ഇൻവെസ്റ്റ് ചെയ്യുന്നത്’ എന്നാണ് വാദം.. അതാണ് ശരിയും.. അല്ലാതെ, സ്ഥിരതയായിരുന്നു മാനദണ്ഡമെങ്കിൽ, പന്തിന്റെ പ്രതിഭ ഇന്ത്യൻ ക്രിക്കറ്റിന് നഷ്ടമാകുമായിരുന്നു. തുടർച്ചയായ പരാജയങ്ങൾക്കും പരിക്കുകൾക്കും ഇടയ്ക്കിടെ മിന്നുന്ന പ്രകടനങ്ങൾക്കും ശേഷം കെ എൽ രാഹുൽ എങ്ങനെയാണ് ടീമിൽ തന്റെ സ്ഥാനം നിലനിർത്തുന്നത്? പന്തിന് മുന്നിൽ കാർത്തിക്ക് എങ്ങനെയാണ് എല്ലാ ഏകദിന ലോകകപ്പ് മത്സരങ്ങളും കളിച്ചത്? ടീം മാനേജ്‌മെന്റിന്റെ വിശ്വാസം നിങ്ങൾക്ക് ഉണ്ടെങ്കിൽ സ്ഥിരത ഒരു പ്രശ്നമല്ല എന്നാണ് ഇത് തെളിയിക്കുന്നത്.
രണ്ട് സെഞ്ച്വറികളും രണ്ട് ഡക്കുകളും
വിമർശകർക്ക് ആവശ്യത്തിന് വെടിമരുന്ന് ഇട്ടുകൊടുക്കുന്ന കാര്യത്തിൽ സഞ്ജുവും ഒട്ടും പിറകിലല്ല. ലഭിച്ച ചുരുക്കം അവസരങ്ങൾ പൂർണ്ണമായി ഉപയോഗിക്കാൻ സഞ്ജുവും ശ്രമിക്കാറില്ല എന്ന് തോന്നും. സെലക്ടർമാർക്ക് പണി എളുപ്പമാവും. തുടർച്ചയായ അവസരങ്ങൾ എന്നത് തനിക്ക് വേണ്ടിയുള്ളതല്ല, അത് പ്രിയപ്പെട്ടവർക്കായി നീക്കിവച്ചിരിക്കുന്നു എന്ന് സഞ്ജു മനസ്സിലാക്കേണ്ടിയിരിക്കുന്നു. അല്ലെങ്കിൽ, ഇഷാൻ കിഷനും മറ്റുള്ളവർക്കും ലഭിക്കുന്ന ആവർത്തിച്ചുള്ള അവസരങ്ങൾ എങ്ങനെ വിശദീകരിക്കും? കിഷന് പരിക്കേറ്റതിനെത്തുടർന്ന് ഉൾപ്പെടുത്തുന്നതുവരെ സഞ്ജു ദുലീപ് ട്രോഫി ടീമുകളിൽ പോലും ഉണ്ടായിരുന്നില്ല എന്നത് ആരെയും ഞെട്ടിച്ചില്ലല്ലോ? ഓർക്കുക ഇന്ത്യക്കായി ആദ്യ ഇലവനിൽ കളിക്കുന്ന കാര്യമല്ല, അവരെ ഒഴിവാക്കി അറുപതോളം താരങ്ങളെ തെരഞ്ഞെടുക്കുമ്പോൾ അതിൽ ഉൾപ്പെടാൻ സഞ്ജുവിന് അവകാശമില്ല എന്ന് കരുതാൻ കഴിയുമോ?
ചുരുങ്ങിയ അവസരങ്ങളിൽ നേടിയ മൂന്ന് ടി20 അന്താരാഷ്ട്ര സെഞ്ച്വറികൾ പോലും സഞ്ജുവിന്റെ വിമർശകരെ തൃപ്തിപ്പെടുത്തിയിട്ടില്ല. അദ്ദേഹത്തിന്റെ രണ്ട് സെഞ്ച്വറികൾക്ക് ശേഷം രണ്ട് ഡക്കുകൾ വന്നത് മാത്രമാണ് ദോഷൈകദൃക്കുകൾ ഇപ്പോൾ കാണുന്നത്. കേരള താരത്തിന്റെ മനോവീര്യം തകർക്കാൻ വിമർശകർ പെട്ടെന്ന് തന്നെ സ്ഥിരതയില്ലായ്മ എന്ന പഴയ വിമർശനം പൊടിതട്ടിയെടുത്തു കഴിഞ്ഞു.
ഗംഭീറും സൂര്യയും രക്ഷകരുടെ റോളിൽ
വിമർശനങ്ങളോട് സഞ്ജു പ്രതികരിക്കുന്ന രീതി പാടെ മാറിയിരിക്കുന്നു. രണ്ട് തുടർ ഡക്കുകളുടെ പേരിൽ വിമർശിക്കപ്പെട്ടപ്പോൾ മിന്നൽ സെഞ്ചുറിയുമായാണ് സഞ്ജു ഇത്തവണ വിമർശകരുടെ വായടപ്പിച്ചത്. നേരത്തെ, അദ്ദേഹത്തിന് ഒരിക്കലും തെറ്റ് ചെയ്യാൻ ഇടമില്ലായിരുന്നു. പേരിന് പരാജയപ്പെടാൻ കാത്തിരുന്ന പോലെ അദ്ദേഹം ടീമിന് പുറത്താകും. എന്നാൽ, പുതിയ പരിശീലകൻ ഗൗതം ഗംഭീറിന്റെയും ക്യാപ്റ്റൻ സൂര്യകുമാർ യാദവിന്റെയും കീഴിൽ അത് മാറിയതായി തോന്നുന്നു.
ഗംഭീറും യാദവും സഞ്ജുവിന്റെ കഴിവുകളുടെ വലിയ ആരാധകരാണ്. ശ്രീലങ്കയിലെ രണ്ട് പരാജയങ്ങൾക്ക് ശേഷവും, ഇരുവരും സാംസണുമായി ഫോണിൽ സംസാരിക്കുകയും അദ്ദേഹത്തിന്റെ മോശം ഫോം മറികടക്കാൻ നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു. മാത്രമല്ല, പരാജയപ്പെട്ടാലും അദ്ദേഹത്തിന് തുടർച്ചയായി അവസരങ്ങൾ വാഗ്ദാനം ചെയ്തു. അത് ഫലിച്ചുവെന്ന് വേണം കരുതാൻ. ഒരു കലണ്ടർ വർഷത്തിൽ മൂന്ന് ടി20 അന്താരാഷ്ട്ര സെഞ്ച്വറികൾ - പുതിയ ലോക റെക്കോർഡുമായാണ് സഞ്ജു ക്യാപ്ടന്റെയും, കോച്ചിന്റെയും വിശ്വാസം കാത്തത്. നേരത്തെ ടീം മാനേജ്‌മെന്റുകളിൽ നിന്നും താരത്തിന് ഇതേ ആത്മവിശ്വാസം ലഭിച്ചിരുന്നെങ്കിൽ..
സഞ്ജുവിന്റെ പിതാവിന്റെ അസ്ഥാനത്തുള്ള പൊട്ടിത്തെറി
സഞ്ജുവിന്റെ പിതാവിന്റെ പൊട്ടിത്തെറി അമ്പരപ്പിക്കുന്നതാണ്. സഞ്ജു അന്താരാഷ്ട്ര ക്രിക്കറ്റിൽ വലിയ സ്കോറുകൾ നേടാൻ തുടങ്ങിയപ്പോൾ തന്നെ, അദ്ദേഹത്തിന്റെ പിതാവ് ക്യാപ്റ്റൻമാരായ മഹേന്ദ്ര സിംഗ് ധോണി, വിരാട് കോഹ്‌ലി, രോഹിത് ശർമ്മ, പരിശീലകൻ ദ്രാവിഡ് എന്നിവരെ മകന്റെ കരിയറിലെ പത്ത് വർഷം പാഴാക്കിയതിന് കുറ്റപ്പെടുത്തി. ഒരു ചാനലിന് നൽകിയ അഭിമുഖത്തിലെ ആ പൊട്ടിത്തെറി അനുചിതമായിരുന്നു എന്ന് പറയേണ്ടി വരും. സഞ്ജു തന്റെ സ്ഥാനം ഉറപ്പിക്കുമെന്ന് തോന്നിക്കുമ്പോൾ താരത്തിന് മുകളിൽ അതിസമ്മർദ്ധം വരുത്താനേ ഇത്തരം സമീപനങ്ങൾ ഉപകരിക്കൂ..
ധോണി, കോഹ്‌ലി, ശർമ്മ, ദ്രാവിഡ് എന്നിവർ സഞ്ജുവിനെ ഇഷ്ടപ്പെട്ടിട്ടില്ലായിരിക്കാം. പക്ഷേ അവരുടെ ഉദ്ദേശ്യങ്ങളെയും സമഗ്രതയെയും വിശ്വസിക്കുന്ന വലിയൊരു വിഭാഗം ഇവിടെയുണ്ട്. അവരുടെ തീരുമാനങ്ങൾ ടീമിന്റെ നന്മയ്ക്കുവേണ്ടിയായിരുന്നുവെന്ന് വാദിക്കാനും സമർത്ഥിക്കാനും അവർക്ക് ധാരാളം കാരണങ്ങളും ഉണ്ടാവും. സഞ്ജുവിനെ ഇനിയെങ്കിലും ആരെങ്കിലും അകമഴിഞ്ഞ് പിന്തുണക്കുന്നുണ്ടെങ്കിൽ അവർക്ക് കൂടി സമ്മർദ്ധമാകും ഇത്തരം പേരെടുത്തുള്ള വിമർശങ്ങൾ.
കഴിഞ്ഞത് കഴിഞ്ഞു.. വിശ്വനാഥ് സാംസൺ തന്റെ മകന് ഒടുവിൽ അർഹമായ അംഗീകാരം ലഭിക്കുന്നതിൽ സന്തോഷിക്കുകയാണ് വേണ്ടത്. ശർമ്മയുടെ വിരമിക്കലിനെത്തുടർന്ന് ഒഴിവുവന്ന ഇന്ത്യയുടെ ടി20 ഓപ്പണറുടെ സ്ഥാനം സ്വന്തമാക്കാൻ സാംസൺ ഈ അവസരം ഉപയോഗപ്പെടുത്തണം.
സഞ്ജുവിന്റെ ഷോട്ടുകൾ അതിശയകരമായിരിക്കാം, പക്ഷേ അത് മാത്രം പോരാ. അദ്ദേഹം തുടർച്ചയായി സ്‌കോർ ചെയ്യേണ്ടിയിരിക്കുന്നു.. മറ്റാരും അങ്ങനെയല്ലല്ലോ എന്ന ചോദ്യത്തിന് പ്രസക്തിയില്ല. ആക്രമണ മനോഭാവത്തിനും, അനാവശ്യമായ പുറത്താകലുകൾക്കും ഇടയിലെ ബാലൻസ് അദ്ദേഹം കണ്ടെത്തണം. അങ്ങനെയാണ് മഹാരഥന്മാർ ഉടലെടുത്തത്.. കുറച്ചുകാലം കഴിഞ്ഞു വിരമിച്ചാലും സഞ്ജു വിശ്വനാഥ് സാംസൺ എന്ന പേര് ലോകത്തെല്ലായിടത്തുമുള്ള ക്രിക്കറ്റ് സ്റേഡിയങ്ങളിൽ തങ്കലിപികളാൽ എഴുതപ്പെടണം. അയാളിലെ പ്രതിഭ അത് അർഹിക്കുന്നുണ്ട്..