ചാമ്പ്യന്‍സ് ട്രോഫിയില്‍ ബുംറ കളിച്ചാല്‍ അത്ഭുതമായിരിക്കും, തുറന്നടിച്ച് ബിസിസിഐ
ഇന്ത്യന്‍ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ ചാമ്പ്യന്‍സ് ട്രോഫിയ്ക്കായി കളിയ്ക്കുമോയെന്ന കാര്യത്തില്‍ ആശങ്കപ്പെടുത്തുന്ന റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്. ബുംറയുടെ പരിക്ക് ഗുരുതരമാണെന്നും ടൂര്‍ണമെന്റില്‍ കളിക്കാന്‍ സാധ്യത കുറവാണെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഇതോടെ അജിത് അഗാര്‍ക്കര്‍ നയിക്കുന്ന സെലക്ഷന്‍ കമ്മിറ്റി ഒരു ബാക്കപ്പ് താരത്തെ കണ്ടെത്താനുള്ള ശ്രമം ആരംഭിച്ച് കഴിഞ്ഞു.
ന്യൂസിലന്‍ഡില്‍ പരിശോധന
ഈ മാസം ആദ്യം ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ ബുംറയ്ക്ക് പുറത്ത് പരിക്കേറ്റിരുന്നു. ഇതോടെ വിദഗ്ദ ചികിത്സയ്ക്കായി ന്യൂസിലന്‍ഡിലെ ഓര്‍ത്തോപീഡിക് സര്‍ജന്‍ ഡോ. റോവന്‍ ഷൗട്ടനെ കണ്ട് ബുംറ പരിശോധന നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്.
'ബിസിസിഐ മെഡിക്കല്‍ ടീം ന്യൂസിലന്‍ഡിലെത്തി ഷൗട്ടനുമായി ബന്ധപ്പെട്ടിട്ടുണ്ട്. ബുംറയെ ന്യൂസിലന്‍ഡിലേക്ക് അയയ്ക്കാനും ബോര്‍ഡ് ആലോചിച്ചിരുന്നു. എന്നാല്‍ അത് ഇതുവരെ സംഭവിച്ചിട്ടില്ല. ഇതോടെ ബുംറ പൂര്‍ണ ഫിറ്റ്‌നസ് നേടുമെന്ന് സെലക്ടര്‍മാര്‍ക്ക് പ്രതീക്ഷയില്ല' ഒരു ബിസിസിഐ വൃത്തം പ്രമുഖ ഇംഗ്ലീഷ് മാധ്യമമായ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.
ബുംറയ്ക്ക് പകരം ആര്?
ബുംറയ്ക്ക് പകരം ഹര്‍ഷിത് റാണയെയോ മുഹമ്മദ് സിറാജിനെയോ ടീമില്‍ ഉള്‍പ്പെടുത്താന്‍ സാധ്യതയുണ്ട്. റാണയെ ഇംഗ്ലണ്ടിനെതിരായ ഏകദിന ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സിറാജിനെ ചാമ്പ്യന്‍സ് ട്രോഫി ടീമില്‍ നിന്ന് ഒഴിവാക്കിയിരുന്നു.
ഇംഗ്ലണ്ട് പര്യടനം ലക്ഷ്യം
ജൂണില്‍ ഇംഗ്ലണ്ടില്‍ നടക്കുന്ന പര്യടനത്തില്‍ ബുംറയെ കളിപ്പിക്കാന്‍ ടീം മാനേജ്‌മെന്റിന് ആഗ്രഹമുണ്ട്. അതിനാല്‍, അദ്ദേഹത്തെ അമിത സമ്മര്‍ദ്ദത്തിലാക്കാന്‍ അവര്‍ തയ്യാറല്ല.
'ബുംറയുടെ റിപ്പോര്‍ട്ടുകള്‍ ന്യൂസിലന്‍ഡിലെ ഡോക്ടര്‍ക്ക് അയയ്ക്കും. ഫീഡ്ബാക്ക് അനുസരിച്ചായിരിക്കും ബുംറയെ ന്യൂസിലന്‍ഡിലേക്ക് അയക്കുന്നത്. ദീര്‍ഘകാല ലക്ഷ്യങ്ങള്‍ കണക്കിലെടുത്ത് ബോര്‍ഡും ബുംറയെ അമിത സമ്മര്‍ദ്ദത്തിലാക്കാന്‍ തയ്യാറല്ല' ബിസിസിഐ വൃത്തം പറഞ്ഞു.
'പൂര്‍ണ്ണ ഫിറ്റ്‌നസ് നേടിയാല്‍ മാത്രമേ ബുംറയെ സെലക്ഷന് വിട്ടുനല്‍കൂ. ഇതോടെ ഇനി ചാമ്പ്യന്‍സ് ട്രോഫിയില്‍ ബുംറ കളിക്കുമെങ്കില്‍ അത് ഒരു അത്ഭുതമായിരിക്കും' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.