ചാമ്പ്യന്‍സ് ട്രോഫി, സര്‍പ്രൈസ് എന്‍ട്രിയായി മറ്റൊരു മലയാളി താരം കൂടി?
ഒരിക്കല്‍ ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഭാവി താരമെന്ന് വിലയിരുത്തപ്പെട്ട മലയാളി താരം കരുണ്‍ നായര്‍ വീണ്ടും ദേശീയ സെലക്ടര്‍മാരുടെ ശ്രദ്ധ നേടുകയാണ്. 2016-ല്‍ ഇംഗ്ലണ്ടിനെതിരെ ട്രിപ്പിള്‍ സെഞ്ച്വറി നേടി ഞെട്ടിച്ച താരമാണ് കരുണ്‍. പിന്നീട് മറ്റെന്തോ കാര്യങ്ങളാല്‍ ദേശീയ ടീമില്‍ നിന്ന് പുറത്തായി.
എന്നാല്‍, വിജയ് ഹസാരെ ട്രോഫിയിലെ അഞ്ച് സെഞ്ച്വറികള്‍ അദ്ദേഹത്തിന്റെ കരിയറിനെ മറ്റൊരു തലത്തിലേക്ക് എത്തിച്ചിരിക്കുകയാണ്. ഇതോടെ കരുണ്‍ വീണ്ടും ചര്‍ച്ചയായി മാറി കഴിഞ്ഞു.
സേവാഗിന് ശേഷം ടെസ്റ്റ് ക്രിക്കറ്റില്‍ ട്രിപ്പിള്‍ സെഞ്ച്വറി നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമെന്ന നേട്ടം കൈവരിച്ച കരുണിന്, പിന്നീട് ദേശീയ ടീമില്‍ സ്ഥാനം നിലനിര്‍ത്താനായില്ല. ഒരു ഘട്ടത്തില്‍ കര്‍ണാടക രഞ്ജി ടീമില്‍ നിന്നും പുറത്തായ അദ്ദേഹം, ഇംഗ്ലണ്ടിലെ കൗണ്ടി ക്രിക്കറ്റിലേക്ക് പോയി. നോര്‍ത്താംപ്റ്റണ്‍ഷെയറിനായി കളിച്ച് ആത്മവിശ്വാസം വീണ്ടെടുത്ത കരുണ്‍, എബി കുരുവിളയുടെ സഹായത്തോടെ വിദര്‍ഭ ടീമിലെത്തി.
കഴിഞ്ഞ രഞ്ജി സീസണില്‍ വിദര്‍ഭയ്ക്കായി 690 റണ്‍സ് നേടിയ കരുണ്‍, വിജയ് ഹസാരെ ട്രോഫിയില്‍ അഞ്ച് സെഞ്ച്വറികളുമായി തിളങ്ങി. എട്ട് മത്സരങ്ങളില്‍ നിന്ന് 637 റണ്‍സാണ് അദ്ദേഹത്തിന്റെ സമ്പാദ്യം. ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് താരമാണ് കരുണ്‍.
ഇപ്പോള്‍, ചാംപ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ ടീമിലേക്ക് കരുണ്‍ തിരിച്ചെത്തുമോ എന്ന ചോദ്യമാണ് ഉയരുന്നത്. നിലവിലെ ഫോമില്‍, ടീമില്‍ ഇടം നേടാന്‍ അദ്ദേഹം അര്‍ഹനാണെന്ന് പലരും അഭിപ്രായപ്പെടുന്നു. കരുണിന്റെ സര്‍പ്രൈസ് എന്‍ട്രി ചാമ്പ്യന്‍സ് ട്രോഫിയിലുണ്ടാകുമെന്ന് ചിലര്‍ പ്രവചിക്കുന്നുണ്ട്.