വിരമിച്ച അശ്വിന്‍ ഐപിഎല്ലില്‍ സിഎസ്‌കെയ്ക്കായി കളിക്കുമോ?
ബ്രിസ്‌ബേന്‍: ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ടെസ്റ്റിന് ശേഷം അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചിരിക്കുകയാണല്ലോ ഇന്ത്യന്‍ സൂപ്പര്‍ താരം ആര്‍ അശ്വിന്‍. ഇതോടെ അശ്വിന്‍ ഇനി ഐപിഎല്ലില്‍ കളിക്കുമോയെന്ന സംശയവും ഉയരുന്നുണ്ട്.
എന്നാല്‍ ഇത്തവണ ഐപിഎല്ലില്‍ അശ്വിന്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനായി കളിക്കുമെന്ന് സ്ഥിരീകരിച്ചു കഴിഞ്ഞു. ഇതോടെ 2025 മെഗാ ലേലത്തില്‍ സിഎസ്‌കെയില്‍ തിരിച്ചെത്തിയ അശ്വിന്‍ 9 വര്‍ഷത്തിന് ശേഷം എംഎസ് ധോണിക്കൊപ്പം കളിക്കും വീണ്ടും കളിക്കുന്ന കാഴ്ച്ച കാണാന്‍ ക്രിക്കറ്റ് ലോകത്തിന് ഭാഗ്യമുണ്ടാകും.
2015 ന് ശേഷം ആദ്യമായാണ് അശ്വിന്‍ സിഎസ്‌കെ ജേഴ്‌സി അണിയുന്നത്. 9.75 കോടി രൂപയ്ക്കാണ് രാജസ്ഥാന്‍ റോയല്‍സിനെ മറികടന്ന് സിഎസ്‌കെ അശ്വിനെ സ്വന്തമാക്കിയത്.
റുതുരാജ് ഗെയ്ക്വാഡിന്റെ നേതൃത്വത്തിലാകും അശ്വിന്‍ അടുത്ത സീസണില്‍ കളിക്കുക. 2024 ല്‍ ധോണിക്ക് പകരം റുതുരാജിനെ സിഎസ്‌കെ ക്യാപ്റ്റനാക്കിയിരുന്നു.
2009 ല്‍ സിഎസ്‌കെയ്ക്കൊപ്പമാണ് അശ്വിന്‍ ഐപിഎല്‍ യാത്ര ആരംഭിച്ചത്. 2010 ലും 2011 ലും സിഎസ്‌കെ ഐപിഎല്‍ കിരീടം നേടിയപ്പോള്‍ നിര്‍ണായക പങ്കുവഹിച്ചു. 2015 വരെ സിഎസ്‌കെയ്‌ക്കൊപ്പം തുടര്‍ന്നു. 2016 ല്‍ റൈസിംഗ് പൂനെ സൂപ്പര്‍ജയന്റ്‌സിനായും കളിച്ചു. പരിക്കുമൂലം 2017 സീസണ്‍ നഷ്ടമായി. 2018 മെഗാ ലേലത്തില്‍ സിഎസ്‌കെ അശ്വിനെ തിരികെ ടീമിലെത്തിക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. 2018 ലും 2019 ലും പഞ്ചാബ് കിംഗ്‌സിനെ നയിച്ചു. തുടര്‍ന്ന് രണ്ട് സീസണുകള്‍ ഡല്‍ഹി ക്യാപിറ്റല്‍സിനായും 2022 മുതല്‍ 2024 വരെ രാജസ്ഥാന്‍ റോയല്‍സിനായും കളിച്ചു.