അവനില്ലായിരുന്നെങ്കില്‍ ഈ പരമ്പര ഏകപക്ഷീയമാകുമായിരുന്നു, തുറന്നടിച്ച് മക്ഗ്രാത്ത്
ഓസ്‌ട്രേലിയയ്ക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബുംറയുടെ പ്രകടനത്തെ പ്രശംസ കൊണ്ട് മൂടി ഓസ്‌ട്രേലിയന്‍ ഇതിഹാസം ഗ്ലെന്‍ മക്ഗ്രാത്ത് രംഗത്ത്. ബുംറ ഇല്ലായിരുന്നെങ്കില്‍ ഈ ടെസ്റ്റ് പരമ്പര ഓസ്‌ട്രേലിയ ഏകപക്ഷീയമായി ജയിക്കുമായിരുന്നുവെന്ന് മക്ഗ്രാത്ത് അഭിപ്രായപ്പെട്ടു. നാല് ടെസ്റ്റുകളില്‍ നിന്ന് 12.83 ശരാശരിയില്‍ 30 വിക്കറ്റുകളാണ് ബുംറ ഇതുവരെ വീഴ്ത്തിയിരിക്കുന്നത്.
'ഇന്ത്യന്‍ ടീമിന്റെ അവിഭാജ്യ ഘടകമാണ് ബുംറ. അവന്റെ പ്രകടനമില്ലായിരുന്നെങ്കില്‍ ഈ പരമ്പര ഓസ്‌ട്രേലിയ തൂത്തുവാരുമായിരുന്നു. അതുകൊണ്ട് തന്നെ അവന്റെ പ്രകടനം ഏറെ സ്പെഷ്യലാണ്,' മക്ഗ്രാത്ത് പറഞ്ഞു.
ബുംറയുടെ ബൗളിംഗ് ശൈലിയെ മക്ഗ്രാത്ത് പ്രത്യേകം പ്രശംസിച്ചു. 'റണ്ണപ്പിലെ അവസാന ഘട്ടങ്ങളില്‍ അവന്‍ വേഗത കൈവരിക്കുന്നത് അവിശ്വസനീയമാണ്. ഇരുവശത്തേക്കും പന്ത് സ്വിംഗ് ചെയ്യിക്കാനുള്ള അവന്റെ കഴിവ് അപാരമാണ്. ഞാന്‍ ഇപ്പോള്‍ അവന്റെ കടുത്ത ആരാധകനാണ്.'
എംആര്‍എഫ് പേസ് ഫൗണ്ടേഷനുമായുള്ള തന്റെ ബന്ധം ചൂണ്ടിക്കാട്ടി ഇന്ത്യന്‍ പേസ് ബൗളിംഗിന്റെ ഭാവിയെക്കുറിച്ച് മക്ഗ്രാത്ത് ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചു. ഫൗണ്ടേഷന്റെ കണ്ടെത്തലായ പ്രസിദ്ധ് കൃഷ്ണ ഇപ്പോള്‍ ഇന്ത്യന്‍ ടീമിലുണ്ട്. 140 കോടി ജനങ്ങളുള്ള ഇന്ത്യയില്‍ പ്രതിഭകള്‍ക്ക് ഒരു കുറവുമില്ലെന്നും യശസ്വി ജയ്സ്വാള്‍ പോലുള്ള നിര്‍ഭയരായ ബാറ്റ്‌സ്മാന്‍മാരും ഇന്ത്യക്കൊപ്പമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ ഓസ്‌ട്രേലിയ 2-1ന് മുന്നിലാണ്. ജനുവരി അഞ്ചിന് സിഡ്‌നിയില്‍ ആരംഭിക്കുന്ന അവസാന ടെസ്റ്റാണ് ഇനി അവശേഷിക്കുന്നത്.