WTCയില്‍ ഇന്ത്യയ്ക്ക് എന്ത് സംഭവിക്കും, ഫൈനലിലെത്താനുളള സാധ്യതയിതാണ്
മുംബൈയില്‍ ന്യൂസിലന്‍ഡിനോട് 25 റണ്‍സിന് പരാജയപ്പെട്ടതോടെ ഇന്ത്യയ്ക്ക് ടെസ്റ്റ് പരമ്പരയില്‍ സ്വന്തം നാട്ടില്‍ 3-0 എന്ന നാണംകെട്ട തോല്‍വി ഏറ്റുവാങ്ങിയിരിക്കുകയാണല്ലോ. ഈ തോല്‍വിയോടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് (WTC) പട്ടികയില്‍ ഇന്ത്യ രണ്ടാം സ്ഥാനത്തേക്കും പിന്തള്ളപ്പെട്ടു. 14 മത്സരങ്ങളില്‍ നിന്ന് 58.33 എന്ന ശതമാനമാണ് ഇന്ത്യയ്ക്കുള്ളത്. ഓസ്‌ട്രേലിയ 62.50 എന്ന ശതമാനത്തോടെ ഒന്നാം സ്ഥാനത്തും ശ്രീലങ്ക 55.56 ശതമാനത്തോടെ മൂന്നാം സ്ഥാനത്തുമാണ്.
ന്യൂസിലന്‍ഡിനെതിരായ പരമ്പരയ്ക്ക് മുമ്പ്, ലോര്‍ഡ്സില്‍ നടക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലെത്താന്‍ ഇന്ത്യക്ക് ശക്തമായ സാധ്യതയുണ്ടായിരുന്നു. എന്നാല്‍ കിവീസിനോടേറ്റുവാങ്ങിയ പരമ്പര തോല്‍വി ഇന്ത്യയുടെ ഫൈനല്‍ പ്രതീക്ഷകള്‍ക്ക് മേല്‍ കരിനിഴല്‍ വീഴ്ത്തിയിരിക്കുകയാണ്.
അടുത്ത വര്‍ഷം നടക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് 2023-2025 ഫൈനലില്‍ യോഗ്യത നേടാന്‍ ഇന്ത്യ എന്തുചെയ്യണം?
അഞ്ച് മത്സരങ്ങളുടെ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിക്കായി ഇന്ത്യ അടുത്തതായി ഓസ്‌ട്രേലിയയിലേക്ക് പോകും. മറ്റ് ടീമുകളുടെ ഫലങ്ങളെ ആശ്രയിക്കാതെ WTC ഫൈനലില്‍ ഇടം നേടാന്‍ രോഹിത് ശര്‍മ്മയുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ടീമിന് അഞ്ച് മത്സരങ്ങളില്‍ നാലെണ്ണമെങ്കിലും വിജയിക്കേണ്ടതുണ്ട്.
ഇത് നേടാന്‍ കഴിയുന്നില്ലെങ്കില്‍, മറ്റ് പരമ്പരകളില്‍ നിന്നുള്ള അനുകൂല ഫലങ്ങളെ ഇന്ത്യയ്ക്ക് ആശ്രയിക്കേണ്ടിവരും, പ്രത്യേകിച്ച് മറ്റ് മത്സരാര്‍ത്ഥികള്‍ ഉള്‍പ്പെടുന്നവ. ഉദാഹരണത്തിന്, ഈ WTC സൈക്കിളില്‍ ശ്രീലങ്ക ഓസ്‌ട്രേലിയയ്ക്കും ദക്ഷിണാഫ്രിക്കയ്ക്കും എതിരെ കളിക്കും, ഈ ഫലങ്ങള്‍ ഇന്ത്യയുടെ തുടര്‍ച്ചയായ മൂന്നാം WTC ഫൈനലിലെത്താനുള്ള സാധ്യതകളെ നേരിട്ട് ബാധിക്കും.