ഫോമില്ലാത്ത രോഹിത്ത് അകത്ത്, ജയ്‌സ്വാള്‍ പുറത്ത്, രൂക്ഷ വിമര്‍ശനം
കട്ടക്ക്: ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിന മത്സരത്തില്‍ യാഷസ്വി ജയ്സ്വാളിനെ പുറത്തിക്കിയതിനെ തുടര്‍ന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മക്കെതിരെ സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം. ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ബാക്കപ്പ് ഓപ്പണറായി ടീമിലെടുത്ത ജയ്സ്വാള്‍, നാഗ്പൂരില്‍ നടന്ന ആദ്യ മത്സരത്തില്‍ ഏകദിന അരങ്ങേറ്റം നടത്തിയിരുന്നു.
കട്ടക്കിലെ ബാരാബതി സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ഇന്ത്യ രണ്ട് മാറ്റങ്ങള്‍ വരുത്തി. വരുണ്‍ ചക്രവര്‍ത്തി ഏകദിനത്തില്‍ അരങ്ങേറ്റം കുറിച്ചപ്പോള്‍, വിരാട് കോഹ്ലി ടീമില്‍ തിരിച്ചെത്തി. കോഹ്ലി തിരിച്ചെത്തിയപ്പോള്‍ ജയ്സ്വാളിനെ പുറത്തിക്കിയതാണ് ആരാധകരെ ചൊടിപ്പിച്ചത്.
ആദ്യ മത്സരത്തില്‍ രോഹിത് ശര്‍മ്മയുടെ പ്രകടനം മോശമായിരുന്നു. ഓസ്ട്രേലിയക്കെതിരായ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി പരമ്പരയിലും രോഹിത് ഫോം കണ്ടെത്തിയില്ല. ഇതിനു പിന്നാലെ രഞ്ജി ട്രോഫിയിലും നിരാശപ്പെടുത്തി. ഈ സാഹചര്യത്തില്‍ ജയ്സ്വാളിനെ പുറത്തിക്കിയത് ശരിയല്ലെന്ന് ആരാധകര്‍ പറയുന്നു. രോഹിത് ശര്‍മ്മയുടെ മോശം ഫോമിനെക്കുറിച്ചും ആരാധകര്‍ ചോദ്യങ്ങള്‍ ഉന്നയിക്കുന്നു.
ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിംഗ് തിരഞ്ഞെടുത്തിട്ടുണ്ട്. ഇംഗ്ലണ്ട് ടീമിലും മൂന്ന് മാറ്റങ്ങളുണ്ട്. ജേക്കബ് ബെഥെല്‍, ബ്രൈഡണ്‍ കാര്‍സ്, ജോഫ്ര ആര്‍ച്ചര്‍ എന്നിവര്‍ക്ക് പകരം മാര്‍ക്ക് വുഡ്, ഗസ് അറ്റ്കിന്‍സണ്‍, ജാമി ഓവര്‍ട്ടണ്‍ എന്നിവരെ ടീമില്‍ ഉള്‍പ്പെടുത്തി.
നാഗ്പൂരില്‍ നടന്ന ആദ്യ ഏകദിനത്തില്‍ നാല് വിക്കറ്റിന്റെ വിജയത്തോടെ ഇന്ത്യ 1-0 ന് പരമ്പരയില്‍ മുന്നിലാണ്.