ഇന്ത്യ വീണപ്പോഴും ജയസ്വാള്‍ നേടിയത് അതുല്യ റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍
ന്യൂസിലന്‍ഡിനെതിരെ ടെസ്റ്റ് പരമ്പര ഇന്ത്യയ്ക്ക് നഷ്ടമായെങ്കിലും ഇന്ത്യന്‍ ഓപ്പണര്‍ യശസ്വി ജയ്സ്വാള്‍ ടെസ്റ്റ് ക്രിക്കറ്റില്‍ ചരിത്രം കുറിച്ചിരിക്കുകയാണ്. ഒരു കലണ്ടര്‍ വര്‍ഷത്തില്‍ 30 സിക്സറുകള്‍ പറത്തുന്ന ആദ്യ ഇന്ത്യന്‍ ബാറ്റ്‌സ്മാനായാണ് ജയ്സ്വാള്‍ മാറിയിരിക്കുന്നത്. ന്യൂസിലാന്‍ഡിനെതിരായ രണ്ടാം ടെസ്റ്റില്‍ 77 റണ്‍സ് നേടിയ ജയ്സ്വാള്‍ ആ ഇന്നിംഗ്‌സില്‍ മൂന്ന് സിക്സറുകള്‍ പറത്തി.
ഈ നേട്ടത്തോടെ ജയ്സ്വാള്‍ മറ്റൊരു എലൈറ്റ് പട്ടികയിലും ഇടം നേടി. ഒരു കലണ്ടര്‍ വര്‍ഷം 30 സിക്‌സുകള്‍ നേടുന്ന ലോകത്തിലെ രണ്ടാമത്തെ താരമാണ് ജയ്സ്വാള്‍. 2014 ല്‍ ന്യൂസിലന്‍ഡിന്റെ ബ്രണ്ടന്‍ മക്കല്ലമാണ് ഈ നേട്ടം ആദ്യം കൈവരിച്ചത്.
എന്നാല്‍ ഇന്ത്യയ്ക്ക് പരമ്പര നഷ്ടമായത് ഈ നേട്ടം ആഘോഷിക്കുന്നതിന് വിഘാതമാകുന്നു. പൂനെയില്‍ 113 റണ്‍സിന് തോറ്റതോടെയാണ് ഇന്ത്യ പരമ്പര കൈവിട്ടത്. 13 വിക്കറ്റുകള്‍ വീഴ്ത്തിയ മിച്ചല്‍ സാന്റ്‌നറാണ് ഇന്ത്യയെ തകര്‍ത്തത്.
'ബാറ്റര്‍മാര്‍ക്ക് വേണ്ടത്ര റണ്‍സ് നേടാന്‍ കഴിഞ്ഞില്ല, ഒരിക്കലും പ്രതീക്ഷിക്കാത്ത ഫലം. ന്യൂസിലാന്‍ഡ് ഞങ്ങളെക്കാള്‍ നന്നായി കളിച്ചു' തോല്‍വിയെ കുറിച്ച് രോഹിത്ത് ശര്‍മ്മ പറഞ്ഞതിപ്രകാരമാണ്.
ചരിത്രത്തിലാദ്യമായിട്ടാണ് ന്യൂസിലന്‍ഡ് ഇന്ത്യന്‍ മണ്ണില്‍ പരമ്പര നേടുന്നത്. ബംഗളൂരു ടെസ്റ്റിലും ന്യൂസിലന്‍ഡ് ആധികാരിക വിജയം നേടിയിരുന്നു. പരമ്പരയിലെ അവസാന ടെസ്റ്റ് നവംമ്പര്‍ ഒന്നിന് മുംബൈ, വാംഖഡെ സ്റ്റേഡിയത്തില്‍ ആരംഭിക്കും.