എല്ലാം തകര്‍ത്ത റണ്ണൗട്ട്, ജയ്സ്വാളിന് കോലിയുമായുള്ള തെറ്റിദ്ധാരണ വിനയായി
നാലാം ടെസ്റ്റില്‍ യശസ്വി ജയ്സ്വാള്‍ പുറത്തായതാണ് രണ്ടാം ദിനം ഇന്ത്യയ്ക്ക് തിരിച്ചടിയായത്. 82 റണ്‍സെടുത്ത് സെഞ്ച്വറിയിലേക്ക് കുതിയ്ക്കുകയായിരുന്ന ജയ്‌സ്വാള്‍ നിര്‍ഭാഗ്യകരമായി റണ്‍ഔട്ടാകുകയായിരുന്നു. വിരാട് കോലിയുമായുള്ള തെറ്റിദ്ധാരണയാണ് ജയ്സ്വാളിന്റെ പുറത്താകലിന് കാരണമായത്.
മൂന്നാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 102 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയിരുന്നു. എന്നാല്‍ ജയ്സ്വാളിന്റെ പുറത്താകലോടെ ഇന്ത്യന്‍ നിര തകര്‍ന്നു. രണ്ടാം ദിനം അവസാനിക്കുന്നതിന് തൊട്ടുമുമ്പ് ഇന്ത്യ മൂന്ന് വിക്കറ്റുകള്‍ നഷ്ടപ്പെടുത്തി. 36 റണ്‍സെടുത്ത കോലിയെ സ്‌കോട്ട് ബോളണ്ട് പുറത്താക്കി. പിന്നാലെ നൈറ്റ് വാച്ച് മാന്‍ ആകാശ് ദീപും മടങ്ങുകയായിരുന്നു.
41-ാം ഓവറിന്റെ അവസാന പന്തില്‍ ബോളണ്ടിന്റെ പന്ത് മിഡ് ഓണിലേക്ക് ഫ്‌ലിക്ക് ചെയ്ത ജയ്സ്വാള്‍ ഓട്ടത്തിനായി തിരിഞ്ഞു. എന്നാല്‍ കോലി ഓട്ടത്തിന് തയ്യാറായില്ല. ജയ്സ്വാള്‍ ഇത് ശ്രദ്ധിക്കാതെ നോണ്‍-സ്‌ട്രൈക്കേഴ്സ് എന്‍ഡിലേക്ക് ഓടിയെത്തിയതോടെ ഇരുവരും ഒരേ എന്‍ഡിലായി. ഈ അവസരം മുതലെടുത്ത് ഓസ്‌ട്രേലിയ റണ്‍ഔട്ട് പൂര്‍ത്തിയാക്കി.
ജയ്സ്വാളിന്റെ പുറത്താകല്‍ ഇന്ത്യയുടെ പ്രതീക്ഷകള്‍ക്ക് കനത്ത തിരിച്ചടിയാണ്. മത്സരത്തില്‍ ഇന്ത്യ ഇപ്പോള്‍ പ്രതിരോധത്തിലാണ്. നിലവില്‍ രണ്ടാം ദിനം അവസാനിക്കുമ്പോള്‍ ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 164 റണ്‍സ് എന്ന നിലയിലാണ്.