ഗബ്ബ ടെസ്റ്റിന് ശേഷം മൂന്ന് പേസർമാർ ടീമിൽ നിന്നും തെറിക്കും; നിർണായക തീരുമാനവുമായി ടീം ഇന്ത്യ
ബ്രിസ്‌ബേനിൽ നടക്കുന്ന മൂന്നാം ടെസ്റ്റിന് ശേഷം, ബോർഡർ-ഗാവസ്കർ ട്രോഫിയിൽ നിന്ന് മൂന്ന് ഇന്ത്യൻ യുവ പേസർമാരെ ഒഴിവാക്കുമെന്ന് റിപ്പോർട്ടുകൾ. മുകേഷ് കുമാർ, യശ് ദയാൽ, നവ്ദീപ് സെയ്‌നി എന്നിവരാണ് ടീമിൽ നിന്ന് പുറത്താകുന്നത്. ഡിസംബർ 21 ന് ആരംഭിക്കുന്ന വിജയ് ഹസാരെ ട്രോഫിയിൽ കളിക്കുന്നതിനായാണ് ഈ താരങ്ങളെ ടീമിൽ നിന്ന് ഒഴിവാക്കുന്നത്.
മത്സര പരിചയം നേടുകയാണ് ലക്ഷ്യം
ടീമിൽ ഇടം നേടിയെങ്കിലും ഇതുവരെ ഒരു മത്സരത്തിലും കളിക്കാൻ അവസരം ലഭിക്കാത്ത താരങ്ങളാണ് മുകേഷ് കുമാർ, യശ് ദയാൽ, നവ്ദീപ് സെയ്‌നി എന്നിവർ. വിജയ് ഹസാരെ ട്രോഫിയിൽ കളിക്കുന്നതിലൂടെ ഈ താരങ്ങൾക്ക് കൂടുതൽ മത്സര പരിചയം നേടാനാകുമെന്നാണ് ടീം മാനേജ്‌മെന്റിന്റെ വിലയിരുത്തൽ.
ഓസ്‌ട്രേലിയൻ പിച്ചുകളിൽ തിളങ്ങാൻ പേസ് ത്രയം
സ്വിംഗും സീമും മുതലെടുത്ത് വിക്കറ്റ് വീഴ്ത്താൻ മിടുക്കനായ മുകേഷ് കുമാർ, ഇടംകൈയ്യൻ പേസറായ യശ് ദയാൽ, ഉയരവും വേഗതയുമുള്ള നവ്ദീപ് സെയ്‌നി എന്നിവർ ഓസ്‌ട്രേലിയൻ പിച്ചുകളിൽ തിളങ്ങാൻ സാധ്യതയുള്ളവരാണെന്ന് വിലയിരുത്തലിലാണ് ടീമിലിടം നേടിയത്. എന്നാൽ സീനിയർ ബൗളർമാരായ ബുംറ, സിറാജ് എന്നിവർക്ക് പുറമെ, ഹർഷിത് റാണ, ആകാശ് ദീപ് എന്നിവരെയാണ് മാനേജ്‌മന്റ് ടീമിലേക്ക് പരിഗണിച്ചത്. 2020-21 ബോർഡർ-ഗാവസ്കർ ട്രോഫിയിൽ ഗാബ ടെസ്റ്റിലൂടെ അരങ്ങേറ്റം കുറിച്ച നവ്ദീപ് സെയ്‌നിക്ക് പരിക്കേറ്റതിനെ തുടർന്ന് പരമ്പര പൂർത്തിയാക്കാനായിരുന്നില്ല.
ബാക്കിയുള്ള പേസർമാർ
നിലവിൽ ബ്രിസ്‌ബേനിൽ നടക്കുന്ന ടെസ്റ്റിൽ ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, ആകാശ് ദീപ് എന്നിവരാണ് ഇന്ത്യയുടെ പേസ് നിരയിലുള്ളത്. ഇവരെ കൂടാതെ ഹർഷിത് റാണ, പ്രസിദ്ധ് കൃഷ്ണ എന്നിവരും ടീമിലുണ്ട്. ആദ്യ രണ്ട് ടെസ്റ്റുകളിൽ കളിച്ച റാണയെ മോശം പ്രകടനത്തെ തുടർന്ന് പുറത്തിരുത്തിയിരുന്നു. കൃഷ്ണയ്ക്ക് ഇതുവരെ അവസരം ലഭിച്ചിട്ടില്ല.
ബുംറയാണ് ഇന്ത്യയുടെ പ്രധാന ആയുധം
പരമ്പരയിൽ ഇതുവരെ മികച്ച പ്രകടനം കാഴ്ചവച്ച പേസറാണ് ജസ്പ്രീത് ബുംറ. പെർത്തിൽ നടന്ന ആദ്യ ടെസ്റ്റിൽഇന്ത്യയുടെ വിജയത്തിൽ ബുംറ നിർണായക പങ്ക് വഹിച്ചു. ഈ മത്സരത്തിൽ എട്ട് വിക്കറ്റുകൾ വീഴ്ത്തിയ ബുംറ മാൻ ഓഫ് ദ മാച്ച് പുരസ്കാരത്തിനും അർഹനായി. ഓസ്‌ട്രേലിയയിൽ കളിച്ച് മുൻ പരിചയമുള്ള മുഹമ്മദ് സിറാജ് ആണ് ഇന്ത്യൻ നിരയിലെ രണ്ടാമത്തെ പ്രധാന ബൗളർ.
പരമ്പര നിലവിൽ ഇരു ടീമുകളും ഓരോ ടെസ്റ്റ് വീതം ജയിച്ച് 1-1 ന് സമനിലയിലാണ്. പെർത്തിൽ ഇന്ത്യ വിജയിച്ചപ്പോൾ അഡ്‌ലെയ്ഡിൽ ഓസ്‌ട്രേലിയ തിരിച്ചടിക്കുകയായിരുന്നു.